തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് സംഘടനാ പുനഃസംഘടനയുടെ ഭാഗമായി പുതിയ കെപിസിസി അധ്യക്ഷനെ നിയമിക്കുന്ന നടപടികള്‍ എഐസിസി ഹൈക്കമാന്‍ഡ് തല്‍ക്കാലത്തേക്ക് മരവിപ്പിച്ചു. അധ്യക്ഷ സ്ഥാനത്തേക്ക് ആരെ പരിഗണിക്കണമെന്ന കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിന് സമവായത്തിലെത്താന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് തീരുമാനം. നിലവിലുള്ള സംഘടനാ സംവിധാനം തന്നെ തുടരാനാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം. ബെന്നി ബഹനാന്‍, കൊടിക്കുന്നില്‍ സുരേഷ്, അജയ് തറയില്‍, എം.കെ. രാഘവന്‍, ആന്റോ ആന്റണി, അടൂര്‍ പ്രകാശ്, വി.എസ്. ശിവകുമാര്‍, ടി.എന്‍. പ്രതാപന്‍ എന്നിവരുടെ പേരുകളാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കപ്പെട്ടത്. എന്നാല്‍ ഇവരില്‍ ഒരാളുടെ പേരിലും സംസ്ഥാന നേതാക്കള്‍ക്കിടയില്‍ പൊതുവായ ധാരണ രൂപപ്പെട്ടിട്ടില്ല.
ഒരു പ്രത്യേക നേതാവിനെ അധ്യക്ഷ സ്ഥാനത്തേക്ക് അടിച്ചേല്‍പ്പിച്ചാല്‍ പാര്‍ട്ടിക്കുള്ളില്‍ പുതിയ വിഭാഗീയതയ്ക്കും അസ്വാരസ്യങ്ങള്‍ക്കും വഴിവയ്ക്കുമെന്ന ആശങ്ക ഹൈക്കമാന്‍ഡിനുണ്ട്. അതുകൊണ്ടുതന്നെ തിരക്കിട്ട് തീരുമാനമെടുക്കാതെ നിലവിലെ സാഹചര്യം തുടരാനാണ് കേന്ദ്ര നേതൃത്വം താല്‍പര്യപ്പെടുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളും അധ്യക്ഷ സ്ഥാനത്തേക്ക് ആരുടെയും പേര് പരസ്യമായി പിന്തുണച്ചിട്ടില്ല. സംസ്ഥാന കോണ്‍ഗ്രസിലെ സൂക്ഷ്മമായ ഗ്രൂപ്പ്-സാമുദായിക സമവാക്യങ്ങളെ ബാധിക്കാതിരിക്കാനുള്ള ജാഗ്രതയാണ് ഇവരുടെ നിലപാടിന് പിന്നിലെന്നാണ് സൂചന. ഒരു ദശാബ്ദത്തിനുശേഷം യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തിയ സാഹചര്യത്തില്‍ സംഘടനാ പുനഃസംഘടന വൈകുന്നത് ഗുണകരമല്ലെന്നാണ് മുഖ്യമന്ത്രിയുടെയും സംസ്ഥാനത്തെ ഭൂരിഭാഗം നേതാക്കളുടെയും നിലപാട്. സര്‍ക്കാരിനെതിരായ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ശക്തമായി മറുപടി നല്‍കാന്‍ പാര്‍ട്ടി സംഘടനയുടെ പൂര്‍ണ പിന്തുണ അനിവാര്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ നിലവിലെ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും മറ്റ് പ്രധാന ഭാരവാഹികളില്‍ പലരും മന്ത്രിസഭയില്‍ അംഗങ്ങളായതിനാല്‍ ഭരണപരമായ ഉത്തരവാദിത്തങ്ങള്‍ക്കൊപ്പം സംഘടനാ പ്രവര്‍ത്തനങ്ങളും മുന്നോട്ട് കൊണ്ടുപോകാനാണ് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം. കെപിസിസി അധ്യക്ഷനും വര്‍ക്കിങ് പ്രസിഡന്റുമാരും മന്ത്രിമാരായതും നിരവധി ഡിസിസി പ്രസിഡന്റുമാര്‍ എംഎല്‍എമാരായതും പാര്‍ട്ടിയുടെ ദൈനംദിന സംഘടനാ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്ന വിമര്‍ശനം നേരത്തെ രാഷ്ട്രീയകാര്യ സമിതി യോഗത്തിലും ഉയര്‍ന്നിരുന്നു. സംഘടനാ പുനഃസംഘടന അനിവാര്യമാണെന്ന കാര്യത്തില്‍ കേന്ദ്ര നേതൃത്വത്തിനും എതിര്‍പ്പില്ല. എന്നാല്‍ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതില്‍ സമവായമില്ലാത്ത സാഹചര്യത്തില്‍ തിരക്കിട്ട തീരുമാനത്തിലൂടെ പുതിയ ആഭ്യന്തര പ്രതിസന്ധി സൃഷ്ടിക്കേണ്ടതില്ലെന്നാണ് ഹൈക്കമാന്‍ഡിന്റെ നിലപാട്. ഇതോടെ കെപിസിസിയിലെ പുനഃസംഘടനാ ചര്‍ച്ചകള്‍ക്ക് തല്‍ക്കാലത്തേക്ക് ഇടവേളയാകും.