പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഒരു പാനീയമാണ് 'ജല്‍ജീര'. ശരീരഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി ധാരാളം ആളുകള്‍ ജല്‍ജീര കുടിക്കാറുണ്ട്. ഇത് വയറിന് നല്ല സുഖം നല്‍കുന്നു. വൈറ്റമിന്‍ സിയുടെ അപര്യാപ്തത കൊണ്ടുണ്ടാകുന്ന സ്‌കര്‍വി സുഖപ്പെടുത്താന്‍ ജല്‍ജീര കുടിക്കുന്നതിലൂടെ സാധിക്കുമെന്നു പറയുന്നു. ജല്‍ജീര തയാറാക്കാനായി നമുക്ക് വേണ്ടത് ചെറിയ ജീരകം, മല്ലിയില, പുതിനയില, ഇഞ്ചി, പുളി, നാരങ്ങ, പഞ്ചസാര (ശര്‍ക്കര), ഉപ്പ്, ബ്ലാക് സാള്‍ട്ട്, കായപ്പൊടി എന്നിവയാണ്. ബ്ലാക് സാള്‍ട്ട് ശരീരത്തിന് വളരെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. ഇത് പിങ്ക് നിറത്തില്‍ കാണപ്പെടുന്നു. ചിലര്‍ മാംഗോ പൗഡര്‍, ഇഞ്ചി, നാരങ്ങ, ബ്ലാക് സാള്‍ട്ട് എന്നിവ ഉപയോഗിച്ചും ജല്‍ജീര തയാറാക്കുന്നുണ്ട്. ഈ വിധത്തില്‍ ഉപയോഗിക്കുന്നതു കൊണ്ടുള്ള ഒരുപയോഗം ഇതില്‍ മധുരം ചേര്‍ക്കുന്നില്ല എന്നതാണ്. മധുരം ചേര്‍ത്ത് ഉപയോഗിക്കുന്നവര്‍ പഞ്ചസാരയ്ക്കു പകരം ശര്‍ക്കരയോ കോക്കനട്ട് ഷുഗറോ ഉപയോഗിക്കുന്നതാണ് ഉത്തമം. വെള്ളത്തിനു പകരമായി സോഡ ഒഴിച്ചു കുടിക്കുന്നത് കൂടുതല്‍ സ്വാദ് നല്‍കുന്നു.
കൂടാതെ അസിഡിറ്റി, മനംപുരട്ടല്‍, മലബന്ധം എന്നിവയ്ക്ക് പരിഹാരമാണിത്. വേനല്‍ക്കാലത്ത് സ്ഥിരമായി കുടിക്കാന്‍ പറ്റിയ ഒരു പാനീയമാണിത് കാരണം ഇതു കുടിക്കുന്നതു മൂലം ശരീരത്തിനുണ്ടാകുന്ന കുളിര്‍മ തന്നെയാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ഇഞ്ചി വയറിന് നല്ലൊരു സുഖം നല്‍കുന്നു. കൂടാതെ ഗ്യാസ്ട്രബിള്‍ പ്രശ്നത്തിന് ഒരു ഉത്തമപരിഹാരമാണ്. നെഞ്ചെരിച്ചില്‍ അനുഭവപ്പെടുന്നവര്‍ക്ക് പെട്ടെന്ന് ശമനം കിട്ടാന്‍ ജല്‍ജീര കുടിക്കാം.
ഈ പാനീയത്തിന്റെ മറ്റൊരുപയോഗം വിശപ്പ് വര്‍ധിപ്പിക്കുക എന്നതാണ്. അതിനാല്‍ ഉച്ചഭക്ഷണത്തിനു മുന്‍പോ, അത്താഴത്തിനു മുന്‍പോ, ഇത് കുടിക്കാവുന്നതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ബ്ലാക് സാള്‍ട്ട് വയറിലെ ഗ്യാസിന് ശമനം നല്‍കി ദഹനം സുഗമമാക്കുന്നു. ഛര്‍ദ്ദി അനുഭവപ്പെടുന്ന സമയങ്ങളില്‍ ജല്‍ജീര അല്‍പ്പാല്‍പ്പമായി പാനം ചെയ്യുന്നത് ആശ്വാസം നല്‍കുന്നു. നിര്‍ജലീകരണം തടയാന്‍ ഇത് സഹായിക്കുന്നു. സ്ത്രീകളില്‍ ആര്‍ത്തവകാലത്തുണ്ടാകുന്ന വയറു വേദനയ്ക്ക് നല്ല പാനീയമാണിത്. അമിതമായി ആഹാരം കഴിച്ചതു കൊണ്ടുള്ള ക്ഷീണം മാറ്റാന്‍ ആഹാരത്തിനു ശേഷം ഇത് കുടിക്കുന്നത് നല്ലതാണ്. നല്ല ഉറക്കം കിട്ടുന്നതിനും ഇത് സഹായകമാണ്. |