Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
എഫ്സിആര്‍എ ഭേദഗതി ബില്‍ ജെപിസിക്ക് വിടാന്‍ കേന്ദ്രം; കടുത്ത നിലപാടില്‍ നിന്ന് പിന്മാറ്റം
reporter

ന്യൂഡല്‍ഹി: വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്സിആര്‍എ) ഭേദഗതി ബില്ലില്‍ കടുത്ത നിലപാടില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറുന്നു. ബില്‍ വിശദപരിശോധനയ്ക്കായി സംയുക്ത പാര്‍ലമെന്ററി സമിതിക്ക് (ജെപിസി) വിടാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു അറിയിച്ചു. ബില്ലിനെതിരെ വിവിധ മത-സാമൂഹിക സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും ഉയര്‍ത്തിയ ആശങ്കകള്‍ പരിഗണിച്ചാണ് നീക്കം. ബില്‍ ജെപിസിക്ക് വിടുന്നതിനുള്ള പ്രമേയം കേന്ദ്രസര്‍ക്കാര്‍ നാളെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കുമെന്നാണ് വിവരം. ക്രൈസ്തവ സഭാ പ്രതിനിധികള്‍ ഉള്‍പ്പെടെ നിരവധി സംഘടനകള്‍ എഫ്സിആര്‍എ ഭേദഗതിയിലെ വ്യവസ്ഥകളെക്കുറിച്ച് കേന്ദ്രസര്‍ക്കാരിനെ ആശങ്ക അറിയിച്ചിരുന്നു. ബില്‍ കൂടുതല്‍ വിശദമായി പരിശോധിക്കണമെന്നും ജെപിസിക്ക് വിടണമെന്നും സഭാ പ്രതിനിധികളും ചില രാഷ്ട്രീയ പാര്‍ട്ടികളും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സമവായം ലക്ഷ്യമിട്ട് ബില്‍ ജെപിസിക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നാണ് സൂചന. ഇതിലൂടെ പ്രതിപക്ഷ നിരയിലെ വ്യത്യസ്ത നിലപാടുകള്‍ പ്രയോജനപ്പെടുത്താനാകുമെന്നും ബിജെപി കണക്കുകൂട്ടുന്നതായാണ് വിലയിരുത്തല്‍.

ബില്‍ പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസും തൃണമൂലും

അതേസമയം ബില്‍ ജെപിസിക്ക് വിടുന്നത് മാത്രം മതിയാകില്ലെന്നും പൂര്‍ണമായും പിന്‍വലിക്കണമെന്നുമാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രധാന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. തൃണമൂല്‍ കോണ്‍ഗ്രസ് ആദ്യം ബില്‍ ജെപിസിക്ക് വിടണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും പിന്നീട് നിലപാട് മാറ്റി ബില്‍ പൂര്‍ണമായും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ബില്ലിനെതിരെ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ബില്‍ സംബന്ധിച്ച ആശങ്കകള്‍ പരിഗണിച്ച് നിയമം മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്.

ഡിഎംകെ: ജെപിസിക്ക് വിടുകയോ പിന്‍വലിക്കുകയോ വേണം

ബില്‍ ഒന്നുകില്‍ ജെപിസിക്ക് വിടുകയോ അല്ലെങ്കില്‍ പൂര്‍ണമായും പിന്‍വലിക്കുകയോ വേണമെന്നാണ് ഡിഎംകെയുടെ നിലപാട്. ബിജു ജനതാദളും ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ പരിഗണനയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശ ഫണ്ടിങ് ദുരുപയോഗം ചെയ്യുന്നത് തടയാനും മതപരിവര്‍ത്തനം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശ സംഭാവനകള്‍ ഉപയോഗിക്കുന്നത് നിയന്ത്രിക്കാനും നിയമഭേദഗതി ആവശ്യമാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. എന്നാല്‍ നിര്‍ദേശിച്ചിരിക്കുന്ന വ്യവസ്ഥകള്‍ രാജ്യത്തെ സന്നദ്ധസംഘടനകളുടെയും സാമൂഹിക സേവന മേഖലയുടെയും പ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിക്കുമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളും വിവിധ സംഘടനകളും ആരോപിക്കുന്നത്. ബില്‍ ജെപിസിക്ക് വിടുന്നതോടെ വിവിധ സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും അഭിപ്രായങ്ങള്‍ സമിതി വിശദമായി പരിശോധിക്കും. തുടര്‍ന്ന് സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമഭേദഗതിയുടെ തുടര്‍നടപടികള്‍ തീരുമാനിക്കുക.

 
Other News in this category

 
 




 
Close Window