Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
16 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തിന് സ്വന്തം വീട്
reporter

കൊച്ചി: മലയാളികളുടെ പ്രിയനടന്‍ കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തിന് 16 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സ്വന്തം വീടൊരുങ്ങി. കൊച്ചി വെണ്ണല അംബേദ്കര്‍ റോഡില്‍ നിര്‍മിച്ച വീടിന് 'കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍' എന്നാണ് പേരിട്ടിരിക്കുന്നത്. സമകാലിക മലയാളം റിപ്പോര്‍ട്ട് ഞായറാഴ്ച നടന്ന ഗൃഹപ്രവേശച്ചടങ്ങില്‍ നടന്‍ ദിലീപ്, ഹരിശ്രീ അശോകന്‍ എന്നിവരുള്‍പ്പെടെ സിനിമാ-സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ പങ്കെടുത്തു. കൊച്ചിന്‍ ഹനീഫയുടെ സമ്പാദ്യം ഉപയോഗിച്ചുതന്നെ അദ്ദേഹത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഭാര്യ ഫാസിലയും മക്കളായ സഫയും മര്‍വയും. പിതാവ് എബി മുഹമ്മദിന്റെ പേരിലായിരിക്കണം തന്റെ വീടെന്ന് കൊച്ചിന്‍ ഹനീഫ ആഗ്രഹിച്ചിരുന്നതായി കുടുംബം പറയുന്നു. ആ ആഗ്രഹം മാനിച്ചാണ് വീടിന് 'കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍' എന്നു പേരിട്ടത്. മൂന്നുനിലകളിലായി അഞ്ചു കിടപ്പുമുറികളുള്ള വീട്ടില്‍ ഹനീഫയുടെ ചിത്രങ്ങളും പുരസ്‌കാരങ്ങളും സ്‌നേഹോപഹാരങ്ങളും സൂക്ഷിച്ചിട്ടുണ്ട്. വീടിന്റെ ഇന്റീരിയര്‍ ഡിസൈന്‍ നിര്‍വഹിച്ചത് മക്കളായ സഫയും മര്‍വയുമാണ്.

2010ല്‍ കൊച്ചിന്‍ ഹനീഫ അപ്രതീക്ഷിതമായി വിടപറയുമ്പോള്‍ ഇരട്ടമക്കള്‍ക്ക് നാലു വയസ്സായിരുന്നു. അതിനുശേഷം 16 വര്‍ഷത്തോളം കടവന്ത്രയിലെ വാടകവീട്ടിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. തലശ്ശേരി സ്വദേശിനിയായ ഫാസിലയോട് നാട്ടിലേക്ക് മടങ്ങാന്‍ ബന്ധുക്കള്‍ ആവശ്യപ്പെട്ടെങ്കിലും ഭര്‍ത്താവിന്റെ ഓര്‍മകള്‍ നിറഞ്ഞ കൊച്ചിയില്‍ത്തന്നെ തുടരാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു. കൊച്ചിന്‍ ഹനീഫയുടെ സമ്പാദ്യം കുടുംബത്തിന് ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ചില നിയമപ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും മക്കള്‍ക്ക് 18 വയസ്സായതോടെയാണ് അവ പരിഹരിക്കപ്പെട്ടതെന്നും ഫാസില പറഞ്ഞു. തുടര്‍ന്നാണ് സ്വന്തമായി വീട് നിര്‍മിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. ''ചില നിയമപ്രശ്‌നങ്ങളുണ്ടായിരുന്നു. ഒടുവില്‍ ഹനീഫിക്കയുടെ സമ്പാദ്യം കൊണ്ടുതന്നെ അദ്ദേഹം ആഗ്രഹിച്ച രീതിയില്‍ വീട് പണിയാന്‍ കഴിഞ്ഞു. ആരുടെയും മുന്നില്‍ തലകുനിക്കാന്‍ ഇഷ്ടപ്പെടാത്ത അഭിമാനിയായിരുന്നു ഹനീഫിക്ക. എല്ലാ പ്രശ്‌നങ്ങളും തീരുന്നതുവരെ 16 വര്‍ഷം കാത്തിരുന്നു,'' ഫാസില 24 ന്യൂസിനോട് പറഞ്ഞു.

കൊച്ചിന്‍ ഹനീഫയുടെ മരണശേഷവും കുടുംബത്തിനൊപ്പം ദിലീപ് ഉറച്ചുനിന്നതായി ഫാസിലയും സഹോദരന്‍ ഫിറോസ് മാളിയേക്കലും പറഞ്ഞു. കുടുംബത്തിന് വരുമാനം ഉറപ്പാക്കുന്നതിനായി ഹനീഫയുടെ ഇന്നോവ കാര്‍ തന്റെ സിനിമാ സെറ്റുകളില്‍ ഉപയോഗിക്കാന്‍ ദിലീപ് അവസരമൊരുക്കിയതായും അവര്‍ വെളിപ്പെടുത്തി. മിമിക്രിയിലൂടെ കലാജീവിതം ആരംഭിച്ച കൊച്ചിന്‍ ഹനീഫ വില്ലന്‍, ഹാസ്യനടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ മലയാള-തമിഴ് സിനിമകളില്‍ ശ്രദ്ധേയനായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് 2010 ഫെബ്രുവരി രണ്ടിനാണ് അദ്ദേഹം അന്തരിച്ചത്.

 
Other News in this category

 
 




 
Close Window