Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.1489 INR  1 EURO=110.1807 INR
ukmalayalampathram.com
Thu 23rd Jul 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
'വ്യാജവാര്‍ത്തകളിലൂടെ വ്യക്തിഹത്യ നടത്തുന്നു'; മാധ്യമങ്ങള്‍ക്കു മുന്നില്‍ വിതുമ്പി പി.കെ. ശ്രീമതി
reporter

തിരുവനന്തപുരം: തനിക്കും കുടുംബത്തിനുമെതിരെ നിരന്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ പി.കെ. ശ്രീമതി മാധ്യമങ്ങള്‍ക്കു മുന്നില്‍ വിതുമ്പി. ഒരു മുന്‍ എംഎല്‍എയുടെ ഭാര്യയായി നടിച്ച് കുടുംബപെന്‍ഷന്‍ കൈപ്പറ്റുന്നുവെന്ന തരത്തില്‍ അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്കും യൂട്യൂബ് ചാനലുകള്‍ക്കുമെതിരെ മാനനഷ്ടക്കേസ് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അവര്‍ അറിയിച്ചു. വളരെയധികം മനഃപ്രയാസത്തോടെയാണ് മാധ്യമങ്ങളെ കാണുന്നതെന്ന് പി.കെ. ശ്രീമതി പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജനം ടിവി, ഭാരത് ലൈവ്, കര്‍മ ന്യൂസ് തുടങ്ങിയ ചാനലുകളിലും കണ്ണൂരിലെ 'സുദിനം' സായാഹ്നപത്രത്തിലും തനിക്കെതിരെ തെറ്റായ വാര്‍ത്തകള്‍ തുടര്‍ച്ചയായി പ്രചരിക്കുകയാണെന്നാണ് ആരോപണം.

തുടക്കത്തില്‍ വാര്‍ത്തകള്‍ അവഗണിക്കാന്‍ ശ്രമിച്ചെങ്കിലും അപകീര്‍ത്തികരമായ പ്രചാരണം ആവര്‍ത്തിച്ചതോടെയാണ് പ്രതികരിക്കാന്‍ നിര്‍ബന്ധിതയായതെന്ന് അവര്‍ പറഞ്ഞു. വാര്‍ത്തകളുടെ വിഡിയോകളും പത്രത്തിന്റെ പകര്‍പ്പുകളും ശേഖരിച്ച് നിയമനടപടികള്‍ക്കായി അഭിഭാഷകന് കൈമാറിയിട്ടുണ്ട്. ''അടിയന്തരമായി പ്രതികരിച്ചില്ലെങ്കില്‍ വാര്‍ത്ത സത്യമാണെന്ന് ആളുകള്‍ കരുതിയേക്കാം. രാഷ്ട്രീയജീവിതത്തില്‍ എന്നും സുതാര്യത പുലര്‍ത്തിയിട്ടുണ്ട്. തുടര്‍ച്ചയായ ഇത്തരം വ്യക്തിഹത്യകള്‍ താങ്ങാവുന്നതിനും അപ്പുറമാണ്,'' പി.കെ. ശ്രീമതി പറഞ്ഞു. പി.ആര്‍. കൃഷ്ണന്‍ എന്ന മുന്‍ എംഎല്‍എയുടെ ഭാര്യയായി നടിച്ച് നിയമസഭയില്‍നിന്നുള്ള കുടുംബപെന്‍ഷന്‍ കൈപ്പറ്റുന്നുവെന്നാണ് വാര്‍ത്തകളില്‍ ആരോപിക്കുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ അത്തരമൊരു വ്യക്തിയെ തനിക്ക് അറിയില്ലെന്നും വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് ആരും വിശദീകരണം തേടിയില്ലെന്നും ശ്രീമതി പറഞ്ഞു.

''അടിസ്ഥാനരഹിതമായ ആരോപണങ്ങളിലൂടെ ഒരു പൊതുപ്രവര്‍ത്തകയെ അപമാനിക്കുകയാണ്. വാര്‍ത്ത അവതരിപ്പിക്കുന്ന രീതി കേട്ടാല്‍ ആളുകള്‍ വിശ്വസിച്ചുപോകും. വളരെ മോശവും അധിക്ഷേപകരവുമായ രീതിയിലാണ് പ്രചാരണം നടത്തുന്നത്,'' അവര്‍ ആരോപിച്ചു. അമ്പതുവര്‍ഷത്തോളമായി പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന തന്നെക്കുറിച്ച് ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നതിനുമുമ്പ് വസ്തുതകള്‍ പരിശോധിക്കേണ്ട ഉത്തരവാദിത്വം മാധ്യമങ്ങള്‍ക്കുണ്ടെന്നും ശ്രീമതി പറഞ്ഞു. രാഷ്ട്രീയ എതിരാളികള്‍ പ്രചാരണത്തിനു പിന്നിലുണ്ടോയെന്ന സംശയവും അവര്‍ പ്രകടിപ്പിച്ചു. കഴിഞ്ഞ രണ്ടുമൂന്ന് ദിവസത്തിനിടെ ഒരു മാധ്യമപ്രവര്‍ത്തകന്‍പോലും ആരോപണങ്ങളുടെ വസ്തുത അന്വേഷിച്ച് തന്നെ സമീപിച്ചില്ലെന്നും അതിനാലാണ് പരസ്യമായി പ്രതികരിക്കാന്‍ തീരുമാനിച്ചതെന്നും പി.കെ. ശ്രീമതി വ്യക്തമാക്കി. ലോകമെമ്പാടുമുള്ള മലയാളികള്‍ കാണുന്ന യൂട്യൂബ് ചാനലുകളിലൂടെ നടത്തുന്ന അപകീര്‍ത്തികരമായ പ്രചാരണം അംഗീകരിക്കാനാകില്ലെന്നും ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അവര്‍ അറിയിച്ചു.

 
Other News in this category

 
 




 
Close Window