Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6505 INR  1 EURO=110.2657 INR
ukmalayalampathram.com
Thu 17th Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍ ഇന്ത്യന്‍ നാവികസേനാ കപ്പലില്‍ പാക് യുദ്ധക്കപ്പല്‍ ഇടിച്ചു; ശക്തമായ പ്രതിഷേധവുമായി ഇന്ത്യ
reporter

ന്യൂഡല്‍ഹി: അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍ ഇന്ത്യന്‍ നാവികസേനയുടെ കപ്പലില്‍ പാകിസ്ഥാന്‍ നാവികസേനയുടെ യുദ്ധക്കപ്പല്‍ ഇടിച്ച് അപകടം. സംഭവത്തില്‍ പാകിസ്ഥാനോട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ ഇന്ത്യ, ന്യൂഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷനിലെ ചാര്‍ജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി അതൃപ്തി അറിയിച്ചു. കടലില്‍ പാകിസ്ഥാന്‍ നാവികസേനാ യൂണിറ്റുകളുടെ ഉത്തരവാദിത്തമില്ലാത്തതും അംഗീകരിക്കാനാവാത്തതുമായ നടപടികളാണ് കൂട്ടിയിടിക്ക് കാരണമായതെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയിലാണ് സംഭവം നടന്നതെന്നും കൂട്ടിയിടിയില്‍ ഇരു കപ്പലുകള്‍ക്കും കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു. അതേസമയം, സംഭവം നടന്ന കൃത്യമായ തീയതിയും സമയവും വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല.

സൈനിക അഭ്യാസങ്ങളും സേനാ നീക്കങ്ങളും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പരസ്പരം മുന്‍കൂട്ടി വിവരം അറിയിക്കണമെന്ന വ്യവസ്ഥ ഉള്‍ക്കൊള്ളുന്ന 1991ലെ ഇന്ത്യ-പാകിസ്ഥാന്‍ ഉഭയകക്ഷി കരാറിന്റെ ലംഘനമാണ് പാക് നാവികസേനയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. കരാറിലെ ആര്‍ട്ടിക്കിള്‍ 10 പ്രകാരമുള്ള ബാധ്യതകള്‍ പാകിസ്ഥാന്‍ പാലിച്ചില്ലെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്. ഭാവിയില്‍ ഇത്തരം അപകടകരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പാകിസ്ഥാന്റെ എല്ലാ സൈനിക യൂണിറ്റുകളും പരമാവധി ജാഗ്രത പാലിക്കണമെന്നും ഇരുരാജ്യങ്ങളും ഒപ്പുവച്ചിട്ടുള്ള ധാരണകളും കരാറുകളും പൂര്‍ണമായി മാനിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഇന്ത്യയുടെ പ്രതിഷേധവും ആശങ്കയും പാകിസ്ഥാന്‍ സര്‍ക്കാരിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും ശ്രദ്ധയില്‍ അടിയന്തരമായി എത്തിക്കണമെന്നും പാക് ചാര്‍ജ് ഡി അഫയേഴ്‌സിനോട് നിര്‍ദേശിച്ചതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

 
Other News in this category

 
 




 
Close Window