Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ജവാന്‍ റമ്മിന് ബെവ്‌കോ വഴിവിട്ട സഹായം നല്‍കുന്നുവെന്ന് പരാതി; ബെവ്‌കോയ്ക്കും സിസിഐയ്ക്കും സുപ്രീം കോടതി നോട്ടീസ്
reporter

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ജവാന്‍ റമ്മിന് പ്രത്യേക പരിഗണന നല്‍കുകയും വിപണിയിലെ ആധിപത്യം ദുരുപയോഗം ചെയ്യുകയും ചെയ്യുന്നുവെന്ന പരാതിയില്‍ കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷനും (ബെവ്‌കോ) കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയ്ക്കും (സിസിഐ) സുപ്രീം കോടതി നോട്ടീസ് അയച്ചു. ജവാന്‍ റം ഉത്പാദിപ്പിക്കുന്ന പൊതുമേഖലാ സ്ഥാപനമായ തിരുവിതാംകൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിനും കോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്. നാഷനല്‍ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിന്റെ (എന്‍സിഎല്‍എടി) ഉത്തരവ് ചോദ്യം ചെയ്ത് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ആല്‍ക്കഹോളിക് ബെവറേജ് കമ്പനീസ് (സിഐഎബിസി) സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, സഞ്ജീവ് സച്ച്‌ദേവ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.

'ജവാന്‍ റമ്മിന് അന്യായമായ മുന്‍ഗണന'

സര്‍ക്കാര്‍ ബ്രാന്‍ഡായ ജവാന്‍ റമ്മിന് കുറഞ്ഞ വില നിശ്ചയിച്ചും മറ്റ് ആനുകൂല്യങ്ങള്‍ നല്‍കിയും ബെവ്‌കോ വിപണിയില്‍ വഴിവിട്ട സഹായം നല്‍കുന്നുവെന്നാണ് ഹര്‍ജിക്കാരുടെ പ്രധാന ആരോപണം. സിഐഎബിസിക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അമിത് സിബല്‍, സ്വകാര്യ മദ്യ ഉത്പാദകരുമായി താരതമ്യം ചെയ്യുമ്പോള്‍ ജവാന്‍ റമ്മിന് അനുകൂലമായ വിലനിര്‍ണയവും മറ്റ് പരിഗണനകളും ലഭിക്കുന്നുണ്ടെന്ന് കോടതിയില്‍ വാദിച്ചു. സ്വകാര്യ മദ്യ ഉത്പാദകര്‍ക്ക് ന്യായമല്ലാത്ത വില നിശ്ചയിക്കുക, ഏകപക്ഷീയമായ ടെന്‍ഡര്‍ നിബന്ധനകള്‍ ഏര്‍പ്പെടുത്തുക, നല്‍കാനുള്ള തുക വൈകിപ്പിക്കുക തുടങ്ങിയ നടപടികളിലൂടെ ബെവ്‌കോ വിപണിയിലെ മത്സരസ്വഭാവത്തെ ബാധിക്കുന്നതായും ഹര്‍ജിയില്‍ ആരോപിക്കുന്നു.

2021ലെ പരാതി സിസിഐ തള്ളിയിരുന്നു

2021ലാണ് മദ്യ ഉത്പാദകരുടെ സംഘടന ബെവ്‌കോയ്‌ക്കെതിരെ സിസിഐയെ സമീപിച്ചത്. എന്നാല്‍ ബെവ്‌കോ വിപണിയിലെ ആധിപത്യം ദുരുപയോഗം ചെയ്തതായി കണ്ടെത്താന്‍ മതിയായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി സിസിഐ പരാതി തള്ളുകയായിരുന്നു. ഇതിനെതിരായ അപ്പീല്‍ പരിഗണിച്ച എന്‍സിഎല്‍എടി 2026 മേയില്‍ സിസിഐയുടെ തീരുമാനം ശരിവച്ചു. ജവാന്‍ റമ്മിന് ലഭിക്കുന്ന മുന്‍ഗണന സംസ്ഥാന സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗമാണെന്നും ഇതിലൂടെ വിപണിയിലെ മത്സരത്തിന് ദോഷമുണ്ടായെന്ന് തെളിയിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നുമായിരുന്നു ട്രിബ്യൂണലിന്റെ നിരീക്ഷണം.

എന്‍സിഎല്‍എടി വിധി ഇനി സുപ്രീം കോടതിയില്‍

എന്‍സിഎല്‍എടിയുടെ ഈ ഉത്തരവാണ് സിഐഎബിസി സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തിരിക്കുന്നത്. ബെവ്‌കോയുടെ വിപണി സ്വാധീനവും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യ ബ്രാന്‍ഡിന് നല്‍കുന്ന പരിഗണനയും മത്സരനിയമത്തിന്റെ പരിധിയില്‍ പരിശോധിക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. ഹര്‍ജിയില്‍ ബെവ്‌കോ, സിസിഐ, തിരുവിതാംകൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് എന്നിവരുടെ വിശദീകരണം തേടിയാണ് സുപ്രീം കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ജവാന്‍ റമ്മിന് നല്‍കുന്ന വിലയും മറ്റ് പരിഗണനകളും സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണോ, അതോ വിപണിയിലെ മത്സരത്തെ ബാധിക്കുന്ന തരത്തിലുള്ള ആധിപത്യ ദുരുപയോഗമാണോ എന്നതാണ് ഇനി കോടതിയുടെ പരിഗണനയിലെ പ്രധാന വിഷയം.

 
Other News in this category

 
 




 
Close Window