Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4357 INR  1 EURO=110.1928 INR
ukmalayalampathram.com
Sun 20th Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ജനസംഖ്യാ നിയന്ത്രണ നയം മാറ്റണം; വന്ധ്യംകരണ ഇന്‍സെന്റീവുകള്‍ അവസാനിപ്പിക്കണമെന്ന് EAC-PM വര്‍ക്കിങ് പേപ്പര്‍
reporter

ന്യൂഡല്‍ഹി: രാജ്യത്തെ പ്രത്യുല്‍പാദന നിരക്ക് ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍ വന്ധ്യംകരണവുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രോത്സാഹനങ്ങളും ജനസംഖ്യാ നിയന്ത്രണം ലക്ഷ്യമിട്ടുള്ള വിവിധ നയങ്ങളും ഘട്ടംഘട്ടമായി അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുമായി (EAC-PM) ബന്ധപ്പെട്ട പുതിയ വര്‍ക്കിങ് പേപ്പറില്‍ ശുപാര്‍ശ. ഇന്ത്യയുടെ മാറിയ ജനസംഖ്യാ സാഹചര്യത്തിന് അനുസൃതമായി കുടുംബാസൂത്രണ നയങ്ങള്‍ പുനഃക്രമീകരിക്കണമെന്നാണ് നിര്‍ദേശം. 'ദി ഗോസ്റ്റ് ഓഫ് പോപ്പുലേഷന്‍ പാസ്റ്റ്: ഹൗ പോപ്പുലേഷന്‍ കണ്‍ട്രോള്‍ പെര്‍സിസ്റ്റ്‌സ് ഇന്‍ ഇന്ത്യ' എന്ന വര്‍ക്കിങ് പേപ്പര്‍ EAC-PM അംഗം സഞ്ജീവ് സന്യാല്‍, ഡയറക്ടര്‍ ആകാംക്ഷ അറോറ, കണ്‍സള്‍ട്ടന്റ് വിരാട് സിങ് എന്നിവര്‍ ചേര്‍ന്നാണ് തയ്യാറാക്കിയത്. ജനസംഖ്യാ നിയന്ത്രണം ഇനി സര്‍ക്കാരിന്റെ നയലക്ഷ്യമായി തുടരേണ്ട സാഹചര്യമില്ലെന്നാണ് റിപ്പോര്‍ട്ടിന്റെ നിലപാട്. എന്നാല്‍ ആരോഗ്യപരമായ കാരണങ്ങള്‍, കുട്ടികള്‍ക്കിടയിലെ ഇടവേള, വ്യക്തികളുടെ തെരഞ്ഞെടുപ്പ് എന്നിവയുടെ അടിസ്ഥാനത്തിലുള്ള കുടുംബാസൂത്രണത്തെ റിപ്പോര്‍ട്ട് എതിര്‍ക്കുന്നില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

