കൊച്ചി: കൊട്ടാരക്കര സീറ്റ് വാഗ്ദാനം ചെയ്ത് പാര്‍ട്ടിയിലെത്തിച്ച ശേഷം ട്വന്റി20 അധ്യക്ഷന്‍ സാബു എം. ജേക്കബ് തന്നെ ചതിച്ചെന്ന ആരോപണവുമായി സംവിധായകനും തൃക്കാക്കരയിലെ പാര്‍ട്ടി സ്ഥാനാര്‍ഥിയുമായിരുന്ന അഖില്‍ മാരാര്‍. ട്വന്റി20 വിട്ടശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊട്ടാരക്കരയില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചിരുന്ന സമയത്താണ് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവസരം നല്‍കാമെന്ന് പറഞ്ഞ് ട്വന്റി20 നേതൃത്വം സമീപിച്ചതെന്ന് അഖില്‍ മാരാര്‍ പറഞ്ഞു. വര്‍ഷങ്ങളായി രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയ കൊട്ടാരക്കരയില്‍ വ്യക്തിപരമായി വോട്ട് നേടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. ജീവിതത്തില്‍ എടുത്ത ഏറ്റവും തെറ്റായ തീരുമാനങ്ങളിലൊന്നായി അത് മാറിയെന്നും തന്റെ പിഴവുകൊണ്ടല്ല, സാബു ജേക്കബ് ചതിച്ചതുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ കൊട്ടാരക്കര സീറ്റ് നല്‍കുമെന്ന് സാബു ജേക്കബ് ഉറപ്പുനല്‍കിയിരുന്നു. പലതവണ ബന്ധപ്പെട്ടപ്പോഴും മണ്ഡലത്തില്‍ പ്രവര്‍ത്തനവും പ്രചാരണവും ആരംഭിക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. എന്നാല്‍ പിന്നീട് രശ്മിയെ കൊട്ടാരക്കരയില്‍ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചതോടെ സാബു ജേക്കബ് നിലപാട് മാറ്റിയെന്നാണ് അഖിലിന്റെ ആരോപണം.
കൊട്ടാരക്കര സീറ്റ് നല്‍കാന്‍ കഴിയാത്ത സാഹചര്യത്തില്‍ തനിക്ക് മാന്യമായ മറ്റൊരു മണ്ഡലം നല്‍കണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടിരുന്നുവെന്നും രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടലിനെ തുടര്‍ന്ന് തൃപ്പൂണിത്തുറ സീറ്റ് ട്വന്റി20യ്ക്ക് നല്‍കാന്‍ ബിജെപി തീരുമാനിച്ചിരുന്നുവെന്നും അഖില്‍ പറഞ്ഞു. എന്നാല്‍ മാര്‍ച്ച് 15ന് തൃക്കാക്കര സീറ്റാണ് തനിക്കായി ഡല്‍ഹിയില്‍നിന്ന് തീരുമാനിച്ചതെന്ന് സാബു ജേക്കബ് അറിയിക്കുകയായിരുന്നു. ട്വന്റി20യ്ക്ക് അനുവദിച്ച മണ്ഡലത്തില്‍ ആരെ സ്ഥാനാര്‍ഥിയാക്കണമെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടി അധ്യക്ഷനല്ലേയെന്ന് താന്‍ ചോദിച്ചതായും അഖില്‍ വ്യക്തമാക്കി. തൃക്കാക്കരയില്‍ സ്ഥാനാര്‍ഥിയായെങ്കിലും പാര്‍ട്ടിയില്‍നിന്ന് മതിയായ പിന്തുണ ലഭിച്ചില്ലെന്നും അഖില്‍ ആരോപിച്ചു. നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച ദിവസം മാത്രമാണ് സാബു ജേക്കബ് മണ്ഡലത്തിലെത്തിയത്. പ്രചാരണത്തിനിടെ ട്വന്റി20യില്‍നിന്ന് രണ്ടുപേര്‍ മാത്രമാണ് മുഴുവന്‍ സമയവും ഒപ്പമുണ്ടായിരുന്നത്. പാര്‍ട്ടിയുടെ പ്രാദേശിക പ്രവര്‍ത്തകരും തിരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലറും പ്രചാരണത്തില്‍ സജീവമായില്ലെന്നും എന്‍ഡിഎയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്ലാതിരുന്ന ഏക മണ്ഡലം തൃക്കാക്കരയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കൊട്ടാരക്കരയില്‍നിന്നും മറ്റു പ്രദേശങ്ങളില്‍നിന്നും സ്വന്തം അനുയായികളെ എത്തിച്ചാണ് പ്രചാരണം നടത്തിയതെന്ന് അഖില്‍ പറഞ്ഞു. ഇവര്‍ക്ക് താമസസൗകര്യം ഒരുക്കേണ്ടിവന്നു. തിരഞ്ഞെടുപ്പ് ചെലവിനായി ഏറെ ആഗ്രഹിച്ച് 20 ലക്ഷം രൂപയ്ക്ക് വാങ്ങിയ ബിഎംഡബ്ല്യു ബൈക്ക് വില്‍ക്കേണ്ടിവന്നെന്നും സാബു ജേക്കബുമായി പിന്നീട് സംസാരിച്ചശേഷമാണ് ചെലവഴിച്ച തുകയുടെ ഒരു ഭാഗം തിരികെ ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പിനുശേഷം കൊല്ലം ജില്ലാ പ്രസിഡന്റായി പ്രവര്‍ത്തിക്കാന്‍ സന്നദ്ധത അറിയിച്ചെങ്കിലും രണ്ടര മാസമായിട്ടും പാര്‍ട്ടി നേതൃത്വം മറുപടി നല്‍കിയില്ലെന്നും അഖില്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി ട്വന്റി20യ്ക്ക് വലിയ തുക നല്‍കിയിരുന്നെങ്കിലും പല മണ്ഡലങ്ങളിലും അത് വിനിയോഗിച്ചില്ലെന്നും ഫണ്ട് ഒരു വ്യക്തിയിലേക്ക് കേന്ദ്രീകരിക്കപ്പെട്ടപ്പോള്‍ അതിന്റെ പഴി സ്ഥാനാര്‍ഥികള്‍ കേള്‍ക്കേണ്ടിവന്നെന്നും അദ്ദേഹം ആരോപിച്ചു. കൊട്ടാരക്കരയില്‍നിന്ന് തന്നെ ഒഴിവാക്കുന്നതില്‍ എ.എന്‍. രാധാകൃഷ്ണന്‍ ഇടപെട്ടതായും അഖില്‍ ആരോപിച്ചു. ബിജെപിക്ക് സംഘടനാ സാന്നിധ്യമുള്ള തൃപ്പൂണിത്തുറയില്‍ മത്സരിച്ചിരുന്നെങ്കില്‍ വ്യക്തിപരമായ പിന്തുണകൂടി ഉപയോഗിച്ച് കുറഞ്ഞത് 40,000 വോട്ട് നേടാന്‍ കഴിയുമായിരുന്നുവെന്നും ഭാവിയില്‍ മണ്ഡലത്തില്‍ ശക്തമായ സാന്നിധ്യം ഉറപ്പാക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ സാധ്യതയില്‍നിന്ന് തന്നെ ബുദ്ധിപരമായി ഒഴിവാക്കി തൃക്കാക്കരയിലേക്ക് മാറ്റുകയായിരുന്നുവെന്നാണ് അഖില്‍ മാരാറിന്റെ ആരോപണം.