പാലക്കാട്: തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിന് അര്‍ഹമായ വെള്ളം ഉറപ്പാക്കുന്നതില്‍ മുഖ്യമന്ത്രി പരാജയപ്പെട്ടുവെന്ന് മുന്‍ വൈദ്യുതിമന്ത്രി കെ. കൃഷ്ണന്‍കുട്ടി. അന്തര്‍സംസ്ഥാന നദീജല കരാറുകളുടെ ചുമതലയുള്ള മുഖ്യമന്ത്രി വിഷയത്തില്‍ നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും സര്‍ക്കാര്‍ അനാസ്ഥക്കെതിരെ കര്‍ഷകര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പറമ്പിക്കുളം പദ്ധതിയില്‍നിന്ന് കേരളത്തിന് ലഭിക്കേണ്ട വെള്ളത്തില്‍ വലിയ കുറവാണ് ഉണ്ടായിരിക്കുന്നതെന്ന് കൃഷ്ണന്‍കുട്ടി ആരോപിച്ചു. 400 ക്യുസെക്‌സ് വെള്ളം ലഭിക്കേണ്ട സ്ഥാനത്ത് നിലവില്‍ 160 ക്യുസെക്‌സ് മാത്രമാണ് കേരളത്തിന് ലഭിക്കുന്നത്. ഇത്രയും ഗുരുതരമായ സാഹചര്യമുണ്ടായിട്ടും കൂടുതല്‍ വെള്ളം ആവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാരിന് ഒരു കത്ത് അയയ്ക്കാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പറമ്പിക്കുളത്ത് നിലവില്‍ 9.7 ടിഎംസി വെള്ളം ലഭ്യമാണെന്നാണ് കണക്കുകള്‍. ആവശ്യത്തിന് ജലലഭ്യത ഉണ്ടായിട്ടും കേരളത്തിന് അര്‍ഹമായ വിഹിതം നേടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാണ് കൃഷ്ണന്‍കുട്ടിയുടെ ആരോപണം. വെള്ളത്തിന്റെ കുറവ് സംസ്ഥാനത്തെ കാര്‍ഷിക മേഖലയെ ഗുരുതരമായി ബാധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒന്നാം വിള നശിച്ചതിനെ തുടര്‍ന്ന് കര്‍ഷകര്‍ക്ക് ഏകദേശം 130 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ നിരവധി കര്‍ഷകര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ആത്മഹത്യയുടെ വക്കിലേക്കാണ് അവര്‍ നീങ്ങുന്നതെന്നും കൃഷ്ണന്‍കുട്ടി ചൂണ്ടിക്കാട്ടി.
കര്‍ണാടകയില്‍നിന്ന് അര്‍ഹമായ വെള്ളം നേടിയെടുക്കാന്‍ തമിഴ്‌നാട് നടത്തുന്ന ശക്തമായ ഇടപെടലുകളുടെ കാല്‍ഭാഗം പോലും കേരളം നടത്തുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. അതേസമയം, അട്ടപ്പാടി വാലി ഉള്‍പ്പെടെയുള്ള കേരളത്തിന്റെ ജലപദ്ധതികളെ തമിഴ്‌നാട് നിരന്തരം എതിര്‍ക്കുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ ഉദ്യോഗസ്ഥരുടെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായിട്ടുണ്ടെന്ന് ആരോപിച്ച കൃഷ്ണന്‍കുട്ടി, കേരളത്തിന് അര്‍ഹമായ ജലം നേടിയെടുക്കാന്‍ കര്‍ഷകര്‍ തന്നെ ശക്തമായ സമ്മര്‍ദവുമായി രംഗത്തിറങ്ങണമെന്നും ആവശ്യപ്പെട്ടു. അന്തര്‍സംസ്ഥാന നദീജല വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് തമിഴ്‌നാടുമായി ചര്‍ച്ച നടത്തി കേരളത്തിന് അര്‍ഹമായ ജലവിഹിതം ഉറപ്പാക്കണമെന്നാണ് കൃഷ്ണന്‍കുട്ടിയുടെ ആവശ്യം.