മലപ്പുറം: സംസ്ഥാനം രൂക്ഷമായ മഴക്കെടുതി നേരിടുന്നതിനിടെ മുഖ്യമന്ത്രി വി.ഡി. സതീശന്‍ പൊന്നാനിയില്‍ മുസ്ലിം ലീഗ് നേതാവിന്റെ വീട്ടിലെ വിരുന്നില്‍ പങ്കെടുത്തതിനെച്ചൊല്ലി വിമര്‍ശനം. മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഫൈസല്‍ ബാഫഖി തങ്ങളുടെ വീട്ടില്‍ മുഖ്യമന്ത്രി ഉച്ചഭക്ഷണത്തിനെത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവാദം ഉയര്‍ന്നത്. മുഖ്യമന്ത്രി വീട്ടിലെത്തിയതിന്റെയും ഭക്ഷണവിരുന്നിന്റെയും ദൃശ്യങ്ങള്‍ ഫൈസല്‍ ബാഫഖി തങ്ങള്‍ തന്നെയാണ് ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്. വിഡിയോയ്ക്കു താഴെ മഴക്കെടുതിക്കിടെ മുഖ്യമന്ത്രി സ്വീകരിച്ച സമീപനത്തെ വിമര്‍ശിച്ച് നിരവധി കമന്റുകള്‍ പ്രത്യക്ഷപ്പെട്ടു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ദുരന്തസാഹചര്യങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ റദ്ദാക്കി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് നേരിട്ട് നേതൃത്വം നല്‍കിയിരുന്നുവെന്ന് പ്രതിപക്ഷ നേതാക്കള്‍ ചൂണ്ടിക്കാട്ടി. മന്ത്രിമാരോട് ചുമതലയുള്ള ജില്ലകളില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും അന്ന് നിര്‍ദേശിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു.
''അന്ന് മുഖ്യമന്ത്രി പരിപാടികളെല്ലാം റദ്ദാക്കി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി; ഇന്ന് 'ആ ലെഗ് പീസ് ഇങ്ങെടുക്ക്' എന്നതാണ് സ്ഥിതി,'' സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ വി.കെ. പ്രശാന്ത് പരിഹസിച്ചു. എംപിയും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റുമായ എ.എ. റഹീമും മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. വിവിധ ജില്ലകള്‍ വെള്ളത്തിലാകുകയും ജനങ്ങള്‍ ആശങ്കയില്‍ കഴിയുകയും ചെയ്യുന്നതിനിടെ മുഖ്യമന്ത്രി സ്വകാര്യ വിരുന്നില്‍ പങ്കെടുക്കുമെന്ന് കരുതിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്കും ജനങ്ങള്‍ക്കും ആത്മവിശ്വാസം പകരുകയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്യേണ്ട സമയമാണിത്. ആയിരക്കണക്കിന് കുടുംബങ്ങള്‍ മഴക്കെടുതിയുടെ ദുരിതത്തില്‍ കഴിയുമ്പോള്‍ സല്‍ക്കാരങ്ങളല്ല, ഉത്തരവാദിത്തമാണ് മുഖ്യമന്ത്രിയുടെ മുന്‍ഗണനയാകേണ്ടതെന്നും റഹീം പറഞ്ഞു.