തിരുവനന്തപുരം: കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്ത് നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനില്‍ (എന്‍ടിപിസി) നിന്ന് ഉയര്‍ന്ന നിരക്കില്‍ അടിയന്തരമായി വൈദ്യുതി വാങ്ങാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയേക്കും. യൂണിറ്റിന് 30 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങുന്നത് കെഎസ്ഇബിക്ക് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന ബോര്‍ഡിന്റെ വിലയിരുത്തല്‍ സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചതായാണ് സൂചന. യൂണിറ്റിന് 30 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങേണ്ടിവന്നാല്‍ പ്രതിദിനം 12 കോടി രൂപയിലധികം അധിക ചെലവ് വരുമെന്ന് കെഎസ്ഇബി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഈ ബാധ്യത ഒടുവില്‍ വൈദ്യുതി നിരക്കിലൂടെയോ മറ്റ് സാമ്പത്തിക ക്രമീകരണങ്ങളിലൂടെയോ ഉപഭോക്താക്കളിലേക്കെത്താന്‍ സാധ്യതയുണ്ടെന്ന ആശങ്കയും ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നു.
ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിലൂടെ ബോര്‍ഡിന് ഉണ്ടാകുന്ന സാമ്പത്തിക ആഘാതം സര്‍ക്കാരിനെ നേരിട്ട് അറിയിച്ചിട്ടുണ്ടെന്ന് കെഎസ്ഇബി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.ജി. രാജമാണിക്യം വ്യക്തമാക്കി. വൈദ്യുതി പ്രതിസന്ധി മറികടക്കുന്നതിനായി എന്‍ടിപിസിയില്‍ നിന്ന് അടിയന്തരമായി വൈദ്യുതി വാങ്ങാന്‍ സര്‍ക്കാര്‍ നേരത്തെ തത്വത്തില്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ സാമ്പത്തിക കണക്കുകള്‍ വിശദമായി പരിശോധിച്ചതോടെയാണ് ഈ നടപടി ബോര്‍ഡിന് വന്‍ തിരിച്ചടിയാകുമെന്ന് വ്യക്തമായത്. ഇതോടെ ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള സാഹചര്യം പരമാവധി ഒഴിവാക്കി കുറഞ്ഞ നിരക്കിലുള്ള മറ്റ് സ്രോതസ്സുകള്‍ കണ്ടെത്താനാണ് സര്‍ക്കാര്‍-കെഎസ്ഇബി നീക്കം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളും ഊര്‍ജിതമാക്കിയിട്ടുണ്ട്.
കേന്ദ്ര വൈദ്യുതി നിലയങ്ങളില്‍ നിന്നും ആണവ നിലയങ്ങളില്‍ നിന്നും കേരളത്തിന് കൂടുതല്‍ വിഹിതം ലഭ്യമാക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (എന്‍പിസിഐഎല്‍) സിഎംഡിയുമായി ചര്‍ച്ച നടത്തുന്നതിനായി കെഎസ്ഇബി സിഎംഡി എം.ജി. രാജമാണിക്യം ഡല്‍ഹിയിലേക്ക് പോകും. കേന്ദ്ര വിഹിതത്തില്‍ നിന്ന് അധിക വൈദ്യുതി ഉറപ്പാക്കാനായാല്‍ സംസ്ഥാനത്തെ നിലവിലെ പ്രതിസന്ധിക്ക് ഒരളവുവരെ ആശ്വാസം ലഭിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. മഴയില്‍ ഉണ്ടായ വലിയ കുറവും തുടര്‍ച്ചയായ കടുത്ത ചൂടും സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം റെക്കോര്‍ഡ് നിലയിലേക്ക് ഉയര്‍ത്തിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 1,000 മെഗാവാട്ടിലധികം അധിക വൈദ്യുതി ആവശ്യകതയാണ് ഈ സെപ്റ്റംബറില്‍ മാത്രം രേഖപ്പെടുത്തിയിരിക്കുന്നത്.
ജലസംഭരണികളില്‍ ആവശ്യത്തിന് വെള്ളമില്ലാത്തതും ആഭ്യന്തര ജലവൈദ്യുതി ഉല്‍പാദനം പരിമിതപ്പെട്ടതും പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കി. ഇതിനൊപ്പം ഉപഭോഗം കുത്തനെ ഉയര്‍ന്നതോടെയാണ് സംസ്ഥാനത്തെ വൈദ്യുതി ലഭ്യതയില്‍ വലിയ സമ്മര്‍ദം രൂപപ്പെട്ടത്. ഉയര്‍ന്ന വിലയ്ക്ക് അടിയന്തര വൈദ്യുതി വാങ്ങുന്നതിനുപകരം കുറഞ്ഞ ചെലവില്‍ ലഭ്യമായ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി പ്രതിസന്ധി മറികടക്കാനാണ് കെഎസ്ഇബിയും സര്‍ക്കാരും ഇപ്പോള്‍ ശ്രമിക്കുന്നത്. കേന്ദ്ര വിഹിതവും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള വൈദ്യുതി വാങ്ങലും വര്‍ധിപ്പിക്കാനായാല്‍ നിലവിലെ സമ്മര്‍ദം കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ.