Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
മകളെ പീഡിപ്പിച്ച കേസില്‍ 'ഒത്തുതീര്‍പ്പ്' അംഗീകരിക്കാനാകില്ല; അമ്മയ്ക്ക് കേസ് പിന്‍വലിക്കാനാവില്ലെന്ന് ഹൈക്കോടതി
reporter

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ അച്ഛനെതിരെ നല്‍കിയ കേസ് ഒത്തുതീര്‍പ്പാക്കാന്‍ അമ്മയ്ക്ക് നിയമപരമായി അവകാശമില്ലെന്ന് കേരള ഹൈക്കോടതി. കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളില്‍ മാതാപിതാക്കള്‍ തമ്മിലുള്ള സ്വകാര്യ ഒത്തുതീര്‍പ്പുകള്‍ക്ക് കുറ്റാന്വേഷണവും വിചാരണയും തടയാനാവില്ലെന്നും കോടതി വ്യക്തമാക്കി. തൃശൂര്‍ ചാലക്കുടി സ്വദേശിയായ അമ്പതുകാരന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിര്‍ണായക നിരീക്ഷണം. സ്വന്തം പതിനേഴുകാരിയായ മകളെ പലതവണ അനാവശ്യമായി സ്പര്‍ശിക്കുകയും ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. കേസില്‍ ഏപ്രില്‍ 17നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. നേരത്തെ സമര്‍പ്പിച്ച ആദ്യ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് കേസിന് ആസ്പദമായ പരാതി നല്‍കിയ അമ്മ ഒത്തുതീര്‍പ്പുമായി മുന്നോട്ടുവന്നത്.

'കുട്ടിയുടെ താല്‍പര്യം മറന്ന് സ്വകാര്യ ഒത്തുതീര്‍പ്പ്'

അച്ഛനും അമ്മയും തമ്മില്‍ വിഷയം ഒത്തുതീര്‍പ്പാക്കിയെന്നും പ്രതിക്ക് ജാമ്യം നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. കേസ് വിചാരണയുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലെന്നും അച്ഛന് ജാമ്യം നല്‍കുന്നതില്‍ മകള്‍ക്കും എതിര്‍പ്പില്ലെന്നും വ്യക്തമാക്കി അമ്മ സത്യവാങ്മൂലം നല്‍കിയതായും വാദിച്ചു. എന്നാല്‍ മകളുടെ താല്‍പര്യങ്ങളും ഭാവിജീവിതവും പൂര്‍ണമായി അവഗണിച്ചാണ് അമ്മ ഇത്തരമൊരു ഒത്തുതീര്‍പ്പിന് ശ്രമിച്ചതെന്ന് കോടതി വിമര്‍ശിച്ചു. കുട്ടികള്‍ക്കെതിരായ ഗുരുതര കുറ്റകൃത്യങ്ങളില്‍ അന്വേഷണം നടത്തുകയും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും ചെയ്യേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമാണ്. ആ ബാധ്യതയെ മാതാപിതാക്കളുടെ സ്വകാര്യ ധാരണയോ ഒത്തുതീര്‍പ്പോ മറികടക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

'സംഭവം നടന്നിട്ടില്ലെന്ന് അമ്മ പറയുന്നില്ല'

അമ്മ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സംഭവം നടന്നിട്ടില്ലെന്ന് എവിടെയും പറയുന്നില്ലെന്നും, പിന്നീട് ഉണ്ടായ ഒത്തുതീര്‍പ്പിനെക്കുറിച്ചാണ് മാത്രം പരാമര്‍ശിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. പെണ്‍കുട്ടിയുടെ മൊഴിയില്‍നിന്ന് പ്രതിക്കെതിരായ ആരോപണങ്ങള്‍ അതീവ ഗുരുതരമാണെന്ന് വ്യക്തമാകുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. പ്രതിയുടെ പ്രവൃത്തി ആസൂത്രിതവും ഗുരുതരവുമായ കുറ്റകൃത്യമാണെന്നും ഈ ഘട്ടത്തില്‍ ജാമ്യത്തിന് അര്‍ഹതയില്ലെന്നുമുള്ള മുതിര്‍ന്ന പ്രോസിക്യൂട്ടറുടെ വാദവും കോടതി അംഗീകരിച്ചു.

ഇതോടെയാണ് പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്.

കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളില്‍ കുടുംബത്തിനകത്തെ സമ്മര്‍ദം, ഒത്തുതീര്‍പ്പ്, സ്വകാര്യ കരാര്‍ എന്നിവ ഉപയോഗിച്ച് നിയമനടപടികള്‍ അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന ശക്തമായ സന്ദേശമാണ് ഹൈക്കോടതി വിധി നല്‍കുന്നത്.

 
Other News in this category

 
 




 
Close Window