Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
മകളുടെ വിമര്‍ശനത്തില്‍ തെറ്റില്ല; അവരുടെ വികാരം മനസ്സിലാക്കുന്നു': മുഖ്യമന്ത്രി വി.ഡി. സതീശന്‍
reporter

കൊല്ലം: വിഴിഞ്ഞത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളി ജോണിന്റെ മകള്‍ തന്നെ വിമര്‍ശിച്ചതില്‍ ഒരു തെറ്റും കാണുന്നില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. കുടുംബാംഗത്തെ നഷ്ടപ്പെടുമ്പോള്‍ ഉണ്ടാകുന്ന ദുഃഖവും അമര്‍ഷവും പ്രതിഷേധവും സ്വാഭാവികമാണെന്നും അത് ഭരണകൂടത്തോടാണ് പ്രകടിപ്പിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. നീണ്ടകരയില്‍ കടലില്‍ കാണാതായ ഗൗതം കൃഷ്ണയുടെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം മന്ത്രി ഷിബു ബേബി ജോണിനൊപ്പം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ''അവരുടെ വികാരം പൂര്‍ണമായി ഉള്‍ക്കൊള്ളുന്നു. കുടുംബത്തില്‍ നിന്ന് ഒരാളെ നഷ്ടപ്പെട്ടാല്‍ ദേഷ്യവും അമര്‍ഷവും പ്രതിഷേധവും ഉണ്ടാകും. അവര്‍ക്ക് ആരോടാണ് പ്രതിഷേധിക്കാനാകുക? ഭരണകൂടത്തോടല്ലേ. മുഖ്യമന്ത്രി ഭരണകൂടത്തെ പ്രതിനിധാനം ചെയ്യുന്ന ആളാണ്. അതുകൊണ്ട് മുഖ്യമന്ത്രിയെയാണ് അവര്‍ വിമര്‍ശിക്കുക. അതില്‍ ഒരു തെറ്റും ഞാന്‍ കാണുന്നില്ല,'' വി.ഡി. സതീശന്‍ പറഞ്ഞു.

വിമര്‍ശിക്കുന്ന കുടുംബങ്ങളെ ശത്രുക്കളായി കാണുന്ന സമീപനം സര്‍ക്കാരിനില്ലെന്നും അവരുടെ സങ്കടം മനസ്സിലാക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചിലില്‍ സര്‍ക്കാര്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ''ഓരോ തവണയും വിമര്‍ശനം ഉയരുമ്പോള്‍ ഞങ്ങളുടെ ഉത്തരവാദിത്തം കൂടുതല്‍ ശക്തമായി ഓര്‍മിപ്പിക്കപ്പെടുകയാണ്. സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തുവെന്ന ആശ്വാസമുണ്ട്. എന്നാല്‍ അതുകൊണ്ട് മാത്രം മതിയാകില്ല. തിരച്ചില്‍ കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതുണ്ട്,'' മുഖ്യമന്ത്രി പറഞ്ഞു. തിരച്ചില്‍ പ്രവര്‍ത്തനങ്ങളുടെ പുരോഗതി രണ്ട് മുതല്‍ മൂന്ന് മണിക്കൂര്‍ ഇടവിട്ട് വിലയിരുത്തുന്നുണ്ടെന്നും ആവശ്യമായ എല്ലാ സഹായവും സര്‍ക്കാര്‍ തുടരുമെന്നും വി.ഡി. സതീശന്‍ അറിയിച്ചു.

ഇത്തരം സംഭവങ്ങളില്‍ തിരച്ചില്‍ കാര്യക്ഷമമാക്കുന്നതിനായി സമഗ്രമായ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജര്‍ (എസ്ഒപി) തയ്യാറാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികളെയും ഇതിന്റെ രൂപീകരണത്തില്‍ പങ്കാളികളാക്കും. ''കടലിനെക്കുറിച്ചും ഒഴുക്കുകളെക്കുറിച്ചും പ്രാദേശിക സാഹചര്യങ്ങളെക്കുറിച്ചും മത്സ്യത്തൊഴിലാളികള്‍ക്കുള്ള അനുഭവപരിചയം വളരെ പ്രധാനമാണ്. അവരുടെ അറിവും അനുഭവവും പ്രയോജനപ്പെടുത്തി സമഗ്രമായ എസ്ഒപി രൂപീകരിക്കും,'' മുഖ്യമന്ത്രി വ്യക്തമാക്കി. കടലില്‍ കാണാതാകുന്നവരെ കണ്ടെത്തുന്നതിനുള്ള തിരച്ചിലില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം മത്സ്യത്തൊഴിലാളികളുടെ പ്രായോഗിക പരിചയവും ഏകോപിപ്പിക്കുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

 
Other News in this category

 
 




 
Close Window