Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=110.1807 INR
ukmalayalampathram.com
Mon 14th Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കാന്തപുരത്തിന്റെ എല്ലാ നിലപാടുകളോടും യോജിപ്പില്ലെന്ന് അന്‍വര്‍ ഇബ്രാഹിം; 'മലേഷ്യയില്‍ സ്ത്രീകള്‍ക്ക് തുല്യാവകാശം'
reporter

ന്യൂഡല്‍ഹി: കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ എല്ലാ കാഴ്ചപ്പാടുകളോടും താന്‍ യോജിക്കുന്നില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം. മലേഷ്യയില്‍ സ്ത്രീകള്‍ക്ക് തുല്യാവകാശം ഉറപ്പുനല്‍കുന്നുണ്ടെന്നും ഇക്കാര്യം കാന്തപുരത്തോട് നേരിട്ടുതന്നെ പറയാന്‍ മടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ന്യൂഡല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്കിടെ എന്‍ഡിടിവിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു പ്രതികരണം. ഞായറാഴ്ച കോഴിക്കോട് കാന്തപുരവുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് അദ്ദേഹത്തിന്റെ സമീപകാല സ്ത്രീവിഷയക പരാമര്‍ശങ്ങളെക്കുറിച്ച് അന്‍വര്‍ ഇബ്രാഹിമിനോട് ചോദിച്ചത്. കാന്തപുരം ഖുര്‍ആനും പ്രവാചകചര്യകളും വ്യാഖ്യാനിക്കുന്നതില്‍ ശ്രദ്ധേയ സംഭാവനകള്‍ നല്‍കിയ പരമ്പരാഗത മതപണ്ഡിതനാണെങ്കിലും അദ്ദേഹത്തിന്റെ എല്ലാ അഭിപ്രായങ്ങളും താന്‍ പങ്കുവയ്ക്കണമെന്നില്ലെന്ന് അന്‍വര്‍ പറഞ്ഞു.

കാന്തപുരത്തിന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെയും അന്‍വര്‍ പരാമര്‍ശിച്ചു. നഴ്‌സിങ് കോളജുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ പിന്നീട് ആശുപത്രികളില്‍ ജോലി ചെയ്യുന്നവരാണെന്നും അതിനാല്‍ വിഷയത്തെ മൊത്തത്തിലുള്ള പശ്ചാത്തലത്തില്‍ കാണണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്ത്രീകളുടെ അവകാശവുമായി ബന്ധപ്പെട്ട തന്റെ നിലപാടില്‍ വ്യക്തത വരുത്തിയ അന്‍വര്‍, മലേഷ്യയില്‍ സ്ത്രീകള്‍ക്ക് പുരുഷന്മാര്‍ക്കൊപ്പമുള്ള അവസരങ്ങളും അവകാശങ്ങളും ഉറപ്പാക്കുന്നുണ്ടെന്ന് പറഞ്ഞു. മലേഷ്യന്‍ സര്‍വകലാശാലകളില്‍ പെണ്‍കുട്ടികളുടെ പങ്കാളിത്തം കൂടുതലാണെന്നും തന്റെ ഭാര്യ മെഡിക്കല്‍ ഡോക്ടറാണെന്നും പെണ്‍മക്കള്‍ ഉള്‍പ്പെടെയുള്ള എല്ലാ മക്കള്‍ക്കും വിദ്യാഭ്യാസത്തിനും സ്വാതന്ത്ര്യത്തിനുമുള്ള അവസരം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ മതപണ്ഡിതന്മാരുടെയും നിലപാടുകളോടും ഒരാള്‍ക്ക് യോജിക്കണമെന്നില്ലെന്നും അതുപോലെ എല്ലാ പ്രധാനമന്ത്രിമാരുടെയും പ്രസിഡന്റുമാരുടെയും അഭിപ്രായങ്ങളോടും പൂര്‍ണ യോജിപ്പ് ആവശ്യമില്ലെന്നും അന്‍വര്‍ പറഞ്ഞു. ഇക്കാര്യം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും സൂചിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ബ്രിക്സ് ഉച്ചകോടിക്കായി ഇന്ത്യയിലെത്തിയ അന്‍വര്‍ ഇബ്രാഹിം ഞായറാഴ്ച കോഴിക്കോട് കാരന്തൂരിലെ മര്‍ക്കസ് ക്യാമ്പസില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി കേരളത്തിലെത്തുന്ന അന്‍വര്‍, മടവൂര്‍ സി.എം. മഖാമും സന്ദര്‍ശിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മലേഷ്യയിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തില്‍ ദക്ഷിണേന്ത്യക്കുള്ള പ്രാധാന്യവും അന്‍വര്‍ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി. തമിഴ്‌നാട് സന്ദര്‍ശിക്കാനും ആഗ്രഹിച്ചിരുന്നെങ്കിലും അവിടത്തെ മുഖ്യമന്ത്രിയുടെ വിദേശയാത്രയെ തുടര്‍ന്ന് പരിപാടിയില്‍ മാറ്റം വരുത്തി കേരള സന്ദര്‍ശനത്തിന് മുന്‍ഗണന നല്‍കിയതായും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നതും പുരുഷന്മാരോടൊപ്പം വേദി പങ്കിടുന്നതും സംബന്ധിച്ച് കാന്തപുരം അടുത്തിടെ നടത്തിയ പരാമര്‍ശങ്ങള്‍ കേരളത്തില്‍ വലിയ രാഷ്ട്രീയ-സാമൂഹിക ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കാന്തപുരവുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുന്നോടിയായി മലേഷ്യന്‍ പ്രധാനമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

 
Other News in this category

 
 




 
Close Window