ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്നു. ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡ് വില ബാരലിന് 107 ഡോളര്‍ കടന്നു. ഒറ്റദിവസം കൊണ്ട് എണ്ണവിലയില്‍ ഏകദേശം മൂന്ന് ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. അസംസ്‌കൃത എണ്ണയുടെ ഇറക്കുമതിയെ വലിയ തോതില്‍ ആശ്രയിക്കുന്ന ഇന്ത്യയില്‍ വിലക്കയറ്റം തുടര്‍ന്നാല്‍ പെട്രോള്‍, ഡീസല്‍ വിലകളില്‍ വര്‍ധന ഉണ്ടാകുമോ എന്ന ആശങ്കയും ശക്തമായിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിലെ വിലവര്‍ധന ദീര്‍ഘകാലം തുടരുകയാണെങ്കില്‍ രാജ്യത്തിന്റെ ഇറക്കുമതി ചെലവിനെയും പണപ്പെരുപ്പത്തെയും ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
അമേരിക്ക-ഇറാന്‍ സംഘര്‍ഷം തുടരുന്നതാണ് എണ്ണവില ഉയരാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. ഇതിനിടെ സൗദി അറേബ്യയെ ലക്ഷ്യമിട്ട് യെമനിലെ ഹൂതി വിമതര്‍ നടത്തുന്ന ആക്രമണങ്ങള്‍ എണ്ണവിതരണത്തെ ബാധിച്ചേക്കുമെന്ന ആശങ്കയും വിപണിയില്‍ ശക്തമാണ്. ഹോര്‍മുസ് കടലിടുക്കിനെ ആശ്രയിക്കാതെ ചെങ്കടല്‍ മേഖലയിലേക്ക് എണ്ണ എത്തിക്കാന്‍ സൗദി അറേബ്യ ഉപയോഗിച്ചിരുന്ന കിഴക്ക്-പടിഞ്ഞാറ് പൈപ്പ്ലൈനിലൂടെയുള്ള വിതരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചതും ആശങ്ക വര്‍ധിപ്പിച്ചു. ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് പൈപ്പ്ലൈനില്‍ തകരാര്‍ സംഭവിച്ചതാണ് വിതരണം നിര്‍ത്തിവയ്ക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. പ്രധാന എണ്ണവിതരണ മാര്‍ഗങ്ങളില്‍ തടസ്സം നേരിട്ടാല്‍ ആഗോള വിപണിയില്‍ ലഭ്യത കുറയുമെന്ന ഭീതിയാണ് വില പെട്ടെന്ന് ഉയരാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പശ്ചിമേഷ്യയിലെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമായാല്‍ വരും ദിവസങ്ങളിലും എണ്ണവിലയില്‍ ശക്തമായ ചാഞ്ചാട്ടം തുടരാനാണ് സാധ്യത.