കൊച്ചി: കേരളം നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധി ഒറ്റയടിക്ക് പരിഹരിക്കാന്‍ മാന്ത്രികവടിയൊന്നും കൈവശമില്ലെന്ന് കെഎസ്ഇബി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.ജി. രാജമാണിക്കം. നിലവിലെ സാഹചര്യത്തില്‍ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനുള്ള ഏറ്റവും പ്രായോഗികമായ മാര്‍ഗം ഉപഭോക്താക്കള്‍ സ്വമേധയാ വൈദ്യുതി ഉപയോഗം കുറയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എല്‍ നിനോ പ്രതിഭാസത്തെ തുടര്‍ന്നുണ്ടായ മഴക്കുറവും അസാധാരണമായ താപനില വര്‍ധനയുമാണ് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം കുത്തനെ ഉയരാന്‍ പ്രധാന കാരണമെന്ന് രാജമാണിക്കം ചൂണ്ടിക്കാട്ടി. സാധാരണ മണ്‍സൂണ്‍ കാലത്ത് പീക്ക് സമയത്തെ വൈദ്യുതി ആവശ്യം 4,000 മെഗാവാട്ടിനടുത്തായിരുന്നെങ്കില്‍ ഇത്തവണ അത് 4,800 മുതല്‍ 5,000 മെഗാവാട്ട് വരെയായി ഉയര്‍ന്നു. കഴിഞ്ഞ വ്യാഴാഴ്ച സംസ്ഥാനത്തെ പീക്ക് വൈദ്യുതി ആവശ്യം റെക്കോര്‍ഡ് നിലയായ 5,400 മെഗാവാട്ടിലെത്തി. എന്നാല്‍ ആ സമയത്ത് ലഭ്യമായിരുന്ന വൈദ്യുതി ഏകദേശം 4,200 മെഗാവാട്ട് മാത്രമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലെ ശരാശരി പീക്ക് ആവശ്യം 4,224 മെഗാവാട്ടായിരുന്നു. സംസ്ഥാനത്തിന്റെ പ്രധാന ആഭ്യന്തര വൈദ്യുതി സ്രോതസ്സായ ജലവൈദ്യുത പദ്ധതികളില്‍നിന്ന് പരമാവധി 1,750 മെഗാവാട്ടോളം മാത്രമാണ് ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നത്. എന്നാല്‍ നിലവിലെ വൈദ്യുതി ആവശ്യം ഇതിന്റെ പലമടങ്ങാണ്. ഇടുക്കിക്ക് ശേഷം മറ്റൊരു വലിയ വൈദ്യുതോല്‍പാദന പദ്ധതി നടപ്പാക്കാന്‍ കേരളത്തിന് കഴിഞ്ഞിട്ടില്ലെന്നും രാജമാണിക്കം ചൂണ്ടിക്കാട്ടി.
രാജ്യവ്യാപകമായി ഏകദേശം 12,000 മെഗാവാട്ടിന്റെ വൈദ്യുതി കമ്മി നിലനില്‍ക്കുന്നതിനാല്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് ആവശ്യത്തിന് വൈദ്യുതി വാങ്ങുന്നതിലും പരിമിതിയുണ്ട്. ഉയര്‍ന്ന വില നല്‍കാന്‍ തയ്യാറായാലും ആവശ്യത്തിന് വൈദ്യുതി ലഭ്യമാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. അതിനാല്‍ ലഭ്യമായ വിഭവങ്ങള്‍ പരമാവധി കാര്യക്ഷമമായി വിനിയോഗിക്കുകയല്ലാതെ അടിയന്തര പരിഹാരമില്ലെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി നിയന്ത്രണങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ സ്വമേധയാ ഉപഭോഗം കുറയ്ക്കണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടു. പ്രത്യേകിച്ച് രാത്രി ഏഴുമണി മുതല്‍ അര്‍ധരാത്രി വരെയുള്ള പീക്ക് സമയത്ത് അത്യാവശ്യമല്ലാത്ത വൈദ്യുതോപകരണങ്ങളുടെ ഉപയോഗം ഒഴിവാക്കണം. എയര്‍ കണ്ടീഷണറുകളുടെ ഉപയോഗം പരമാവധി കുറയ്ക്കണമെന്നും ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ് ഉള്‍പ്പെടെയുള്ള ഉയര്‍ന്ന വൈദ്യുതി ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ പീക്ക് സമയത്തിന് പുറത്തേക്ക് മാറ്റണമെന്നും ഉപഭോക്താക്കളോട് നിര്‍ദേശിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ സഹകരണത്തിലൂടെ പീക്ക് സമയത്തെ ആവശ്യത്തില്‍ ഏകദേശം 900 മെഗാവാട്ടിന്റെ കുറവ് വരുത്താനാകുമെന്നാണ് കെഎസ്ഇബിയുടെ പ്രതീക്ഷ.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് വൈദ്യുതി നിയന്ത്രണം ആരംഭിച്ചതെന്ന തരത്തില്‍ നിലവിലെ സാഹചര്യത്തെ രാഷ്ട്രീയമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും രാജമാണിക്കം പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏത് സര്‍ക്കാര്‍ അധികാരത്തിലായിരുന്നാലും വൈദ്യുതി നിയന്ത്രണം ആവശ്യമായി വരുമായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതിയുടെ ഏകദേശം 22 ശതമാനം മാത്രമാണ് കേരളത്തിനകത്ത് ഉല്‍പാദിപ്പിക്കുന്നത്. ബാക്കി വൈദ്യുതിക്ക് മറ്റ് സംസ്ഥാനങ്ങളെയും ദേശീയ ഗ്രിഡിനെയും ആശ്രയിക്കേണ്ടിവരുന്നു. മറ്റ് സംസ്ഥാനങ്ങള്‍ താപവൈദ്യുതി, സൗരോര്‍ജം, കാറ്റാടി ഉള്‍പ്പെടെ വിവിധ സ്രോതസ്സുകള്‍ ഉപയോഗിക്കുമ്പോള്‍ കേരളത്തിന്റെ ആഭ്യന്തര ഉല്‍പാദനത്തില്‍ ജലവൈദ്യുതിക്കാണ് പ്രധാന പങ്കെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വൈദ്യുതി മുടക്കം സംബന്ധിച്ച വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് മുന്‍കൂട്ടി അറിയിക്കുന്നതിനുള്ള 'ഔട്ടേജ് മാനേജ്‌മെന്റ് സിസ്റ്റം' കൂടുതല്‍ വിപുലപ്പെടുത്തുമെന്നും രാജമാണിക്കം വ്യക്തമാക്കി. വൈദ്യുതി ലഭ്യതയും ആവശ്യകതയും തമ്മിലുള്ള വലിയ അന്തരം തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളുടെ സഹകരണം നിര്‍ണായകമാണെന്നും കെഎസ്ഇബി എംഡി പറഞ്ഞു.