Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കാസര്‍കോട്, തലശ്ശേരി റെയില്‍വേ പാഴ്സല്‍ ഓഫീസുകള്‍ അടച്ചുപൂട്ടുന്നു; പ്രതിഷേധവുമായി യാത്രക്കാരും വ്യാപാരികളും
reporter

കാസര്‍കോട്: ദശാബ്ദങ്ങളായി പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ആശ്രയമായിരുന്ന കാസര്‍കോട്, തലശ്ശേരി റെയില്‍വേ സ്റ്റേഷനുകളിലെ പാഴ്സല്‍ ഓഫീസുകള്‍ പൂര്‍ണമായി അടച്ചുപൂട്ടുന്നു. ജൂലൈ 25 മുതല്‍ ഇരു സ്റ്റേഷനുകളിലേക്കുമുള്ള പാഴ്സലുകളുടെ ബുക്കിങ്ങും വിതരണവും അവസാനിപ്പിക്കുമെന്ന് ദക്ഷിണ റെയില്‍വേ ഉത്തരവിറക്കി. തീരുമാനം പുറത്തുവന്നതോടെ യാത്രക്കാരും വ്യാപാരികളും പ്രതിഷേധവുമായി രംഗത്തെത്തി. കാസര്‍കോട് റെയില്‍വേ പാഴ്സല്‍ ഓഫീസിനു മുന്നില്‍ റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ മിന്നല്‍ പ്രതിഷേധം സംഘടിപ്പിച്ചു. കാസര്‍കോട് ജില്ലയിലെ ഏക റെയില്‍വേ പാഴ്സല്‍ ഓഫീസാണ് അടച്ചുപൂട്ടുന്നത്. ജില്ലയിലേക്ക് ആവശ്യമായ നെയ്യ്, വെണ്ണ, തൈര് തുടങ്ങിയ പാല്‍ ഉല്‍പ്പന്നങ്ങളുടെ 80 ശതമാനവും തിരുപ്പൂര്‍ ഉത്തുക്കുളിയില്‍നിന്നാണ് ഈ സര്‍വീസിലൂടെ എത്തിച്ചിരുന്നത്. തിരുപ്പൂരില്‍നിന്നുള്ള വസ്ത്രങ്ങള്‍, പാലക്കാട്ടുനിന്നുള്ള മരുന്നുകള്‍, ചെന്നൈയില്‍നിന്നുള്ള അലങ്കാര മത്സ്യങ്ങള്‍ എന്നിവയുടെ നീക്കത്തിനും വ്യാപാരികള്‍ പ്രധാനമായും ആശ്രയിച്ചിരുന്നത് റെയില്‍വേ പാഴ്സല്‍ സര്‍വീസിനെയാണ്.

ബെംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കും ഐ.ടി. ജീവനക്കാര്‍ക്കും ഇരുചക്രവാഹനങ്ങള്‍ അയക്കുന്നതിനുള്ള പ്രധാന സംവിധാനവും ഇതായിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചതെന്നും എന്നാല്‍ നിലവിലുള്ള അടിസ്ഥാനസൗകര്യംതന്നെ ഇല്ലാതാക്കുമെന്ന് കരുതിയില്ലെന്നും കാസര്‍കോട് റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി നാസര്‍ ചെര്‍ക്കളം പറഞ്ഞു. വരുമാനക്കുറവാണ് ഓഫീസുകള്‍ അടച്ചുപൂട്ടാനുള്ള കാരണമെന്ന റെയില്‍വേയുടെ വാദം ജീവനക്കാര്‍ തള്ളി. കഴിഞ്ഞ മാസം മാത്രം കാസര്‍കോട് പാഴ്സല്‍ ഓഫീസിന് 1.5 ലക്ഷം രൂപയുടെ വരുമാനം ലഭിച്ചിരുന്നുവെന്നാണ് ജീവനക്കാര്‍ പറയുന്നത്.

അഞ്ചുമാസം മുന്‍പ് ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിച്ചിരുന്ന ട്രോളിപാത റെയില്‍വേ അടച്ചതാണ് വരുമാനം കുറയാന്‍ കാരണമെന്ന് ജീവനക്കാരനായ അസ്‌കര്‍ ആരോപിച്ചു. ഇതോടെ മംഗളൂരു, കൊങ്കണ്‍ ഭാഗങ്ങളിലേക്ക് പോകുന്ന ട്രെയിനുകളില്‍ പാഴ്സലുകള്‍ കയറ്റാനും ഇറക്കാനും കഴിയാതായി. ആസൂത്രിതമായ ഈ നീക്കമാണ് വരുമാനം പകുതിയായി കുറച്ചതെന്നും അദ്ദേഹം പറഞ്ഞു. ഓഫീസുകള്‍ അടയ്ക്കുന്നതോടെ തലശ്ശേരിയിലുള്ളവര്‍ കണ്ണൂര്‍ സ്റ്റേഷനെയും കാസര്‍കോട്ടുകാര്‍ മംഗളൂരുവിലെ സ്റ്റേഷനുകളെയും ആശ്രയിക്കേണ്ടിവരും. തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തലശ്ശേരി എംഎല്‍എ കാരായി രാജനും കാസര്‍കോട് എംഎല്‍എ മാഹിന്‍ ഹാജിയും പാലക്കാട്, ചെന്നൈ റെയില്‍വേ അധികൃതര്‍ക്ക് കത്തയച്ചു. വിഷയത്തില്‍ എംപിമാര്‍ അടിയന്തരമായി ഇടപെടണമെന്ന് കാസര്‍കോട് റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍. പ്രശാന്ത് കുമാറും ആവശ്യപ്പെട്ടു.

 
Other News in this category

 
 




 
Close Window