ലണ്ടന്‍: റെഡ്ഡിച്ചില്‍ മരിച്ച അനില്‍ ചെറിയാന്‍- സോണിയ ദമ്പതികള്‍ക്ക് റെഡ്ഡിചില്‍ തന്നെ അന്ത്യവിശ്രമമൊരുങ്ങും. പൊതുദര്‍ശനവും സംസ്‌കാരവും സെപ്റ്റംബര്‍ 14ന് നടത്തും. ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ ഔര്‍ ലേഡി ഓപ് മൌണ്ട് കാര്‍മല്‍ ആര്‍.സി ചര്‍ച്ചില്‍ ആരംഭിക്കുന്ന പൊതു ദര്‍ശനത്തിനും ശ്രൂഷകള്‍ക്കും ശേഷം റെഡ്ഡിച്ച് ബറോ സെമിത്തേരിയിലായിരിക്കും സംസ്‌കാരം. ചടങ്ങുകള്‍ക്ക് ഫാ. സാബി മാത്യു കാര്‍മികത്വം വഹിക്കും.
ഓഗസ്റ്റ് 18നായിരുന്ന സോണിയ അനിലിന്റെ (39) ആകസ്മിക വിയോഗം. കാലിലെ ശസ്ത്രക്രിയയ്ക്കായി നാട്ടില്‍ പോയി മടങ്ങിയെത്തിയ സോണിയ എയര്‍പോര്‍ട്ടില്‍നിന്നും വീട്ടിലെത്തി ഒരു മണിക്കൂര്‍പോലും തികയുന്നതിനിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഭര്‍ത്താവ് അനിലിന്റെ കൈയിലേക്ക് കുഴഞ്ഞുവീണാണ് സോണിയ ജീവന്‍ വെടിഞ്ഞത്. രണ്ടു കുട്ടികളെയും തന്നെയും തനിച്ചാക്കിയുള്ള സോണിയയുടെ വിയോഗം താങ്ങാനാകാതെ അനില്‍ പിറ്റേന്ന് രാത്രി ജീവനൊടുക്കുകയായിരുന്നു.
ഇരുവരുടെയും മരണത്തോടെ മക്കളായ ലിയയും ലൂയിസും തനിച്ചായി. കോട്ടയം വാകത്താനം വലിയപറമ്പില്‍ കുടുംബാംഗമാണ് അനില്‍ ചെറിയാന്‍. റെഡ്ഡിച്ചിലെ അലക്‌സാന്ദ്ര ആശുപത്രിയിലെ നഴ്‌സായിരുന്നു സോണിയ. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ ജീവിതത്തില്‍ ഒരുമിച്ച ഇരുവരും ഒടുവില്‍ മരണത്തിലും ഒരുമിച്ചപ്പോള്‍ തനിച്ചായത് രണ്ടു കുഞ്ഞുങ്ങളാണ്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കരുതലിലും സംരക്ഷണയിലുമാകും തല്‍ക്കാലം ഈ കുഞ്ഞുങ്ങളുടെ ജീവിതം.