Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.8568 INR
ukmalayalampathram.com
Sun 23rd Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
'പാകിസ്ഥാനി കശ്മീര്‍ എന്നൊന്നില്ല'; ന്യൂയോര്‍ക്ക് ടൈംസിനെതിരെ ഇന്ത്യ
reporter

വാഷിങ്ടന്‍: പാക് അധീന കശ്മീരിലെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തയില്‍ 'പാകിസ്ഥാനി കശ്മീര്‍' എന്ന പ്രയോഗം ഉപയോഗിച്ചതില്‍ ന്യൂയോര്‍ക്ക് ടൈംസിനെതിരെ ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തി. പ്രയോഗം തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാവിരുദ്ധവുമാണെന്ന് യുഎസിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി. പാക് അധീന കശ്മീരിലെ പ്രാദേശിക തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളെക്കുറിച്ച് 'Clashes Erupt in Pakistani Kashmir as Voting in Local Election Begins' എന്ന തലക്കെട്ടില്‍ ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച വാര്‍ത്തയ്ക്കാണ് എംബസി മറുപടി നല്‍കിയത്. ''പാകിസ്ഥാനി കശ്മീര്‍ എന്നൊന്നില്ല. പാകിസ്ഥാന്‍ അനധികൃതമായി കൈവശപ്പെടുത്തിയ കശ്മീര്‍ മാത്രമാണുള്ളത്. ജമ്മു കശ്മീരും ലഡാക്കും പൂര്‍ണമായും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്; അങ്ങനെതന്നെ തുടരും,'' ഇന്ത്യന്‍ എംബസി എക്‌സില്‍ കുറിച്ചു. പ്രദേശം അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുന്നതിനു പുറമേ അവിടത്തെ ജനങ്ങള്‍ക്കെതിരെ പാകിസ്ഥാന്‍ അതിക്രമങ്ങള്‍ നടത്തുകയാണെന്നും എംബസി ആരോപിച്ചു.

വിലക്കയറ്റം, ഭരണകൂടത്തിന്റെ അവഗണന, രാഷ്ട്രീയ വിവേചനം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാക് അധീന കശ്മീരില്‍ ഏതാനും ദിവസങ്ങളായി പ്രതിഷേധം തുടരുകയാണ്. റാവലക്കോട്ടില്‍നിന്ന് മുസഫറാബാദിലേക്ക് നടത്തിയ ലോങ് മാര്‍ച്ചിനുനേരെ പാക് സുരക്ഷാസേന നടത്തിയ നടപടിയില്‍ മുപ്പതിലേറെ സാധാരണക്കാര്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. പ്രദേശത്തെ നിയമവിരുദ്ധ അധിനിവേശവും മനുഷ്യാവകാശ ലംഘനങ്ങളും മറച്ചുവയ്ക്കുന്നതിനായി പാകിസ്ഥാന്‍ തിരഞ്ഞെടുപ്പ് നാടകം നടത്തുകയാണെന്ന് ഇന്ത്യ നേരത്തേയും ആരോപിച്ചിരുന്നു.

 
Other News in this category

 
 




 
Close Window