തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേമാതരം പൂര്‍ണരൂപത്തില്‍ ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം യുഡിഎഫ് സര്‍ക്കാരിനെയും ഘടകകക്ഷിയായ മുസ്ലിം ലീഗിനെയും പ്രതിരോധത്തിലാക്കുന്നു. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഓഗസ്റ്റ് ആറിന് പുറത്തിറക്കിയ സര്‍ക്കുലറാണ് പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിവച്ചത്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക പരിപാടികളില്‍ ദേശീയഗീതമായ വന്ദേമാതരം മുഴുവനായി ആലപിക്കണമെന്നാണ് സര്‍ക്കുലറിലെ നിര്‍ദേശം. എന്നാല്‍ മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള യുഡിഎഫ് ഘടകകക്ഷികള്‍ക്ക് ഇതില്‍ വിയോജിപ്പുണ്ടെന്നാണ് വിവരം. വിഷയത്തില്‍ യുഡിഎഫ്-ബിജെപി ബന്ധം ആരോപിച്ച് എല്‍ഡിഎഫും വിമര്‍ശനവുമായി രംഗത്തെത്തി. വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡങ്ങള്‍ മാത്രമാണ് ഔദ്യോഗികമായി ആലപിക്കുന്ന പതിവെന്നും രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് അനുയോജ്യമായ നിലപാട് അതാണെന്നുമാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. പൂര്‍ണരൂപം നിര്‍ബന്ധമാക്കുന്നത് നിലവിലുള്ള കീഴ്വഴക്കങ്ങള്‍ക്ക് വിരുദ്ധമാണെന്നും സംഘപരിവാര്‍ അജണ്ട നടപ്പാക്കാനുള്ള നീക്കമാണെന്നും വിവിധ രാഷ്ട്രീയ-മത സംഘടനകള്‍ ആരോപിച്ചു.
മുമ്പും നിയമസഭാ സമ്മേളനങ്ങള്‍, മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ തുടങ്ങിയ അവസരങ്ങളില്‍ വന്ദേമാതരം പൂര്‍ണമായി ആലപിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ ഉയര്‍ന്നിരുന്നു. വിവാദം ശക്തമായതോടെ സര്‍ക്കുലര്‍ ഗവര്‍ണറുടെ നിര്‍ദേശപ്രകാരമാണ് പുറത്തിറക്കിയതെന്നും സംസ്ഥാന സര്‍ക്കാരിന് നേരിട്ട് പങ്കില്ലെന്നും പൊതുവിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍ പ്രതികരിച്ചു. വന്ദേമാതരം പൂര്‍ണരൂപത്തില്‍ ആലപിക്കേണ്ടതില്ലെന്നാണ് യുഡിഎഫിന്റെ നിലപാടെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും വ്യവസായ മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പാര്‍ട്ടിയുടെ തുടര്‍നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, വിഷയത്തില്‍ യുഡിഎഫ് അനുകൂല സംഘടനകളിലും അസംതൃപ്തി ശക്തമാണ്. സിപിഎം ആര്‍എസ്എസിനോട് മൃദുസമീപനം സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് അധികാരത്തിലെത്തിയ യുഡിഎഫ് സര്‍ക്കാര്‍ സംഘപരിവാര്‍ അജണ്ടകളെ ചെറുക്കുന്നതില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തുന്നില്ലെന്നാണ് വിമര്‍ശനം.
വഖഫ് ബോര്‍ഡ്, പി.എം. ശ്രീ തുടങ്ങിയ വിഷയങ്ങളിലെ സര്‍ക്കാരിന്റെ സമീപനവും യുഡിഎഫിന്റെ ബിജെപി വിരുദ്ധ പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ടെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. വന്ദേമാതരം, സവര്‍ക്കര്‍ വിഷയങ്ങളില്‍ വിവിധ സംഘടനകള്‍ പുറത്തിറക്കിയ പ്രസ്താവനകളിലും ഈ അതൃപ്തി പ്രതിഫലിച്ചു. രാജ്യസ്‌നേഹം തെളിയിക്കാന്‍ ഒരു പൗരനും തന്റെ മതവിശ്വാസം ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടാകരുതെന്ന് വിസ്ഡം ഇസ്ലാമിക് മിഷന്‍ വ്യക്തമാക്കി. മതേതരത്വത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്ന് ആരോപിച്ച സംഘടനയുടെ ജനറല്‍ സെക്രട്ടറി ടി.കെ. അഷറഫ്, ചീഫ് സെക്രട്ടറിയുടെ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ, ഇന്ത്യന്‍ നാഷണല്‍ ലീഗ്, സമസ്ത കേരള സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ (എസ്‌കെഎസ്എസ്എഫ്), കേരള നദ്വത്തുല്‍ മുജാഹിദീന്‍-മര്‍ക്കസുദ്ദഅവ തുടങ്ങിയ സംഘടനകളും സര്‍ക്കുലറിനെതിരെ രംഗത്തെത്തി. യുഡിഎഫ് സര്‍ക്കാരിന്റെ നിലപാടിനെതിരെ സമൂഹമാധ്യമങ്ങളിലും വിമര്‍ശനം ശക്തമാണ്. പ്രത്യേകിച്ച് യുഡിഎഫ് അനുകൂല അക്കൗണ്ടുകളില്‍ പോലും സര്‍ക്കാരിന്റെ സമീപനത്തിനെതിരെ കടുത്ത പ്രതികരണങ്ങളാണ് ഉയരുന്നത്. സര്‍ക്കുലര്‍ പിന്‍വലിക്കുമോ അതോ ഭേദഗതി വരുത്തുമോ എന്നതിലേക്കാണ് ഇനി രാഷ്ട്രീയ ശ്രദ്ധ.