Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
സോഫ്റ്റ്വെയര്‍ എന്‍ജിനീയറുടെ ദുരൂഹമരണം; കുളത്തില്‍ ദേവീവിഗ്രഹത്തിനായി തിരച്ചില്‍
reporter

ഹൈദരാബാദ്: സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ യുവതിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ദുരൂഹതയിലേക്ക്. മരിക്കുന്നതിനു തൊട്ടുമുന്‍പ് യുവതി സമീപത്തെ ക്ഷേത്രത്തില്‍നിന്ന് എടുത്തതായി പറയപ്പെടുന്ന ദേവീവിഗ്രഹം കണ്ടെത്താന്‍ പൊലീസ് കുളത്തില്‍ വ്യാപക തിരച്ചില്‍ ആരംഭിച്ചു. തേജസ്വിനി എന്ന യുവതിയെയാണ് കഴിഞ്ഞ ദിവസം കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിനു മുന്‍പ് യുവതി വസ്ത്രങ്ങള്‍ അഴിച്ചുമാറ്റിയ ശേഷം സമീപത്തെ ക്ഷേത്രത്തില്‍ പ്രവേശിക്കുകയും അവിടെയുണ്ടായിരുന്ന 'അമ്മവാരു' ദേവിയുടെ വിഗ്രഹവുമായി കുളത്തിലേക്കു നടന്നുപോയി ചാടുകയുമായിരുന്നുവെന്നാണ് പൊലീസിനു ലഭിച്ച പ്രാഥമിക വിവരം. യുവതിയുടെ മൃതദേഹം കുളത്തില്‍നിന്ന് കണ്ടെത്തിയെങ്കിലും ദേവീവിഗ്രഹം ഇതുവരെ കണ്ടെത്താനായിട്ടില്ല. അന്വേഷണത്തില്‍ നിര്‍ണായക തെളിവായേക്കാവുന്ന വിഗ്രഹത്തിനായി ദുരന്തപ്രതിരോധ സേന ബോട്ടുകള്‍ ഉപയോഗിച്ച് തിരച്ചില്‍ തുടരുകയാണ്.

തേജസ്വിനിയുടെ മരണത്തിലേക്കു നയിച്ച സാഹചര്യം കണ്ടെത്താന്‍ പൊലീസ് വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി അമ്മ അരുണയെ വിശദമായി ചോദ്യംചെയ്തു. തേജസ്വിനിയുടെ മരണമൊഴിയെന്ന് സംശയിക്കുന്ന രേഖകള്‍, സാമ്പത്തിക ഇടപാടുകള്‍, സംഭവത്തിനു മുന്‍പുള്ള ദിവസങ്ങളിലെ നീക്കങ്ങള്‍ എന്നിവയും പരിശോധിച്ചുവരികയാണ്. തേജസ്വിനി താമസിച്ചിരുന്ന ഫ്‌ലാറ്റിന് പ്രതിദിനം ഏകദേശം 3,500 രൂപ വാടക നല്‍കിയിരുന്നതായാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. പ്രതിമാസം ഒരു ലക്ഷം രൂപയോളം വാടകയിനത്തില്‍ ചെലവഴിച്ചതിന്റെ കാരണം പൊലീസ് അന്വേഷിക്കുന്നുണ്ട്. കെട്ടിടത്തിന്റെ മുകളിലത്തെ രണ്ടു നിലകള്‍ അനധികൃതമായി ലോഡ്ജിന് സമാനമായി പ്രവര്‍ത്തിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതിന് യുവതിയുടെ മരണവുമായി ബന്ധമുണ്ടോയെന്നും പരിശോധിക്കുകയാണ്.

തേജസ്വിനിയുടേത് ആത്മഹത്യയാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ മരണത്തിലേക്കു നയിച്ച യഥാര്‍ഥ കാരണങ്ങളും സംഭവദിവസത്തെ കൃത്യമായ സമയക്രമവും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍, സാക്ഷിമൊഴികള്‍, ഫൊറന്‍സിക് തെളിവുകള്‍ എന്നിവ ശാസ്ത്രീയമായി പരിശോധിച്ചുവരികയാണ്. അന്വേഷണം പൂര്‍ത്തിയാകാത്തതിനാല്‍ മരണത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് അന്തിമ നിഗമനത്തിലെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

 
Other News in this category

 
 




 
Close Window