തിരുവനന്തപുരം: നിലവിലെ കേരള വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിന് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ പിന്തുണ. ബോര്‍ഡിന്റെ നിയമസാധുത ചോദ്യംചെയ്യുന്ന ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് ലീഗ് നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നോമിനികളായി പ്രവര്‍ത്തിക്കുന്ന ബോര്‍ഡ് അംഗങ്ങള്‍ വഖഫ് ഭേദഗതി നിയമമായ 'ഉമീദ് ആക്ട്' നിഷ്‌കര്‍ഷിക്കുന്ന യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന വിലയിരുത്തലിലാണ് ശനിയാഴ്ച ചേര്‍ന്ന ലീഗ് സംസ്ഥാന കമ്മിറ്റി എത്തിയതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ബോര്‍ഡ് ചെയര്‍മാന്‍ കെ.എസ്. ഹംസ, അംഗങ്ങളായ എ.എ. റഹീം, ഉമര്‍ ഫൈസി മുക്കം എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിലവില്‍ നിയമം അനുശാസിക്കുന്ന യോഗ്യതകളില്ലെന്നാണ് ലീഗിന്റെ വിലയിരുത്തല്‍. ഉമീദ് ആക്ട് പ്രകാരം വഖഫ് ബോര്‍ഡ് അംഗങ്ങള്‍ മുസ്ലിം എംപിയോ എംഎല്‍എയോ, മുത്തവല്ലിയോ, മതപണ്ഡിതരോ, പ്രഫഷണലുകളോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ ആയിരിക്കണമെന്ന് ലീഗ് നേതാവ് പറഞ്ഞു.
ബോര്‍ഡ് രൂപീകരിക്കുമ്പോള്‍ കെ.എസ്. ഹംസ എംഎല്‍എയും എ.എ. റഹീം രാജ്യസഭാംഗവുമായിരുന്നു. എന്നാല്‍ ഇരുവരും ഇപ്പോള്‍ നിയമനിര്‍മാണ സഭകളില്‍ അംഗങ്ങളല്ല. മുത്തവല്ലി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ ഉമര്‍ ഫൈസി മുക്കം ഒരു മുസ്ലിം ജമാഅത്തിന്റെ മുത്തവല്ലിയല്ലെന്നും നേതാവ് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് ബോര്‍ഡ് പുനഃസംഘടിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ ബോര്‍ഡ് റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി വിധിയുണ്ടായാല്‍ സര്‍ക്കാര്‍ അത് അംഗീകരിക്കണമെന്നും ലീഗ് എതിര്‍ക്കില്ലെന്നും നേതാവ് പറഞ്ഞു. എന്നാല്‍ ബോര്‍ഡില്‍ രണ്ട് അമുസ്ലിം അംഗങ്ങളെ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണമെന്ന ഉമീദ് ആക്ടിലെ വ്യവസ്ഥയോടുള്ള എതിര്‍പ്പില്‍ മാറ്റമില്ലെന്നും വ്യക്തമാക്കി.
ഈ വ്യവസ്ഥ ചോദ്യംചെയ്ത് മുസ്ലിം ലീഗ് നേരത്തേ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഇക്കാര്യത്തിലെ പാര്‍ട്ടി നിലപാടില്‍ മാറ്റമില്ലെന്നും നേതാവ് പറഞ്ഞു. അതേസമയം, വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സര്‍ക്കാരിന് തിരിച്ചടിയാണെന്ന പ്രചാരണം വഖഫ് മന്ത്രി എന്‍. ഷംസുദ്ദീന്‍ തള്ളി. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച നാല് ഹര്‍ജികളും തള്ളണമെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും ഇതുസംബന്ധിച്ച് ബോധപൂര്‍വം തെറ്റിദ്ധാരണ പരത്തുകയാണെന്നും മന്ത്രി ആരോപിച്ചു. നിയമപരമായ മാനദണ്ഡങ്ങളും വിവിധ ക്വാട്ടാ വ്യവസ്ഥകളും പാലിക്കാതെയാണ് മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ബോര്‍ഡ് രൂപീകരിച്ചതെന്ന് മന്ത്രി പറഞ്ഞു. ഈ അപാകതകള്‍ പരിഹരിക്കാനാണ് നിലവിലെ സര്‍ക്കാര്‍ ശ്രമിച്ചത്. സര്‍ക്കാരിന്റെ നിലപാട് മതപണ്ഡിതരെയും ബന്ധപ്പെട്ട വിഭാഗങ്ങളെയും ബോധ്യപ്പെടുത്തുമെന്നും വഖഫ് ബോര്‍ഡിലെ അമുസ്ലിം പ്രാതിനിധ്യത്തെ സര്‍ക്കാര്‍ ഒരിടത്തും അനുകൂലിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിക്കാന്‍ സര്‍ക്കാരിന് പൂര്‍ണമായ നിയമപരമായ അധികാരമുണ്ട്. വിഷയം സുപ്രീം കോടതിയിലെത്തിയാലും സര്‍ക്കാരിന്റെ നിലപാടിന് തിരിച്ചടിയുണ്ടാകില്ലെന്നും ഹര്‍ജി നല്‍കിയ ബിജെപി നേതാവിന്റെ വാദങ്ങളെ സര്‍ക്കാര്‍ പിന്തുണച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.