പാലാ: രാഷ്ട്രീയനാടകങ്ങള്‍ക്ക് പലവട്ടം വേദിയായ പാലായില്‍ യുഡിഎഫ് നടത്തിയ ഭരണപരീക്ഷണം ഏഴുമാസം തികയുംമുമ്പേ അവസാനിച്ചു. നഗരസഭാധ്യക്ഷ ദിയ ബിനു പുളിക്കക്കണ്ടത്തിനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം കോണ്‍ഗ്രസ് അംഗങ്ങളുടെ പിന്തുണയോടെ പാസായി. ഇതോടെ യുഡിഎഫ് പിന്തുണയോടെ അധികാരത്തിലെത്തിയ ദിയയ്ക്ക് അധ്യക്ഷസ്ഥാനം നഷ്ടമായി. 26 അംഗ കൗണ്‍സിലിലെ 17 പേര്‍ അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തു. എല്‍ഡിഎഫിന്റെ 12 അംഗങ്ങള്‍ക്കൊപ്പം പാര്‍ട്ടി വിപ്പ് ലംഘിച്ച നാല് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും സ്വതന്ത്ര അംഗവും ഉപാധ്യക്ഷയുമായ മായാ രാഹുലും പ്രമേയത്തെ അനുകൂലിച്ചു. ഹാജരായ 17 പേരും അനുകൂലമായി വോട്ട് ചെയ്തതോടെയാണ് പ്രമേയം പാസായത്. കെ.എം. മാണിയുടെ രാഷ്ട്രീയ തട്ടകവും കേരള കോണ്‍ഗ്രസ് (എം) ശക്തികേന്ദ്രവുമായ പാലായില്‍ പാര്‍ട്ടിയെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്തുകയെന്ന കോണ്‍ഗ്രസിന്റെ ലക്ഷ്യമാണ് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനുശേഷം അസാധാരണമായ ഭരണസഖ്യത്തിന് വഴിയൊരുക്കിയത്. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതിരുന്ന സാഹചര്യത്തില്‍ പുളിക്കക്കണ്ടം കുടുംബത്തിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സ്വതന്ത്ര കൂട്ടായ്മയുടെ പിന്തുണയോടെയാണ് യുഡിഎഫ് ഭരണം പിടിച്ചത്.
ബിനു പുളിക്കക്കണ്ടം, മകള്‍ ദിയ ബിനു പുളിക്കക്കണ്ടം, ബിനുവിന്റെ സഹോദരന്‍ ബിജു പുളിക്കക്കണ്ടം എന്നിവരായിരുന്നു സ്വതന്ത്ര കൂട്ടായ്മയിലെ അംഗങ്ങള്‍. 26 അംഗ കൗണ്‍സിലില്‍ യുഡിഎഫിന് 10 അംഗങ്ങളാണുണ്ടായിരുന്നത്‌കോണ്‍ഗ്രസ് ആറ്, കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം മൂന്ന്, കേരള ഡെമോക്രാറ്റിക് പാര്‍ട്ടി ഒന്ന്. കേരള കോണ്‍ഗ്രസ് (എം) അംഗങ്ങളായ പത്തുപേരും സിപിഎമ്മിന്റെ രണ്ടുപേരുമുള്‍പ്പെടെ എല്‍ഡിഎഫിന് 12 അംഗങ്ങളുണ്ടായിരുന്നു. മൂന്നംഗ സ്വതന്ത്ര കൂട്ടായ്മയ്‌ക്കൊപ്പം കോണ്‍ഗ്രസ് വിമതയായി മത്സരിച്ച മായാ രാഹുലും പിന്തുണച്ചതോടെയാണ് യുഡിഎഫിന് 14 അംഗങ്ങളുടെ ഭൂരിപക്ഷം ലഭിച്ചത്. 2025 ഡിസംബര്‍ 26ന് നടന്ന അധ്യക്ഷ തിരഞ്ഞെടുപ്പില്‍ 12നെതിരെ 14 വോട്ടുകള്‍ നേടിയാണ് 21 വയസ്സുകാരിയായ ദിയ അധികാരത്തിലെത്തിയത്. ഇതോടെ രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ നഗരസഭാധ്യക്ഷരിലൊരാളായ ദിയ, കേരള കോണ്‍ഗ്രസ് (എം) ആദ്യമായി പാലാ നഗരസഭയില്‍ പ്രതിപക്ഷത്താകുന്നതിനും വഴിയൊരുക്കി.
