Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചതിന് പിന്നാലെ സിജെപിയുടെ നൃത്താഘോഷം; വിമര്‍ശിച്ച് സോനം വാങ്ചുക്
reporter

ന്യൂഡല്‍ഹി: ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചതിന് പിന്നാലെ 'കോക്രോച്ച് ജനതാ പാര്‍ട്ടി' (സിജെപി) നേതാക്കള്‍ നൃത്തം ചെയ്ത് ആഘോഷിക്കുന്ന ദൃശ്യങ്ങളെച്ചൊല്ലിയുള്ള വിവാദം ശക്തമാകുന്നു. സമരം അവസാനിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ സംഘടിപ്പിച്ച ആഘോഷം അനാദരവാണെന്ന വിമര്‍ശനം പാര്‍ട്ടി അനുഭാവികളില്‍നിന്നുള്‍പ്പെടെ ഉയര്‍ന്നിട്ടുണ്ട്. സിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് നിരാഹാരസമരം നടത്തിയ പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കും ആഘോഷത്തെ വിമര്‍ശിച്ചു. വിജയത്തിനൊപ്പം എളിമയും ഉണ്ടാകണമെന്നും ആത്മാഭിമാനത്തോടും സംയമനത്തോടും ഉത്തരവാദിത്തത്തോടും കൂടിയായിരിക്കണം ആഘോഷങ്ങളെന്നും അദ്ദേഹം അനുഭാവികളോട് പറഞ്ഞു. വിജയം നേടുന്നതുപോലെതന്നെ പ്രധാനമാണ് ബഹുമാനവും എളിമയും നിലനിര്‍ത്തുന്നതെന്നും വാങ്ചുക് ഓര്‍മിപ്പിച്ചു. സിജെപിയുടെ പ്രധാന നേതാക്കള്‍ നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവാദം രൂക്ഷമായത്. സമരത്തില്‍ പങ്കെടുത്ത നിരവധി പേര്‍ ഭക്ഷണവും താമസവും യാത്രാസൗകര്യവുമില്ലാതെ ബുദ്ധിമുട്ടുന്നതിനിടെയായിരുന്നു നേതാക്കളുടെ ആഘോഷമെന്നാണ് വിമര്‍ശനം.

സിജെപി നേതാക്കള്‍ക്കൊപ്പം ഒരു മാസത്തിലേറെയായി ജന്തര്‍ മന്തറില്‍ ക്യാംപ് ചെയ്തിരുന്ന സമരക്കാര്‍ക്ക് ഭക്ഷണവും നാട്ടിലേക്കുള്ള യാത്രാസൗകര്യവും താനും സുഹൃത്തുക്കളും ചേര്‍ന്നാണ് ഒരുക്കിയതെന്ന് ഇന്‍ഫ്‌ലുവന്‍സര്‍ മേഘ്നാഥ് പറഞ്ഞു. ഡല്‍ഹിയില്‍ എഴുപതിലേറെ സമരക്കാരും വിദ്യാര്‍ഥികളും പട്ടിണിയില്‍ കഴിയുമ്പോഴാണ് നേതാക്കള്‍ ആഘോഷത്തില്‍ മുഴുകിയതെന്ന് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ ആരോപിച്ചു. സമരക്കാരെ സ്വന്തം പണം ചെലവഴിച്ച് നാട്ടിലേക്ക് അയയ്ക്കാനുള്ള ശ്രമത്തിനിടെയാണ് ആഘോഷദൃശ്യങ്ങള്‍ കണ്ടതെന്നും അതിനാലാണ് പരസ്യമായി പ്രതികരിച്ചതെന്നും മേഘ്നാഥ് വ്യക്തമാക്കി. സിജെപിയും ഒടുവില്‍ മറ്റൊരു സാധാരണ രാഷ്ട്രീയ പാര്‍ട്ടിയായി മാറിയെന്ന രൂക്ഷവിമര്‍ശനത്തോടെയാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്. വിമര്‍ശനം ശക്തമായതോടെ വിശദീകരണവുമായി സിജെപി രംഗത്തെത്തി. പുതിയ തലമുറയുടെ ആവേശവും പ്രതിസന്ധികളെ അതിജീവിക്കാനുള്ള ശേഷിയുമാണ് ദൃശ്യങ്ങളില്‍ പ്രതിഫലിക്കുന്നതെന്ന് പാര്‍ട്ടി വക്താവ് സൗരവ് ദാസ് എക്‌സില്‍ കുറിച്ചു. നൃത്തം ചെയ്തുകൊണ്ടും കോള്‍ഡ് കോഫി കുടിച്ചുകൊണ്ടും പ്രതിഷേധിക്കാനും സംഘടനാപ്രവര്‍ത്തനം നടത്താനും പുതിയ തലമുറയ്ക്കു കഴിയുമെന്നും അവരുടെ ഭാഷ സര്‍ക്കാരിനും ചില ടെലിവിഷന്‍ അവതാരകര്‍ക്കും മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രസ്ഥാനത്തിന്റെ മുന്നണിയില്‍ പ്രവര്‍ത്തിച്ച വോളന്റിയര്‍മാരെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച കൂട്ടായ്മയായിരുന്നു അതെന്നും സൗരവ് ദാസ് പിന്നീട് വിശദീകരിച്ചു. നൃത്താഘോഷത്തിനു മുമ്പ് വോളന്റിയര്‍മാരുമായി തുറന്ന ആശയവിനിമയം നടത്തിയിരുന്നുവെന്നും എല്ലാവരോടും നേരിട്ട് സംസാരിച്ച ശേഷമാണ് പരിപാടി സംഘടിപ്പിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.

 
Other News in this category

 
 




 
Close Window