Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
എഐ നഗരവും സ്വര്‍ണപദ്ധതികളും; വികസനത്തിനും ജനക്ഷേമത്തിനും ഊന്നല്‍ നല്‍കി വിജയ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ്
reporter

ചെന്നൈ: നിര്‍മിതബുദ്ധി, വ്യവസായ വികസനം, വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാനസൗകര്യങ്ങള്‍, സാമൂഹികക്ഷേമം എന്നിവയ്ക്ക് ഊന്നല്‍ നല്‍കി തമിഴ്നാട്ടിലെ വിജയ് സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ്. 2036ഓടെ തമിഴ്നാടിനെ 1.5 ലക്ഷം കോടി ഡോളര്‍ സമ്പദ്വ്യവസ്ഥയായി ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയുള്ള പദ്ധതികളാണ് 2026-27 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ചത്. ധനമന്ത്രി എന്‍. മാരി വില്‍സനാണ് നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചത്. സംസ്ഥാനത്തിന്റെ ഉയര്‍ന്ന കടബാധ്യതയും സാമ്പത്തിക സമ്മര്‍ദവും മറികടക്കുന്നതിനൊപ്പം തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ക്ഷേമച്ചെലവുകള്‍ വിലയിരുത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനുമായി ഉന്നതതല സമിതി രൂപീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. വിവാഹിതരാകുന്ന അര്‍ഹരായ യുവതികള്‍ക്ക് എട്ടുഗ്രാം സ്വര്‍ണനാണയവും പട്ടുസാരിയും നല്‍കുന്ന പദ്ധതിക്കായി 812 കോടി രൂപ വകയിരുത്തി. സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഒരുഗ്രാം സ്വര്‍ണമോതിരം നല്‍കുന്ന 'തായ്മാമന്‍ തങ്ക മോതിരം' പദ്ധതിക്കായി 560 കോടി രൂപയും നീക്കിവച്ചു.

പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് സൈക്കിളുകള്‍ക്കൊപ്പം ഹെല്‍മെറ്റുകളും വാട്ടര്‍ ബോട്ടില്‍ ഹോള്‍ഡറുകളും നല്‍കുന്നതിനായി 277 കോടി രൂപയുടെ പദ്ധതിയും പ്രഖ്യാപിച്ചു. കോളജ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്ടോപ്പുകള്‍ വിതരണം ചെയ്യുന്ന 'വെട്രി മടിക്കണിനി' പദ്ധതിക്കായി 2,000 കോടി രൂപ വകയിരുത്തി. സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പിന് 44,527 കോടി രൂപയും ഉന്നതവിദ്യാഭ്യാസത്തിന് 8,393 കോടി രൂപയുമാണ് ബജറ്റ് വിഹിതം. സര്‍ക്കാര്‍ സ്‌കൂളുകളുടെ നവീകരണം, ശുചിത്വമുള്ള കാംപസുകള്‍, എഐയും റോബോട്ടിക്‌സും ഉള്‍പ്പെടുത്തിയ പാഠ്യപദ്ധതി, ലഹരിവിരുദ്ധ ബോധവത്കരണം, ആധുനിക റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ എന്നിവയും വിദ്യാഭ്യാസ മേഖലയിലെ പ്രധാന പ്രഖ്യാപനങ്ങളാണ്. ആരോഗ്യ-കുടുംബക്ഷേമ മേഖലയ്ക്കായി 23,357 കോടി രൂപയാണ് വകയിരുത്തിയത്. കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങള്‍, ടെലിമെഡിസിന്‍ സംവിധാനം, വയോജനങ്ങള്‍ക്കായുള്ള മൊബൈല്‍ ചികിത്സാ യൂണിറ്റുകള്‍, ഗര്‍ഭിണികള്‍ക്കുള്ള താമസ-പരിചരണ കേന്ദ്രങ്ങള്‍, ജീവിതശൈലീരോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ ലഭ്യത ഉറപ്പാക്കല്‍ എന്നിവയും പദ്ധതിയുടെ ഭാഗമാണ്.

ഇന്ത്യയിലെ ആദ്യത്തെ സമര്‍പ്പിത നിര്‍മിതബുദ്ധി നഗരമായ 'അറിവകം' സ്ഥാപിക്കുമെന്നതാണ് ബജറ്റിലെ പ്രധാന സാങ്കേതിക പ്രഖ്യാപനം. പദ്ധതിയുടെ സാധ്യതാപഠനത്തിനായി അഞ്ചുകോടി രൂപ വകയിരുത്തി. എഐ വിദ്യാഭ്യാസവും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം വിദ്യാര്‍ഥികള്‍ക്കും ബിരുദധാരികള്‍ക്കും തൊഴില്‍രഹിതരായ യുവാക്കള്‍ക്കും നൈപുണ്യപരിശീലനം നല്‍കുന്ന പദ്ധതികളും നടപ്പാക്കും. തൂത്തുക്കുടി-തിരുനെല്‍വേലി മേഖലകളെ ഉള്‍പ്പെടുത്തി ബഹിരാകാശ, എയറോസ്പേസ് നിര്‍മാണ നിക്ഷേപമേഖല വികസിപ്പിക്കാനും സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ട്. തെക്കന്‍ തമിഴ്നാട്ടില്‍ വ്യവസായനിക്ഷേപം വര്‍ധിപ്പിക്കുകയും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുകയാണ് ലക്ഷ്യം. റോഡ് വികസനത്തിനും സുരക്ഷയ്ക്കുമായി ഹൈവേ-ചെറുതുറമുഖ വകുപ്പിന് 21,524 കോടി രൂപ വകയിരുത്തി. കുഴികളും റോഡിലെ മറ്റു തകരാറുകളും ചിത്രമെടുത്ത് അധികൃതരെ അറിയിക്കാന്‍ പൊതുജനങ്ങള്‍ക്ക് സൗകര്യമൊരുക്കുന്ന 'നമ്മ സാലൈ' മൊബൈല്‍ ആപ്പും എഐ അധിഷ്ഠിത ഗതാഗതനിയന്ത്രണ സംവിധാനങ്ങളും പ്രഖ്യാപിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുന്നതിനായി ശ്രമം തുടരുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. ദീര്‍ഘകാല ജലസുരക്ഷ ശക്തമാക്കുന്നതിനും തമിഴ്നാട്ടിലെ കര്‍ഷകരുടെ ജലസേചന ആവശ്യങ്ങള്‍ ഉറപ്പാക്കുന്നതിനുമാണ് നീക്കമെന്നാണ് സര്‍ക്കാരിന്റെ നിലപാട്.

 
Other News in this category

 
 




 
Close Window