തൃശൂര്‍: കെഎസ്ആര്‍ടിസി വോള്‍വോ ബസില്‍ തിരുവനന്തപുരത്തുനിന്ന് തൃശൂരിലേക്കുള്ള യാത്രാനുഭവം പങ്കുവച്ച് മുന്‍ എംഎല്‍എ അനില്‍ അക്കര. മികച്ച ബസുകള്‍ വാങ്ങിയതുകൊണ്ട് മാത്രം കാര്യമില്ലെന്നും യാത്രക്കാര്‍ക്ക് സമയബന്ധിതവും വേഗതയേറിയതുമായ സര്‍വീസ് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മികച്ച യാത്രാസൗകര്യമുണ്ടായിട്ടും ദീര്‍ഘദൂര സര്‍വീസുകളില്‍ യാത്രക്കാരുടെ എണ്ണം കുറയുന്നതിന്റെ കാരണം കെഎസ്ആര്‍ടിസി പരിശോധിക്കണമെന്നും അനില്‍ അക്കര ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു. ഈ മാസം ആറിന് തിരുവനന്തപുരത്തുനിന്ന് തൃശൂരിലേക്കാണ് കെഎസ്ആര്‍ടിസിയുടെ വോള്‍വോ ബസില്‍ യാത്ര ചെയ്തതെന്ന് അനില്‍ അക്കര പറഞ്ഞു. മികച്ച സൗകര്യങ്ങളും നല്ല യാത്രാനുഭവവും ലഭിച്ചെങ്കിലും വൈകിട്ട് മൂന്നിന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട താന്‍ രാത്രി 12 മണിയോടെയാണ് തൃശൂരിലെത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏകദേശം ഒന്‍പത് മണിക്കൂറാണ് യാത്രയ്ക്ക് വേണ്ടിവന്നത്.
ബെംഗളൂരുവിലേക്കുള്ള സര്‍വീസിലാണ് യാത്ര ചെയ്തതെന്നും ഇതേ വേഗത തുടര്‍ന്നാല്‍ ബസ് ബെംഗളൂരുവിലെത്തുമ്പോള്‍ ഉച്ചയാകുമെന്നുമായിരുന്നു അനില്‍ അക്കരയുടെ പരിഹാസം. ബസില്‍ താനടക്കം പത്തില്‍ താഴെ യാത്രക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും മികച്ച ബസില്‍ യാത്രക്കാര്‍ കുറയുന്നതിന്റെ കാരണം അന്വേഷിച്ചപ്പോള്‍ ലഭിച്ച വിവരം ഗൗരവമുള്ളതാണെന്നും അനില്‍ അക്കര പറയുന്നു. മറ്റു ബസുകള്‍ നാലുവരി പാതകളില്‍ മികച്ച വേഗത്തില്‍ സര്‍വീസ് നടത്തുമ്പോള്‍ ഈ ബസിലെ സ്പീഡ് ഗവേണര്‍ ആവശ്യത്തിന് ക്രമീകരിക്കാത്തതിനാല്‍ വേഗത്തില്‍ ഓടിക്കാന്‍ കഴിയുന്നില്ലെന്നാണ് ലഭിച്ച മറുപടിയെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരിക്കല്‍ ഈ സര്‍വീസില്‍ യാത്ര ചെയ്തവര്‍ പിന്നീട് വീണ്ടും കയറാന്‍ താല്‍പര്യം കാണിക്കാത്ത സാഹചര്യമുണ്ടെന്നും കുറിപ്പില്‍ പറയുന്നു.
ഇത് ശരിയാണെങ്കില്‍ പ്രശ്‌നം യാത്രക്കാരുടേതല്ല, സര്‍വീസ് മാനേജ്‌മെന്റിന്റേതാണെന്ന് അനില്‍ അക്കര വിമര്‍ശിച്ചു. ഇത്തരത്തില്‍ സര്‍വീസ് നടത്തുന്നതിലൂടെ ഒരു ബസില്‍നിന്ന് മാത്രം പ്രതിദിനം അരലക്ഷം രൂപയെങ്കിലും കെഎസ്ആര്‍ടിസിക്ക് വരുമാന നഷ്ടമുണ്ടാകുന്നുണ്ടാകാമെന്നും അദ്ദേഹം കണക്കുകൂട്ടുന്നു. വോള്‍വോ ഉള്‍പ്പെടെയുള്ള ദീര്‍ഘദൂര സര്‍വീസുകളുടെ യാത്രാസമയം, വേഗനിയന്ത്രണം, യാത്രക്കാരുടെ എണ്ണം, വരുമാനം, ചെലവ് എന്നിവ വിശദമായി പഠിക്കണമെന്ന് അനില്‍ അക്കര ആവശ്യപ്പെട്ടു. നഷ്ടത്തിലോടുന്ന സര്‍വീസുകളെ കുറ്റപ്പെടുത്തുന്നതിന് പകരം നഷ്ടത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്തി സര്‍വീസുകളെ ലാഭകരമാക്കാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മികച്ച ബസ്, മികച്ച സര്‍വീസ്, കൃത്യമായ സമയക്രമം, കൂടുതല്‍ യാത്രക്കാര്‍, കൂടുതല്‍ വരുമാനം എന്നിവ ഉറപ്പാക്കിയാല്‍ മാത്രമേ കെഎസ്ആര്‍ടിസിയെ ലാഭത്തിലേക്ക് നയിക്കാനാകൂ. ഇതിനായി ശാസ്ത്രീയമായ പഠനവും അടിയന്തരമായ ഇടപെടലും ആവശ്യമാണെന്നും അനില്‍ അക്കര വ്യക്തമാക്കി.