Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=110.205 INR
ukmalayalampathram.com
Mon 21st Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും; തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍
reporter

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. തൊഴിലാളികളുടെ അവകാശങ്ങളെ ബാധിക്കാതെയും അവരെ ദോഷകരമായി ബാധിക്കാത്ത രീതിയിലുമായിരിക്കും നിയമം നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഐഎന്‍ടിയുസി സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പാര്‍ലമെന്റ് പാസാക്കിയ ലേബര്‍ കോഡുകള്‍ നടപ്പാക്കാതിരിക്കാന്‍ സംസ്ഥാനത്തിന് കഴിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പുതിയ നിയമങ്ങള്‍ നിലവില്‍ വന്ന സാഹചര്യത്തില്‍ അവ നടപ്പാക്കാതെ തുടരുന്നത് തൊഴിലാളികളുടെ നിയമപരിരക്ഷയെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ തൊഴില്‍ മേഖലയുടെയും തൊഴിലാളികളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന രീതിയിലായിരിക്കും തുടര്‍നടപടികളെന്നും എല്ലാ തൊഴിലാളി സംഘടനകളുമായും ചര്‍ച്ച നടത്തിയ ശേഷമേ അന്തിമ തീരുമാനങ്ങളിലേക്ക് കടക്കൂവെന്നും മുഖ്യമന്ത്രി അറിയിച്ചു. ''തൊഴിലാളി വിരുദ്ധമായ ഒരു നിലപാടും ഈ സര്‍ക്കാര്‍ സ്വീകരിക്കില്ല. തൊഴിലാളി സംഘടനകളുടെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും ലേബര്‍ കോഡ് നടപ്പാക്കുക,'' എന്ന നിലപാടാണ് മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കിയത്.

ഏറെ നാളുകള്‍ക്ക് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശനും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരനും ഒരേ വേദി പങ്കിട്ടുവെന്ന പ്രത്യേകതയും യോഗത്തിനുണ്ടായിരുന്നു. കശുവണ്ടി ഇറക്കുമതി കേസില്‍ ആര്‍. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് ഇരുവരും വീണ്ടും ഒരുമിച്ച് പൊതുവേദിയിലെത്തിയത്. നേരത്തെ മുഖ്യമന്ത്രി പങ്കെടുക്കാതിരുന്നതിനെ തുടര്‍ന്ന് ഐഎന്‍ടിയുസിയുടെ ഒരു പരിപാടി മാറ്റിവെച്ചിരുന്നു. യോഗത്തില്‍ മുഖ്യമന്ത്രിയെ പ്രശംസിച്ചാണ് ആര്‍. ചന്ദ്രശേഖരന്‍ സംസാരിച്ചത്. വി.ഡി. സതീശന്‍ ഊര്‍ജസ്വലനായ മുഖ്യമന്ത്രിയാണെന്നും ഐഎന്‍ടിയുസിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹത്തിന് പ്രത്യേകം വിശദീകരിക്കേണ്ട ആവശ്യമില്ലെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് ഐഎന്‍ടിയുസിയുടെ ''ബിഗ് സല്യൂട്ട്'' നല്‍കുന്നതായും അദ്ദേഹം വ്യക്തമാക്കി.

മുന്‍ ഐഎന്‍ടിയുസി പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നത് നിയമസഭാ സമ്മേളനവുമായി ബന്ധപ്പെട്ട തിരക്കുകള്‍ മൂലമാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. നിലവിലെ യോഗം താന്‍ തന്നെയാണ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യവല്‍ക്കരണം സര്‍ക്കാരിന്റെ നയമല്ലെന്നും പൊതുമേഖലാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന സമീപനം സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കെഎസ്ആര്‍ടിസിയെ സ്വതന്ത്രമായും കാര്യക്ഷമമായും നിലനിര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പൊതുമേഖലാ സ്ഥാപനങ്ങളെന്ന പേരില്‍ പൊതുസമ്പത്ത് ചോര്‍ന്നുപോകുന്ന സാഹചര്യം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികളെ ബാധിക്കുന്ന തരത്തിലോ പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന രീതിയിലോ പദ്ധതികള്‍ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window