Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കരൂര്‍ ദുരന്തം: 31 ആശ്രിതര്‍ക്ക് നല്‍കിയ സര്‍ക്കാര്‍ നിയമനം ഹൈക്കോടതി റദ്ദാക്കി
reporter

ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ പ്രത്യേക ആശ്രിത നിയമനങ്ങള്‍ മദ്രാസ് ഹൈക്കോടതി റദ്ദാക്കി. മരിച്ചവരുടെ ബന്ധുക്കളായ 31 പേര്‍ക്ക് നല്‍കിയ നിയമനമാണ് ഹൈക്കോടതിയുടെ മധുര ബെഞ്ച് റദ്ദാക്കിയത്. ജൂലൈ 10ന് കരൂര്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രി വിജയ് ആണ് 31 കുടുംബാംഗങ്ങള്‍ക്ക് ആശ്രിത നിയമനം നല്‍കിയത്. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. നിയമനങ്ങള്‍ക്കെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സ്വകാര്യ വ്യക്തികളും പൊതുതാല്‍പര്യ ഹര്‍ജികളുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജികളില്‍ സര്‍ക്കാരിന്റെ വാദംകൂടി കേട്ടശേഷമാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

സര്‍ക്കാര്‍ ജോലി വെറുതെ ആര്‍ക്കും നല്‍കാവുന്ന ഒന്നല്ലെന്നും അതിന് അതിന്റേതായ മൂല്യമുണ്ടെന്നും കോടതി നിരീക്ഷിച്ചു. സര്‍ക്കാര്‍ ജോലി നേടുന്നതിനായി നിരവധി ഉദ്യോഗാര്‍ഥികള്‍ കഠിനമായി പരിശ്രമിക്കുന്നുണ്ട്. ഒരു അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അതിന്റെ അടിസ്ഥാനത്തില്‍ മാത്രം സര്‍ക്കാര്‍ ജോലി നല്‍കാനാവില്ലെന്നും കോടതി വ്യക്തമാക്കി. മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം ജൂലൈ രണ്ടാം വാരത്തിലാണ് വിജയ് ആദ്യമായി കരൂര്‍ സന്ദര്‍ശിച്ചത്. മരിച്ചവരുടെ കുടുംബത്തിലെ ഒരാള്‍ക്കുവീതം ജോലി നല്‍കാന്‍ വിജയിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു 31 പേര്‍ക്ക് നിയമനം നല്‍കിയത്.

2025 സെപ്റ്റംബര്‍ 27ന് കരൂരില്‍ നടന്ന വിജയിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ടിവികെയുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 41 പേരാണ് മരിച്ചത്. റാലിയില്‍ പങ്കെടുക്കാന്‍ വന്‍ ജനക്കൂട്ടമാണ് കരൂരിലെത്തിയത്. നിശ്ചയിച്ചതിലും ഏഴു മണിക്കൂറോളം വൈകി വിജയിന്റെ വാഹനവ്യൂഹം എത്തിയതോടെ ജനക്കൂട്ടം മുന്നോട്ടുനീങ്ങാന്‍ ശ്രമിച്ചു. തുടര്‍ന്നുണ്ടായ അനിയന്ത്രിതമായ തിക്കിലും തിരക്കിലുമാണ് ദുരന്തമുണ്ടായത്. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട കേസ് നിലവില്‍ സിബിഐയാണ് അന്വേഷിക്കുന്നത്.

 
Other News in this category

 
 




 
Close Window