Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കേന്ദ്രമന്ത്രിയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് മന്ത്രി എന്‍. ഷംസുദ്ദീന്‍
reporter

തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനുമായി പ്രത്യേക കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് കേരള പൊതുവിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍. എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ മന്ത്രിമാര്‍ക്കായി മുന്‍കൂട്ടി നിശ്ചയിച്ച കോണ്‍ഫറന്‍സില്‍ മാത്രമാണ് പങ്കെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. നീറ്റ് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ വിദ്യാര്‍ഥി പ്രക്ഷോഭം തുടരുന്നതിനിടെ ധര്‍മേന്ദ്ര പ്രധാനുമായി കൂടിക്കാഴ്ച നടത്തിയെന്ന വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വിശദീകരണം. സംസ്ഥാനത്തിന് അവകാശപ്പെട്ട കേന്ദ്രവിഹിതം ലഭ്യമാക്കുന്നതിനും വിദ്യാഭ്യാസ പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ ഉന്നയിക്കുന്നതിനുമാണ് യോഗത്തില്‍ പങ്കെടുത്തതെന്ന് മന്ത്രി പറഞ്ഞു. സമഗ്ര ശിക്ഷാ പദ്ധതിയില്‍ കേരളത്തിന് ലഭിക്കാനുള്ള 1,500 കോടി രൂപയുടെ കുടിശ്ശിക അടിയന്തരമായി അനുവദിക്കണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു.

പി.എം. ശ്രീ പദ്ധതിയും സമഗ്ര ശിക്ഷാ ഫണ്ടും രണ്ടുവ്യത്യസ്ത വിഷയങ്ങളാണെന്നും അവ തമ്മില്‍ കൂട്ടിക്കുഴയ്ക്കരുതെന്നും കേന്ദ്രത്തെ അറിയിച്ചതായി മന്ത്രി വ്യക്തമാക്കി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണത്തിനു പുറമേ പ്രഭാതഭക്ഷണവും എട്ടാം ക്ലാസിനുപകരം പന്ത്രണ്ടാം ക്ലാസ് വരെ ഭക്ഷണവും ഉറപ്പാക്കുന്ന പുതിയ പി.എം. പോഷണ്‍ പദ്ധതിയുമായി സഹകരിക്കാന്‍ കേരളം സന്നദ്ധമാണെന്നും യോഗത്തില്‍ അറിയിച്ചു. സംസ്ഥാനത്തിന്റെ നിലപാടുകളും നിര്‍ദേശങ്ങളും കേന്ദ്രത്തെ അറിയിക്കാനാണ് കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്. കേന്ദ്രമന്ത്രിയുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തിയിട്ടില്ല. കേരളത്തിന് ലഭിക്കേണ്ട കേന്ദ്രഫണ്ട് നേടിയെടുക്കുന്നതിനും പുതിയ പദ്ധതികളുടെ ആനുകൂല്യം വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കുന്നതിനുമാണ് യോഗത്തില്‍ വിഷയങ്ങള്‍ അവതരിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.

 
Other News in this category

 
 




 
Close Window