വന്ധ്യംകരണവുമായി ബന്ധപ്പെടുത്തി നല്‍കുന്ന നേരിട്ടുള്ള ആനുകൂല്യങ്ങള്‍, ഗുണഭോക്താക്കള്‍ക്കുള്ള പണമിടപാടുകള്‍, തൊഴില്‍ദിന നഷ്ടപരിഹാരം, വന്ധ്യംകരണ സേവനദാതാക്കള്‍ക്കും ഗുണഭോക്താക്കള്‍ക്കും നല്‍കുന്ന അധിക പ്രോത്സാഹനങ്ങള്‍ എന്നിവ പിന്‍വലിക്കണമെന്നാണ് പ്രധാന ശുപാര്‍ശ. രണ്ട് കുട്ടികളില്‍ കുടുംബം പരിമിതപ്പെടുത്താന്‍ ദമ്പതികളെ പ്രേരിപ്പിക്കുന്നതിന് ആശ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന പ്രത്യേക ഇന്‍സെന്റീവും അവസാനിപ്പിക്കണമെന്ന് വര്‍ക്കിങ് പേപ്പര്‍ ആവശ്യപ്പെടുന്നു. രാജ്യത്തിന്റെ ആകെ പ്രത്യുല്‍പാദന നിരക്ക് (ടോട്ടല്‍ ഫെര്‍ട്ടിലിറ്റി റേറ്റ്-TFR) 1.9 ആയി കുറഞ്ഞിരിക്കുന്നുവെന്നാണ് വര്‍ക്കിങ് പേപ്പറില്‍ ചൂണ്ടിക്കാട്ടുന്നത്. ഇത് ജനസംഖ്യ ദീര്‍ഘകാലത്ത് സ്വാഭാവികമായി നിലനിര്‍ത്താന്‍ ആവശ്യമായ ഏകദേശം 2.1 എന്ന പകരംവയ്ക്കല്‍ നിരക്കിനേക്കാള്‍ താഴെയാണ്. ബിഹാറും ഉത്തര്‍പ്രദേശും ഒഴിവാക്കിയാല്‍ രാജ്യത്തിന്റെ TFR 1.6 മാത്രമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കൊപ്പം പശ്ചിമ ബംഗാള്‍, പഞ്ചാബ്, മഹാരാഷ്ട്ര, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലും പ്രത്യുല്‍പാദന നിരക്ക് രണ്ട് പതിറ്റാണ്ടിലേറെയായി പകരംവയ്ക്കല്‍ നിരക്കിനേക്കാള്‍ താഴെയാണെന്ന് വര്‍ക്കിങ് പേപ്പര്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും TFR 1.3 ആണെന്നും കര്‍ണാടകയുടേത് 1.5, ആന്ധ്രപ്രദേശിന്റേത് 1.4, തെലങ്കാനയുടേത് 1.5 എന്നിങ്ങനെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ രണ്ട് കുട്ടി മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍, ജോലികള്‍, തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനുള്ള യോഗ്യത തുടങ്ങിയവയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന വ്യവസ്ഥകള്‍ നിലനില്‍ക്കുന്ന സംസ്ഥാനങ്ങള്‍ അവ പിന്‍വലിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. എല്ലാ സംസ്ഥാനങ്ങളിലും ഒരേപോലുള്ള 'രണ്ട് കുട്ടി നയം' നിലവിലില്ലെങ്കിലും വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത രൂപത്തിലുള്ള നിയന്ത്രണങ്ങളുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ദേശീയ-സംസ്ഥാന നയരേഖകളില്‍നിന്ന് 'ജനസംഖ്യാ നിയന്ത്രണം', 'ഫെര്‍ട്ടിലിറ്റി കുറയ്ക്കല്‍', 'ജനസംഖ്യാ സ്ഥിരത' തുടങ്ങിയ പദപ്രയോഗങ്ങള്‍ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. ജനസംഖ്യ കുറയ്ക്കുകയെന്ന ലക്ഷ്യവുമായി ബന്ധപ്പെടുത്തി നടത്തുന്ന കുടുംബാസൂത്രണ അവാര്‍ഡുകള്‍, ലോക ജനസംഖ്യാ ദിനാചരണ പരിപാടികള്‍, വാസെക്ടമി ഫോര്‍ട്ട്‌നൈറ്റ് തുടങ്ങിയവയും അവസാനിപ്പിക്കണമെന്ന് വര്‍ക്കിങ് പേപ്പര്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ കാലങ്ങളില്‍ ഉയര്‍ന്ന ജനസംഖ്യാ വളര്‍ച്ച നിയന്ത്രിക്കാന്‍ രൂപപ്പെടുത്തിയ പല പദ്ധതികളും ഇപ്പോഴത്തെ ജനസംഖ്യാ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നില്ലെന്നാണ് റിപ്പോര്‍ട്ടിന്റെ വാദം. ഒരിക്കല്‍ പ്രത്യുല്‍പാദന നിരക്ക് വളരെ താഴേക്ക് പോകുകയും സാമൂഹിക മാനദണ്ഡങ്ങളില്‍ മാറ്റം സംഭവിക്കുകയും ചെയ്താല്‍ പിന്നീട് അത് ഉയര്‍ത്തുക പ്രയാസകരമാണെന്ന മറ്റ് രാജ്യങ്ങളുടെ അനുഭവവും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിലെ വാര്‍ഷിക ജനനങ്ങളുടെ എണ്ണം 2001ല്‍ ഏകദേശം 2.93 കോടിയായി ഉയര്‍ന്ന ശേഷം 2023ല്‍ 2.32 കോടിയിലേക്ക് കുറഞ്ഞതായും വര്‍ക്കിങ് പേപ്പറില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ജനസംഖ്യ കുറയ്ക്കുന്നതിനേക്കാള്‍ ആരോഗ്യപരമായ കുടുംബാസൂത്രണം, കുട്ടികള്‍ക്കിടയിലെ ആവശ്യമായ ഇടവേള, വ്യക്തികളുടെ സ്വതന്ത്ര തെരഞ്ഞെടുപ്പ് എന്നിവയ്ക്ക് മുന്‍ഗണന നല്‍കുന്ന സമീപനത്തിലേക്ക് രാജ്യം മാറണമെന്നാണ് റിപ്പോര്‍ട്ടിലെ നിര്‍ദേശം.

 
Other News in this category

 
 




 
Close Window