Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
രക്ഷാപ്രവര്‍ത്തകന്റെ മൃതദേഹം ഫ്രീസറില്ലാത്ത വാഹനത്തില്‍ കൊണ്ടുപോയ സംഭവം; അന്വേഷണത്തിന് കലക്ടറുടെ ഉത്തരവ്
reporter

കണ്ണൂര്‍: ചെറുപുഴ മീന്തുള്ളിയിലെ കാര്യങ്കോട് പുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം സ്വദേശി ആര്‍. രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത വാഹനത്തില്‍ തൃശൂര്‍ ചാവക്കാട് വരെ കൊണ്ടുപോയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവ്. അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എഡിഎം പി.എന്‍. പുരുഷോത്തമനെ ജില്ലാ കലക്ടര്‍ പി. വിഷ്ണു രാജ് ചുമതലപ്പെടുത്തി. പ്രളയമുഖത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ സ്വന്തം ജീവന്‍ ബലികഴിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന ആരോപണം ശക്തമായതിനെ തുടര്‍ന്നാണ് നടപടി. മൃതദേഹം തിരുവനന്തപുരത്തെ വീട്ടിലെത്തിക്കുന്നതില്‍ ഗുരുതരമായ അനാസ്ഥയുണ്ടായെന്നാണ് പരാതി.

കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍നിന്ന് കൊണ്ടുപോയ, എംബാം ചെയ്യാത്ത മൃതദേഹം ഫ്രീസര്‍ സംവിധാനമില്ലാത്ത ആംബുലന്‍സിലാണ് ചാവക്കാട് വരെ എത്തിച്ചത്. തുടര്‍ന്ന് വഴിയരികില്‍വച്ച് മൃതദേഹം മറ്റൊരു ആംബുലന്‍സിലേക്ക് മാറ്റുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ചും അന്വേഷണം ആരംഭിച്ചു. മൃതദേഹം കൊണ്ടുപോകുന്നതിലുണ്ടായ ഗുരുതരമായ വീഴ്ചയെക്കുറിച്ച് ആംബുലന്‍സ് ഡ്രൈവര്‍മാരായ മുഹമ്മദ് നിയാസും മുഹമ്മദ് തന്‍വീറും വെളിപ്പെടുത്തിയിട്ടുണ്ട്.

ചെറുപുഴ മീന്തുള്ളിയിലെ ശക്തമായ ഒഴുക്കില്‍പ്പെട്ട ബെന്നിയെ രക്ഷിക്കുന്നതിനിടെയാണ് രാജേഷ് അപകടത്തില്‍പ്പെട്ടത്. രക്ഷയ്ക്കായി നല്‍കിയ കയര്‍ മരത്തില്‍ കെട്ടുന്നതിനിടെ ബെന്നിയുടെ കൈക്ക് പരിക്കേറ്റിരുന്നു. ഇതോടെ രാജേഷ് പുഴ നീന്തിക്കടന്ന് ബെന്നിയുടെ അടുത്തെത്തി. അടിയൊഴുക്കില്‍ ബെന്നി വീണുപോകാതിരിക്കാന്‍ സ്വന്തം ലൈഫ് ജാക്കറ്റും രാജേഷ് ഊരിനല്‍കിയിരുന്നു. ചൂരല്‍മല, പെട്ടിമുടി ദുരന്തങ്ങളുള്‍പ്പെടെ കേരളം നേരിട്ട നിരവധി ദുരന്തങ്ങളില്‍ രക്ഷാപ്രവര്‍ത്തകനായി രാജേഷ് സജീവമായി പങ്കെടുത്തിരുന്നു.

 
Other News in this category

 
 




 
Close Window