Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
പ്രിയദര്‍ശിനി സൗജന്യയാത്രാ പദ്ധതി: മന്ത്രി സി.പി. ജോണിനെതിരെ കെ.ബി. ഗണേഷ് കുമാര്‍
reporter

കൊച്ചി: കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി സൗജന്യയാത്രാ പദ്ധതിയുമായി ബന്ധപ്പെട്ട് ഗതാഗതമന്ത്രി സി.പി. ജോണ്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുന്‍ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍ രംഗത്ത്. അധികാരത്തിലെത്തി മൂന്നുമാസത്തിനുള്ളില്‍ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്നും സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ ആവശ്യപ്പെട്ടു. അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്ക് ഏതു ബസിലും എപ്പോള്‍ വേണമെങ്കിലും സൗജന്യമായി യാത്ര ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് വോട്ട് നേടിയശേഷം, നാമമാത്രമായ ബസുകളില്‍ മാത്രം സൗജന്യയാത്ര അനുവദിക്കുന്നത് ശരിയല്ലെന്ന് ഗണേഷ് കുമാര്‍ വിമര്‍ശിച്ചു. സൗജന്യയാത്ര പ്രയോജനപ്പെടുത്തുന്ന സ്ത്രീകള്‍ക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തുന്നതും ദാരിദ്ര്യം അഭിനയിക്കുകയാണെന്ന് ആരോപിക്കുന്നതും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

''പണമുണ്ടായിട്ടും സൗജന്യമായതിനാല്‍ സ്ത്രീകള്‍ ബസുകളില്‍ തള്ളിക്കയറുകയാണെന്ന് പറയുന്നത് അവരെ അപമാനിക്കുന്നതാണ്. സൗജന്യസേവനം പ്രഖ്യാപിച്ച സര്‍ക്കാര്‍ തന്നെ അതിന്റെ ഗുണഭോക്താക്കളെ കുറ്റപ്പെടുത്തുന്നത് വിരോധാഭാസമാണ്,'' എന്നായിരുന്നു ഗണേഷ് കുമാറിന്റെ വിമര്‍ശനം. കുറിപ്പിന് താഴെ ഗണേഷ് കുമാറിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പ്രതികരണങ്ങളാണ് ഉയര്‍ന്നത്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് കെഎസ്ആര്‍ടിസിയില്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ നഷ്ടപ്പെടുകയാണെന്നും നിലവിലെ നടപടികള്‍ സ്ഥാപനത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. അതേസമയം, സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്നത് കുറഞ്ഞ വരുമാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് വലിയ സഹായമാണെന്നും മുന്‍ ഗതാഗതമന്ത്രിയായിരുന്നപ്പോള്‍ ഇത്തരമൊരു പദ്ധതി നടപ്പാക്കാന്‍ ഗണേഷ് കുമാറിന് കഴിഞ്ഞില്ലെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.

പ്രിയദര്‍ശിനി പദ്ധതിയെക്കുറിച്ച് സംസാരിക്കവെ ഗതാഗതമന്ത്രി സി.പി. ജോണ്‍ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദത്തിന് വഴിവച്ചത്. യാത്രയ്ക്കു പണമില്ലെന്ന് പറയുന്ന സ്ത്രീകള്‍ കുട്ടികളെ ഫീസ് നല്‍കി സ്വകാര്യ സ്‌കൂളുകളില്‍ പഠിപ്പിക്കുകയും ചികിത്സയ്ക്കായി സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുകയും ചെയ്യുന്നുവെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം, പൊതുഗതാഗതം എന്നിവയോടുള്ള കേരളത്തിലെ ജനങ്ങളുടെ സമീപനം തന്നെ അതിശയിപ്പിക്കുന്നതാണെന്നും മന്ത്രി പറഞ്ഞിരുന്നു. പ്രിയദര്‍ശിനി ബസുകളില്‍ സ്ത്രീകള്‍ തിരക്കുകൂട്ടുന്നത് കുടുംബിനികളുടെ കൈവശം പണമില്ലെന്ന യാഥാര്‍ഥ്യമാണ് വ്യക്തമാക്കുന്നതെന്നും സി.പി. ജോണ്‍ അഭിപ്രായപ്പെട്ടു. മന്ത്രിയുടെ പരാമര്‍ശങ്ങള്‍ സ്ത്രീകളെ അപമാനിക്കുന്നതാണെന്ന് ആരോപിച്ച് വിവിധ കോണുകളില്‍നിന്ന് വിമര്‍ശനം ഉയര്‍ന്നതോടെയാണ് ഗണേഷ് കുമാര്‍ പ്രതികരണവുമായി രംഗത്തെത്തിയത്.

 
Other News in this category

 
 




 
Close Window