ലണ്ടന്‍: എന്‍എച്ച്എസില്‍ ജിപി അപ്പോയിന്റ്‌മെന്റുകള്‍ക്കായി കാത്തിരിപ്പ് നീളുന്നു. നാലാഴ്ചയ്ക്ക് മുകളിലാണ് ഇപ്പോള്‍ കാത്തിരിക്കേണ്ടതായി വരുന്നത്. ഇത്തരത്തില്‍ കാത്തിരിക്കുന്നവരുടെ എണ്ണം 10.3 മില്ല്യണിലാണെന്ന് എന്‍എച്ച്എസ് ഡാറ്റ പരിശോധിച്ച ലിബറല്‍ ഡെമോക്രാറ്റുകള്‍ കണ്ടെത്തി. ഗ്ലോസ്റ്റര്‍ഷയറിലാണ് നാലാഴ്ച കാത്തിരിപ്പ് ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തുന്നത്. 10.1 ശതമാനം ജിപി അപ്പോയിന്റ്മെന്റുകളും ഈ വിഭാഗത്തിലാണ് പെടുന്നത്. ഡെര്‍ബി, ഡെര്‍ബിഷയര്‍ & ഗ്ലോസോപ്, ഡോര്‍സെറ്റ്, ഷോര്‍ലി, സൗത്ത് റിബ്ബിള്‍ എന്നിവിടങ്ങളില്‍ 9 ശതമാനം രോഗികളും ഈ സ്ഥിതി നേരിടുന്നു. ജിപിമാര്‍ സമരനടപടികളുമായി മുന്നോട്ട് പോകുമ്പോള്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്നാണ് ആശങ്ക.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1.7 മില്ല്യണ്‍ കൂടുതല്‍. ആ ഘട്ടത്തില്‍ 8.6 മില്ല്യണ്‍ അപ്പോയിന്റ്മെന്റുകളാണ് നാലാഴ്ചയിലേറെ എടുത്തത്. ഈ വര്‍ഷവും കണക്കുകള്‍ സമാനമായ തോതില്‍ തുടരുകയാണ്, ഇത് ആവര്‍ത്തിച്ചാല്‍ നാലാഴ്ചയിലെ റെക്കോര്‍ഡ് 17.6 മില്ല്യണിലെത്തുമെന്നാണ് കരുതുന്നത്. ചില മേഖലകളില്‍ പത്തിലൊന്ന് ജിപി അപ്പോയിന്റ്മെന്റുകളും നാലാഴ്ചയോ, അതിലേറെയോ വേണ്ടിവന്നതായി എന്‍എച്ച്എസ് ഡാറ്റ വ്യക്തമാക്കുന്നു.