Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
സിഇടിയെ കെടിയുവിന്റെ ഘടക കോളജാക്കല്‍: എല്ലാവരുമായും ചര്‍ച്ച നടത്തിയശേഷം തീരുമാനമെന്ന് മന്ത്രി
reporter

തിരുവനന്തപുരം: തിരുവനന്തപുരം എന്‍ജിനീയറിങ് കോളജിനെ (സിഇടി) ഡോ. എ.പി.ജെ. അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ ഘടക കോളജാക്കുന്നതില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍. വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും ഉള്‍പ്പെടെ ബന്ധപ്പെട്ട എല്ലാവരുമായും ചര്‍ച്ച നടത്തിയശേഷമേ തീരുമാനമെടുക്കൂവെന്നും അഭിപ്രായങ്ങളെല്ലാം പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിലവിലെ അഫിലിയേറ്റഡ് കോളജ് പദവിയില്‍നിന്ന് സിഇടിയെ സര്‍വകലാശാലയുടെ ഘടക കോളജാക്കി മാറ്റാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വിവിധ കോണുകളില്‍നിന്ന് എതിര്‍പ്പുകള്‍ ഉയരുന്നതിനിടെയാണ് മന്ത്രിയുടെ വിശദീകരണം.

സിഇടിയെ ഘടക കോളജാക്കി മാറ്റുന്നത് സ്ഥാപനത്തിന്റെ സ്വയംഭരണാധികാരം നഷ്ടപ്പെടുത്തുമെന്നാണ് എതിര്‍ക്കുന്നവരുടെ വാദം. കോളജുമായി ബന്ധപ്പെട്ട തീരുമാനങ്ങളെല്ലാം സര്‍വകലാശാലയുടെ നിയന്ത്രണത്തിലാകുമെന്നും ഇത് വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. കെടിയു രൂപീകരിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തില്‍ വലിയ കുറവുകള്‍ നിലനില്‍ക്കുന്നതായി മന്ത്രി പറഞ്ഞു. പത്തുവര്‍ഷമായി സര്‍വകലാശാലയുടെ അടിസ്ഥാനസൗകര്യ വികസനത്തിന് ആവശ്യമായ നടപടികളുണ്ടായില്ല. ഇതുമൂലം ദേശീയ റാങ്കിങ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ സര്‍വകലാശാലയ്ക്ക് തിരിച്ചടിയുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് കെടിയുവിനെയും സിഇടിയെയും കൂടുതല്‍ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് കോളജിനെ സര്‍വകലാശാലയുടെ ഭാഗമാക്കാനുള്ള നിര്‍ദേശം മുന്നോട്ടുവച്ചതെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ജീവനക്കാര്‍ തുടങ്ങിയവരുമായി വിശദമായ ചര്‍ച്ച നടത്തും. എല്ലാ അഭിപ്രായങ്ങളും പരിഗണിച്ച് പൊതുസമ്മതമുള്ള രീതിയില്‍ മാത്രമേ പദ്ധതിയുമായി മുന്നോട്ടുപോകൂവെന്നും മന്ത്രി ഉറപ്പുനല്‍കി.

 
Other News in this category

 
 




 
Close Window