Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കോളജുകളില്‍ എച്ച്ഐവി പരിശോധനാ ക്യാംപുകള്‍; ക്യൂആര്‍ അധിഷ്ഠിത ആപ്പുമായി കര്‍ണാടക
reporter

ബംഗളൂരു: സംസ്ഥാനത്തെ എല്ലാ എന്‍ജിനീയറിങ്, ഡിഗ്രി കോളജുകളിലെയും വിദ്യാര്‍ഥികള്‍ക്കായി എച്ച്ഐവി പരിശോധനാ ക്യാംപുകള്‍ സംഘടിപ്പിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍. പരിശോധനയ്‌ക്കെത്തുന്ന വിദ്യാര്‍ഥികളുടെ സ്വകാര്യത ഉറപ്പാക്കുന്നതിനായി 'നോ യുവര്‍ എച്ച്ഐവി സ്റ്റാറ്റസ്' എന്ന പേരില്‍ ക്യൂആര്‍ കോഡ് അധിഷ്ഠിത ആപ്പ് തയ്യാറാക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. എച്ച്ഐവി തുടക്കത്തില്‍ത്തന്നെ കണ്ടെത്തുക, ആവശ്യമായ കൗണ്‍സലിങ്ങും ചികിത്സയും കൃത്യസമയത്ത് ലഭ്യമാക്കുക, യുവജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം വര്‍ധിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. പരിശോധനാ ക്യാംപുകളോടനുബന്ധിച്ച് എച്ച്ഐവി പ്രതിരോധം, സുരക്ഷിതമായ ജീവിതരീതികള്‍, കൃത്യമായ ഇടവേളകളിലുള്ള ആരോഗ്യപരിശോധനകളുടെ പ്രാധാന്യം എന്നിവയെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് ബോധവത്കരണം നല്‍കും.

സംസ്ഥാനത്ത് എച്ച്ഐവി കേസുകള്‍ ഉയര്‍ന്ന തോതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടി. രാജ്യത്ത് എച്ച്ഐവിയുമായി ജീവിക്കുന്നവരുടെ എണ്ണത്തില്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ മൂന്നാം സ്ഥാനത്താണ് കര്‍ണാടകയെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കര്‍ണാടകയില്‍ ഏകദേശം 2.60 ലക്ഷം പേര്‍ എച്ച്ഐവിയുമായി ജീവിക്കുന്നുണ്ടെന്നാണ് കണക്ക്. ഇവരില്‍ 2.05 ലക്ഷം പേര്‍ ആന്റി റെട്രോവൈറല്‍ തെറാപ്പി (എആര്‍ടി) ചികിത്സ തുടരുന്നവരാണ്. യുവാക്കള്‍ക്കിടയിലെ എച്ച്ഐവി വ്യാപനമാണ് സര്‍ക്കാരിന് കൂടുതല്‍ ആശങ്കയാകുന്നത്.

സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ ഭൂരിഭാഗവും 18നും 35നും ഇടയില്‍ പ്രായമുള്ളവരിലാണ്. 18നും 25നും ഇടയില്‍ പ്രായമുള്ള ഏഴായിരത്തിലേറെപ്പേര്‍ക്ക് ഇതിനകം എച്ച്ഐവി സ്ഥിരീകരിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. എച്ച്ഐവി ബാധയുണ്ടെങ്കിലും അത് തിരിച്ചറിയാതെ അരലക്ഷത്തിലേറെപ്പേര്‍ സംസ്ഥാനത്ത് കഴിയുന്നുണ്ടെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. പ്രാരംഭഘട്ടത്തിലെ പരിശോധനയിലൂടെ രോഗനിര്‍ണയം വേഗത്തിലാക്കാനും ചികിത്സ ഉറപ്പാക്കാനും മറ്റുള്ളവരിലേക്ക് വൈറസ് പകരാനുള്ള സാധ്യത കുറയ്ക്കാനും കഴിയുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

 
Other News in this category

 
 




 
Close Window