ആള്‍ട്രിഹാം: വയനാട് ദുരന്തത്തില്‍ മാതാപിതാക്കളെ നഷ്ടമായ വിദ്യാര്‍ഥികള്‍ക്ക് കൈത്താങ്ങാവാന്‍ സ്‌കൈ ഡൈവിങ് നടത്തി 16 വയസ്സുകാരന്‍ നോയല്‍ സാബു. യുകെയിലെ പ്രധാന സ്‌കൈ ഡൈവിങ് സ്പോര്‍ടായ നോട്ടിങ്ങാമിലെ ലാങര്‍ എയര്‍ ഫീല്‍ഡില്‍ ഇന്നലെയായിരുന്നു സ്‌കൈ ഡൈവിങ്. ചെറുവിമാനത്തില്‍ പരിശീലകനൊപ്പം പറന്നുയര്‍ന്ന നോയല്‍ പതിനയ്യായിരം അടി ഉയരത്തില്‍ എത്തിയപ്പോള്‍ വിമാനത്തിന്റെ വാതിലുകള്‍ തുറന്ന് ആകാശച്ചാട്ടം നടത്തുകയായിരുന്നു. ആദ്യഘട്ടത്തില്‍ പാരച്ചൂട്ട് തുറക്കാതെയുള്ള ഫ്രീ ഫാളായിരുന്നു. പിന്നീട് യാത്ര അയ്യായിരം അടി മാത്രം ശേഷിക്കെ പാരച്ചൂട്ട് തുറന്ന് ആകാശകാഴ്ചകള്‍ കണ്ടു സാവധാനം ലാന്‍ഡ് ചെയ്യുകയുമായിരുന്നു. പാരച്ചൂട്ട് യാത്രക്കിടയില്‍ പലതവണ കരണം മറിയുകയും പാരച്ചൂട്ടിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തുമാണ് നോയല്‍ തന്റെ ധൗത്യം പൂര്‍ത്തിയാക്കിയത്. യുകെയില്‍ സ്‌കൈ ഡൈവിങ് നടത്താനുള്ള പ്രായപരിധി 16 വയസ്സാണ്. ഇതുവഴി മൂന്നുലക്ഷത്തിലധികം തുക നോയല്‍ സമാഹരിച്ചു.
നോയലിനെ കൂടാതെ 28 പേര് കൂടെ വയനാടിന് വേണ്ടി കൈകോര്‍ത്തപ്പോള്‍, അറുപതുലക്ഷത്തില്‍ അധികം തുക വയനാട്ടിലെ മാതാപിതാക്കള്‍ നഷ്ടമായ വിദ്യാര്‍ഥികള്‍ക്കായി സമാഹരിച്ചുകഴിഞ്ഞു. ഫണ്ട് ശേഖരണം ഇപ്പോഴും തുടരുകയാണ്, ഒരുകോടിയാണ് ലക്ഷ്യം. വയനാട് ഉണ്ടായ പ്രകൃതി ദുരന്തത്തിന്റെ ആഴം തന്റെ പിതാവില്‍ നിന്നും മനസ്സിലാക്കിയ നോയല്‍, വാര്‍ത്തകളിലൂടെ ദുരന്തത്തിന്റെ ഭീകരത മനസ്സിലാക്കുകയും അവര്‍ക്കായി എന്തെങ്കിലും ചെയ്യണമെന്ന് തീരുമാനിക്കുകയുമായിരുന്നു. മുന്‍പ് സ്‌കൈ ഡൈവിങ് നടത്തിയിട്ടുള്ള തന്റെ പിതാവില്‍ നിന്നും കാര്യങ്ങള്‍ മനസ്സിലാക്കി നോയല്‍ ഏറെ സാഹസികത നിറഞ്ഞ ഉദ്യമത്തിന് ഇറങ്ങുകയായിരുന്നു.
മാഞ്ചസ്റ്ററില്‍ വര്‍ഷങ്ങളായി താമസിക്കുന്ന സാബു ചുണ്ടക്കാട്ടിലിന്റെയും സ്മിതയുടെയും രണ്ടു മക്കളില്‍ മൂത്തയാളാണ് നോയല്‍. ആള്‍ട്രിഹാം സെന്റ് ആംബ്രോസ് കോളേജിലെ ഒന്നാം വര്‍ഷ എ ലെവല്‍ വിദ്യാര്‍ഥിയാണ്. പഠനത്തിനൊപ്പം ഒട്ടേറെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നോയല്‍ പാര്‍ക്ക് റണ്‍ ഉള്‍പ്പെടെ നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിട്ടുണ്ട്. ഇതേ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായി എഡ്വിനാണ് സഹോദരന്‍. കോട്ടയം അതിരമ്പുഴ ചുണ്ടക്കാട്ടില്‍ കുടുംബാംഗമാണ്.