Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6836 INR  1 EURO=109.9143 INR
ukmalayalampathram.com
Thu 13th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
വിഴിഞ്ഞം സമരത്തെ പിന്തുണച്ചതിന് എന്‍ജിഒകളുടെ എഫ്സിആര്‍എ പുതുക്കല്‍ തടഞ്ഞത് തെറ്റ്; കേന്ദ്രനടപടി റദ്ദാക്കി ഹൈക്കോടതി
reporter

കൊച്ചി: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ സമരത്തെ പിന്തുണച്ചെന്ന കാരണത്താല്‍ രണ്ട് എന്‍ജിഒകളുടെ എഫ്സിആര്‍എ രജിസ്ട്രേഷന്‍ പുതുക്കാന്‍ വിസമ്മതിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി കേരള ഹൈക്കോടതി റദ്ദാക്കി. കേരള സോഷ്യല്‍ സര്‍വീസ് ഫോറം, സേവ് എ ഫാമിലി പ്ലാന്‍ ഇന്ത്യ എന്നീ സംഘടനകള്‍ നല്‍കിയ ഹര്‍ജികളിലാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ഉത്തരവ്. വിഴിഞ്ഞം സമരക്കാര്‍ക്ക് സംഘടനകള്‍ സാമ്പത്തിക സഹായം നല്‍കിയതായി തെളിയിക്കുന്ന യാതൊരു തെളിവും ഇല്ലെന്ന് കോടതി നിരീക്ഷിച്ചു. ജനാധിപത്യ രാജ്യത്ത് സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടനാപരമായി സംരക്ഷിക്കപ്പെട്ടതാണെന്നും കോടതി വ്യക്തമാക്കി. പ്രതിഷേധക്കാര്‍ക്ക് ഏതെങ്കിലും തരത്തില്‍ സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടെങ്കിലും അതിനെ വിദേശ ഫണ്ട് ദുരുപയോഗം ചെയ്തതായോ പൊതുതാല്‍പര്യത്തിന് വിരുദ്ധമായ പ്രവര്‍ത്തനമായോ സ്വമേധയാ കണക്കാക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.

'സര്‍ക്കാരിന് ഇഷ്ടമില്ലാത്തത് അഭികാമ്യമല്ലാത്ത ഉദ്ദേശ്യമാകില്ല'

എഫ്സിആര്‍എ നിയമത്തിലെ സെക്ഷന്‍ 12(4)(എ)(്ശ)ല്‍ ഉപയോഗിച്ചിരിക്കുന്ന 'അഭികാമ്യമല്ലാത്ത ഉദ്ദേശ്യം' എന്ന പ്രയോഗത്തെ സര്‍ക്കാരിനോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ ഇഷ്ടമില്ലാത്ത പ്രവര്‍ത്തനം എന്ന അര്‍ഥത്തില്‍ വ്യാഖ്യാനിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കുന്ന സാഹചര്യത്തില്‍, അത്തരം പ്രതിഷേധത്തെ 'അഭികാമ്യമല്ലാത്ത ഉദ്ദേശ്യം' എന്നോ പൊതുതാല്‍പര്യത്തിന് വിരുദ്ധമെന്നോ മുദ്രകുത്തുന്നത് ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഏതൊരു വികസന പദ്ധതിയും പ്രദേശവാസികളുടെ ജീവിതത്തിലും ഉപജീവനത്തിലും ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് പ്രതികരിക്കാനും പ്രതിഷേധിക്കാനും ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഇത്തരം പ്രതികരണങ്ങളെ നിയമവിരുദ്ധ പ്രവര്‍ത്തനമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

അപേക്ഷകള്‍ വീണ്ടും പരിശോധിക്കണം

വിഴിഞ്ഞം സമരത്തിന് ഫണ്ട് നല്‍കിയെന്ന ആരോപണം ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രണ്ട് സംഘടനകളുടെയും എഫ്സിആര്‍എ രജിസ്ട്രേഷന്‍ പുതുക്കല്‍ അപേക്ഷ തള്ളിയത്. ഈ തീരുമാനത്തിനെതിരെയാണ് എന്‍ജിഒകള്‍ ഹൈക്കോടതിയെ സമീപിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം റദ്ദാക്കിയ കോടതി, രണ്ട് സംഘടനകളുടെയും അപേക്ഷകള്‍ വീണ്ടും പരിശോധിക്കണമെന്നും മൂന്നു മാസത്തിനകം പുതിയ തീരുമാനം എടുക്കണമെന്നും നിര്‍ദേശിച്ചു. സമാധാനപരമായ പ്രതിഷേധത്തെ പിന്തുണയ്ക്കുന്നത് മാത്രം വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരം ശിക്ഷാര്‍ഹമായോ പൊതുതാല്‍പര്യവിരുദ്ധമായോ കാണാനാകില്ലെന്ന ഹൈക്കോടതി നിരീക്ഷണം, പൗരാവകാശങ്ങളും എന്‍ജിഒകളുടെ പ്രവര്‍ത്തനസ്വാതന്ത്ര്യവും സംബന്ധിച്ച ചര്‍ച്ചകളില്‍ നിര്‍ണായകമാകുകയാണ്.

 
Other News in this category

 
 




 
Close Window