Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=110.205 INR
ukmalayalampathram.com
Mon 21st Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
മഴക്കെടുതി വിലയിരുത്താന്‍ മലപ്പുറത്തേക്ക് മുഖ്യമന്ത്രി; യാത്ര പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തില്‍
reporter

തിരുവനന്തപുരം: മലപ്പുറത്തെ മഴക്കെടുതിയും മലവെള്ളപ്പാച്ചിലുണ്ടാക്കിയ നാശനഷ്ടങ്ങളും നേരിട്ട് വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര തിരിച്ചു. തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30ഓടെയാണ് മുഖ്യമന്ത്രി മലപ്പുറം സന്ദര്‍ശനത്തിനായി പുറപ്പെട്ടത്. യാത്രയ്ക്കായുള്ള പ്രത്യേക വിമാനം ബെംഗളൂരുവില്‍നിന്നാണ് തിരുവനന്തപുരത്തെത്തിച്ചത്. പൊലീസ് ഹെലികോപ്റ്ററിന്റെ വാടകക്കരാര്‍ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് അടിയന്തര യാത്രയ്ക്കായി ചാര്‍ട്ടേഡ് വിമാനം ക്രമീകരിച്ചത്. കരിപ്പൂരിലേക്കുള്ള അനുയോജ്യമായ യാത്രാവിമാനങ്ങള്‍ ലഭ്യമല്ലാത്തതിനാലാണ് ഈ സംവിധാനം ഉപയോഗിച്ചതെന്നും സര്‍ക്കാരിന്റെ അഭ്യര്‍ഥന പരിഗണിച്ച് സ്വകാര്യ വിമാനം സൗജന്യമായാണ് ലഭിച്ചതെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളുണ്ട്.

മലപ്പുറം ജില്ലയിലെ മഴക്കെടുതി ബാധിത പ്രദേശങ്ങളും മലവെള്ളപ്പാച്ചിലുണ്ടായ പൂക്കോട്ടുംപാടം മേഖലയുമാണ് മുഖ്യമന്ത്രി സന്ദര്‍ശിക്കുന്നത്. ചോക്കാട്-അമരമ്പലം പഞ്ചായത്തുകളുടെ അതിര്‍ത്തിയിലൂടെ ഒഴുകുന്ന കോട്ടപ്പുഴയില്‍ ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് അപ്രതീക്ഷിതമായി ജലനിരപ്പ് ഉയര്‍ന്ന് ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായത്. പ്രദേശത്ത് ആ സമയത്ത് മഴയുണ്ടായിരുന്നില്ലെങ്കിലും വനമേഖലയില്‍ പെയ്ത കനത്ത മഴയാണ് പുഴയില്‍ പെട്ടെന്ന് വെള്ളം ഉയരാന്‍ കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ തിരൂര്‍ സ്വദേശി പരന്നപറമ്പന്‍ മുഹമ്മദ്കുട്ടി (65), എടരിക്കോട് സ്വദേശി മങ്ങാടന്‍ അനസ്, കരുവാരകുണ്ട് സ്വദേശി റഹീം (35), വണ്ടൂര്‍ കോട്ടക്കുന്ന് സ്വദേശി സജ്ജാദ് (23), വണ്ടൂര്‍ ചെട്ടിയാറമ്മല്‍ കറുപ്പത്ത് റഫീഖ് (41) എന്നിവര്‍ മരിച്ചതായി ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഒരാളെ ഇനിയും കണ്ടെത്താനുണ്ടെന്നും തിരച്ചില്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. ഉളര്‍വട്ടം-ടി.കെ. കോളനി ഭാഗത്ത് പുഴയില്‍ വെള്ളം വളരെ വേഗത്തില്‍ ഉയര്‍ന്നതോടെ സന്ദര്‍ശകരില്‍ ചിലര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. അഗ്‌നിരക്ഷാസേന, പൊലീസ്, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനവും തിരച്ചിലും തുടരുകയാണ്.

 
Other News in this category

 
 




 
Close Window