Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
മൈക്രോ പ്ലാന്‍ സഹായം വൈകുന്നു; കുടുംബശ്രീ ഓഫീസില്‍ ദുരിതബാധിതരുടെ പ്രതിഷേധം
reporter

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കുള്ള ഉപജീവന പദ്ധതികളുടെ മൈക്രോ പ്ലാന്‍ ധനസഹായം വൈകുന്നതില്‍ പ്രതിഷേധിച്ച് ദുരിതബാധിതര്‍ രംഗത്ത്. തിങ്കളാഴ്ച കല്‍പ്പറ്റയിലെ കുടുംബശ്രീ ജില്ലാ ഓഫീസിലെത്തിയ ദുരിതബാധിതര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. ഉപജീവന പദ്ധതികളുടെ ഭാഗമായി ഒരാള്‍ക്ക് രണ്ടു ലക്ഷം രൂപവരെ നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും നിരവധി പേര്‍ക്ക് സഹായം ലഭിച്ചിട്ടില്ലെന്നാണ് പരാതി. ധനസഹായത്തിനായി തുടര്‍ച്ചയായി വിവിധ ഓഫീസുകള്‍ കയറിയിറങ്ങി മടുത്തെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള കാലതാമസവും ആശയക്കുഴപ്പവുമാണ് വിതരണം വൈകാന്‍ കാരണമെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. പ്രതിഷേധം ശക്തമായതോടെ കൃഷിമന്ത്രി ടി. സിദ്ദിഖ് ദുരിതബാധിതരുമായി ചര്‍ച്ച നടത്തി. അര്‍ഹരായ എല്ലാവര്‍ക്കും ഒരാഴ്ചയ്ക്കകം ധനസഹായം വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ചൊവ്വാഴ്ച അടിയന്തര യോഗം വിളിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ പ്രശ്‌നത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി അറിയിച്ചു. പദ്ധതിക്കായി ആകെ ഒമ്പത് കോടി രൂപയാണ് ആവശ്യമുള്ളത്. വിവിധ ഉപജീവന പദ്ധതികളുടെ ഭാഗമായി 290 പേര്‍ക്ക് ഇതുവരെ 4.14 കോടി രൂപ വിതരണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പലര്‍ക്കും വ്യത്യസ്ത തുക ലഭിച്ചതായി പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ അര്‍ഹരായ എല്ലാവര്‍ക്കും ഒരേ രീതിയില്‍ രണ്ടു ലക്ഷം രൂപവീതം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. തീരുമാനം നടപ്പാക്കാന്‍ ജില്ലാ കളക്ടര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ബാങ്ക് പ്രതിനിധികളുടെ യോഗം ചൊവ്വാഴ്ച

സര്‍ക്കാര്‍ ധനസഹായം ബാങ്ക് അക്കൗണ്ടില്‍ എത്തിയിട്ടും പണയപ്പെടുത്തിയ സ്വര്‍ണം തിരികെ ലഭിക്കുന്നില്ലെന്ന ദുരിതബാധിതരുടെ പരാതിയില്‍ ബാങ്ക് പ്രതിനിധികളുടെ അടിയന്തര യോഗം വിളിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു. ചൊവ്വാഴ്ച നടക്കുന്ന യോഗത്തില്‍ ഈ വിഷയവും പരിഗണിക്കും. സര്‍ക്കാരിന്റെ ധനസഹായം തടസ്സമില്ലാതെ ലഭിക്കുന്നതിനായി ഓരോ ഉപജീവന പദ്ധതിക്കും ആവശ്യമായ മൈക്രോ പ്ലാനുകള്‍ സമയബന്ധിതമായി സമര്‍പ്പിക്കണമെന്നും ദുരിതബാധിതരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ വലിയ ഉത്തരവാദിത്തത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 
Other News in this category

 
 




 
Close Window