Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
പാണക്കാട് മണ്ണിടിച്ചില്‍: നിര്‍മാണം നിയമാനുസൃതമെന്ന് നഗരസഭ; മൂന്ന് പ്രവൃത്തികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു
reporter

മലപ്പുറം: പാണക്കാട് മണ്ണിടിച്ചിലുണ്ടായ പ്രദേശത്തെ നിര്‍മാണം എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് നടത്തിയതെന്ന് മലപ്പുറം നഗരസഭ സെക്രട്ടറി കെ. സുധീര്‍. ചെട്ടിപ്പടി സ്വദേശി നൗഫല്‍ കടക്കാടന്റെ നേതൃത്വത്തിലുള്ള നിര്‍മാണം നിയമാനുസൃതമാണെന്നും അപകടകരമായ മണ്ണിടിച്ചില്‍ നിര്‍മാണസ്ഥലത്തുനിന്ന് ഏകദേശം 50 മീറ്റര്‍ മുകളിലാണ് ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. 3,000 ചതുരശ്ര അടിയില്‍ താഴെ വിസ്തീര്‍ണമുള്ള വാണിജ്യ കെട്ടിടം നിര്‍മിക്കുന്നതിന് കഴിഞ്ഞ ഡിസംബറിലാണ് നഗരസഭ ഒരു വര്‍ഷത്തേക്കുള്ള അനുമതി നല്‍കിയത്. പാറ പൊട്ടിക്കാനോ വ്യാപകമായി മണ്ണെടുക്കാനോ നഗരസഭ അനുമതി നല്‍കിയിട്ടില്ല. ഇത്തരം പ്രവൃത്തികള്‍ക്ക് അനുമതി നല്‍കേണ്ടത് ജിയോളജി വകുപ്പാണെന്നും സെക്രട്ടറി പറഞ്ഞു. മണ്ണിടിച്ചിലുണ്ടായത് നിര്‍മാണസ്ഥലത്തിന് മുകളിലുള്ള സര്‍ക്കാര്‍ ഭൂമിയിലാണ്. എന്നാല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട മണ്ണെടുപ്പും പാറ നീക്കലും കുന്നിന്റെ മുകള്‍ഭാഗത്തെ ദുര്‍ബലപ്പെടുത്തിയിട്ടുണ്ടാകാമെന്നും അത് അപകടത്തിന് കാരണമായിരിക്കാമെന്നും കെ. സുധീര്‍ പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടായ പ്രദേശത്തെ നിര്‍മാണവും സമീപത്തുള്ള മറ്റു രണ്ട് സ്ഥലങ്ങളിലെ നിര്‍മാണപ്രവൃത്തികളും നഗരസഭ താല്‍ക്കാലികമായി നിര്‍ത്തിവെപ്പിച്ചു. ഒരു വെല്‍നസ് സെന്ററിന്റെയും പെട്രോള്‍ പമ്പിന്റെയും നിര്‍മാണവും നിര്‍ത്തിവെച്ചവയില്‍ ഉള്‍പ്പെടുന്നു. സ്ഥിതിഗതികള്‍ വിശദമായി പരിശോധിച്ചശേഷം മാത്രമേ തുടര്‍നടപടികള്‍ അനുവദിക്കൂവെന്ന് നഗരസഭ അറിയിച്ചു. അതേസമയം, താന്‍ അനധികൃതമായി ഒരു നിര്‍മാണവും നടത്തിയിട്ടില്ലെന്ന് ഭൂവുടമ നൗഫല്‍ കടക്കാടന്‍ പ്രതികരിച്ചു. രണ്ടുവര്‍ഷം മുമ്പാണ് വടകര സ്വദേശിയില്‍നിന്ന് സ്ഥലം വാങ്ങിയത്. 50 സെന്റ് സ്ഥലത്ത് കാര്‍ സര്‍വീസ് സെന്റര്‍ ആരംഭിക്കാനായിരുന്നു പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.

കനത്ത മഴയെ തുടര്‍ന്ന് അധികൃതര്‍ ആവശ്യപ്പെട്ടതനുസരിച്ച് മണ്ണെടുപ്പ് നേരത്തേതന്നെ നിര്‍ത്തിവെച്ചിരുന്നു. താന്‍ ഉന്നതരായ ആരുടെയെങ്കിലും ബിനാമിയാണെന്ന തരത്തില്‍ പ്രചരിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും നൗഫല്‍ പറഞ്ഞു. ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നല്‍കുന്നത്. പ്രദേശത്തിന്റെ സുരക്ഷ ഉറപ്പാക്കിയശേഷം മാത്രമേ തുടര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകൂവെന്നും അദ്ദേഹം വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window