ലണ്ടന്‍: ലോകമെമ്പാടും എംപോക്സ് പടര്‍ന്നു പിടിക്കുകയാണ്. രോഗം രൂക്ഷമായതോടെ ലോകാരോഗ്യസംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് യുകെയും പ്രതിരോധ നടപടികള്‍ ആരംഭിച്ചു. ഒന്നര ലക്ഷം ഡോസ് എംപോക്സ് വാക്സിനേഷനാണ് ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. യുകെയില്‍ മൂന്ന് തരത്തില്‍ വൈറസുകള്‍ രൂപപ്പെടാനാണ് സാധ്യതയുള്ളതെന്ന് ഇവര്‍ പറയുന്നു. ഒന്നാമത്തേത് ചെറിയ ക്ലസ്റ്ററായി രോഗികള്‍ രൂപപ്പെടാം, രണ്ട് നിയന്ത്രിതമായ തോതിലുള്ള പകര്‍ച്ചവ്യാധിയാകാം, മൂന്നാമത്തേത് ആശുപത്രികളിലും, കെയര്‍ ഹോമിലും, ജയിലിലും, സ്കൂളുകളിലും സാമൂഹിക വ്യാപനം സംഭവിക്കാം. ഇത് സാധ്യതകള്‍ മാത്രമാണെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പറയുന്നു.
ക്ലെയ്ഡ് ഐബി എംപോക്സ് ബാധിച്ച പുതിയ കേസുകള്‍ ഡെമോക്രാറ്റിക് റിപബ്ലിക്ക് ഓഫ് കോങ്കോയില്‍ കണ്ടെത്തിയ ശേഷം യുകെയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നിരുന്നാലും വൈറസിനെതിരായ പ്രതിരോധം ഉറപ്പാക്കാന്‍ കൂടുതല്‍ വാക്സിനുകള്‍ സ്വരൂപിക്കേണ്ടതുണ്ടെന്ന് യുകെ ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു. യുകെയില്‍ ഏതെങ്കിലും തരത്തില്‍ രോഗവ്യാപനം ഉണ്ടായാല്‍ നേരിടാനുള്ള തയ്യാറെടുപ്പാണ് നടത്തുന്നത്. വാക്സിനേഷന് ഈ പ്രതിരോധത്തില്‍ സുപ്രധാനമാണ്, യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി ചീഫ് മെഡിക്കല്‍ അഡൈ്വസര്‍ സൂസന് ഹോപ്കിന്‍സ് പറഞ്ഞു.