Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
വഖഫ് ആസ്തി ഡിജിറ്റലൈസേഷന്‍: കേരളം രാജ്യത്ത് മൂന്നാമത്; ദക്ഷിണേന്ത്യയില്‍ ഒന്നാമത്
reporter

കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ 'ഉമീദ്' പോര്‍ട്ടലില്‍ 79,905 വഖഫ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്ത് കേരളം രാജ്യത്ത് മൂന്നാം സ്ഥാനത്തെത്തി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളമാണ് ഒന്നാമത്. രാജ്യത്താകെ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്ത 7,99,027 വഖഫ് സ്വത്തുക്കളില്‍ പത്ത് ശതമാനത്തോളം കേരളത്തില്‍നിന്നുള്ളതാണ്. ഡോ. ഭീം സിങ് എംപിയുടെ ചോദ്യത്തിന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് കണക്കുകള്‍ വ്യക്തമാക്കിയത്. ജൂലൈ 21 വരെയുള്ള കണക്കുപ്രകാരം 1.53 ലക്ഷം സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്ത ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡാണ് ഒന്നാം സ്ഥാനത്ത്. 1.32 ലക്ഷം രജിസ്‌ട്രേഷനുകളുമായി പശ്ചിമ ബംഗാള്‍ രണ്ടാമതാണ്. തെലങ്കാനയില്‍നിന്ന് 63,984 വഖഫ് സ്വത്തുക്കളും കര്‍ണാടകയില്‍നിന്ന് 58,845 സ്വത്തുക്കളുമാണ് അപ്ലോഡ് ചെയ്തത്. മധ്യപ്രദേശ് 32,374, രാജസ്ഥാന്‍ 32,335, ഗുജറാത്ത് 30,783 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ രജിസ്‌ട്രേഷന്‍.

കേരളം സമര്‍പ്പിച്ച സ്വത്തുക്കളില്‍ 63,086 എണ്ണം അംഗീകരിച്ചിട്ടുണ്ട്. 7,979 സ്വത്തുക്കള്‍ പരിശോധനയിലും 3,902 എണ്ണം ഡേറ്റാ എന്‍ട്രി ഘട്ടത്തിലുമാണ്. 4,921 എന്‍ട്രികള്‍ നിരസിക്കുകയോ വിവരങ്ങള്‍ തിരുത്തുന്നതിനായി തിരിച്ചയയ്ക്കുകയോ ചെയ്തിട്ടുണ്ട്. രാജ്യത്തെ വഖഫ് സ്വത്തുക്കളുടെ ഏകീകൃത ഡിജിറ്റല്‍ വിവരശേഖരം തയ്യാറാക്കുന്നതിനായി 2025 ജൂണിലാണ് കേന്ദ്ര സര്‍ക്കാര്‍ ഉമീദ് പോര്‍ട്ടല്‍ ആരംഭിച്ചത്. വഖഫ് ആസ്തികളുടെ ഭരണനിര്‍വഹണം സുതാര്യമാക്കുക, തര്‍ക്കങ്ങളും കയ്യേറ്റങ്ങളും തടയുക എന്നിവയാണ് ലക്ഷ്യം. രേഖകള്‍ അപ്ലോഡ് ചെയ്യുന്നതിന് ആദ്യം ആറുമാസത്തെ സമയമാണ് അനുവദിച്ചിരുന്നത്. പിന്നീട് ട്രൈബ്യൂണലുകളും ഹൈക്കോടതികളും വിവിധ സംസ്ഥാനങ്ങള്‍ക്ക് സമയം നീട്ടിനല്‍കി. കേരളത്തിന് 2025 ഡിസംബറില്‍ അഞ്ചുമാസവും 2026 മേയില്‍ ഒരുമാസവും അധികസമയം അനുവദിച്ചിരുന്നു.

 
Other News in this category

 
 




 
Close Window