ആദ്യ രണ്ടര വര്‍ഷം ദിയയ്ക്ക് അധ്യക്ഷസ്ഥാനവും പിന്നീട് യുഡിഎഫിന് പദവിയും കൈമാറാനായിരുന്നു ധാരണ. ഇതേ കാലയളവില്‍ ബിനു പുളിക്കക്കണ്ടത്തിന് ഉപാധ്യക്ഷസ്ഥാനം കൂടി നല്‍കണമെന്ന് സ്വതന്ത്ര കൂട്ടായ്മ ആവശ്യപ്പെട്ടത് തുടക്കത്തില്‍ത്തന്നെ തര്‍ക്കത്തിനിടയാക്കി. യുഡിഎഫ്‌കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വങ്ങള്‍ ഇടപെട്ടതോടെ ആദ്യ ആറുമാസം മായാ രാഹുലിനെ ഉപാധ്യക്ഷയാക്കാനും തുടര്‍ന്ന് സ്ഥാനം ബിനുവിന് കൈമാറാനും തീരുമാനിച്ചു. എന്നാല്‍ അച്ഛനും മകളും ഒരേസമയം നഗരസഭയിലെ പ്രധാന പദവികള്‍ വഹിക്കുന്നതിനെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരില്‍ ഒരു വിഭാഗം എതിര്‍ത്തതോടെ ഭിന്നത രൂക്ഷമായി.
കൊട്ടാരമറ്റം ബസ്സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷാ സ്റ്റാന്‍ഡ് മാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കവും തുടര്‍ന്ന് ഇരുവിഭാഗവും പൊലീസില്‍ നല്‍കിയ പരാതികളും ബന്ധം കൂടുതല്‍ വഷളാക്കി. ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിന് ബസ്സ്റ്റാന്‍ഡില്‍ അനുമതി നല്‍കിയതും സ്വതന്ത്ര അംഗങ്ങള്‍ നിര്‍ണായക കൗണ്‍സില്‍ യോഗത്തില്‍നിന്ന് വിട്ടുനിന്നതും കോണ്‍ഗ്രസിന്റെ പ്രതിഷേധത്തിന് കാരണമായി. പിന്നാലെ സ്വതന്ത്ര കൂട്ടായ്മയ്ക്കുള്ള പിന്തുണ പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം യുഡിഎഫ് ഭരണം നഷ്ടപ്പെടുത്തുന്ന നടപടികളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ വിപ്പ് നല്‍കിയിരുന്നെങ്കിലും ബിജു മാത്യൂസ്, ടോണി തൈപ്പറമ്പില്‍, ലിസിക്കുട്ടി മാത്യു, രജിത പ്രകാശ് എന്നീ നാല് കോണ്‍ഗ്രസ് അംഗങ്ങള്‍ അവിശ്വാസപ്രമേയത്തെ പിന്തുണച്ചു. മായാ രാഹുലും ഇവര്‍ക്കൊപ്പം നിന്നു. രണ്ട് കോണ്‍ഗ്രസ് അംഗങ്ങളും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ മൂന്നുപേരും കെഡിപി അംഗവും പുളിക്കക്കണ്ടം കൂട്ടായ്മയിലെ മൂന്നുപേരും യോഗത്തില്‍ പങ്കെടുത്തില്ല. ദിയ പുറത്തായതോടെ പാലാ നഗരസഭയിലെ ഭരണസമവാക്യം വീണ്ടും തുറന്നിരിക്കുകയാണ്. ഒരു മുന്നണിക്കും തനിച്ച് ഭൂരിപക്ഷമില്ലാത്തതിനാല്‍ അടുത്ത അധ്യക്ഷ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് അംഗങ്ങളുടെയും സ്വതന്ത്രരുടെയും നിലപാട് നിര്‍ണായകമാകും.