ലണ്ടന്‍: വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റുകള്‍ റദ്ദാക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതി ഇന്ന് കോമണ്‍സില്‍ വോട്ടിനിടും. 10 മില്യണ്‍ പെന്‍ഷന്‍കാരെ സാരമായി ബാധിക്കുന്നതാണ് തീരുമാനം. ലേബറിന് വന്‍ ഭൂരിപക്ഷമുള്ളതിനാല്‍ ബില്‍ പാസാകുമെന്ന് ഉറപ്പാണ്. വിന്ററില്‍ ഹീറ്റിംഗ് ഓണാക്കാന്‍ മടിച്ച് പെന്‍ഷന്‍കാര്‍ മരിക്കുമെന്ന ആശങ്കകള്‍ നിലനില്‍ക്കവെയാണ് പദ്ധതിയുമായി മുന്നോട്ട് പോകാന്‍ ചാന്‍സലര്‍ തീരുമാനിച്ചിരിക്കുന്നത്. വിവാദമായ പദ്ധതി അവതരിപ്പിക്കുന്നതിന് കുറ്റപ്പെടുത്തേണ്ടത് കണ്‍സര്‍വേറ്റീവുകളെയാണെന്ന് ആണ് ചാന്‍സലര്‍ റേച്ചല്‍ റീവ്സ് പറയുന്നത്. ഈ വര്‍ഷത്തെ സ്റ്റേറ്റ് പെന്‍ഷന്‍ വര്‍ദ്ധനവിലൂടെ പെന്‍ഷന്‍കാര്‍ക്ക് ഇപ്പോള്‍ തന്നെ 900 പൗണ്ട് ലാഭം കിട്ടിയിട്ടുണ്ടെന്നും, അതിനാല്‍ ഫ്യൂവല്‍ പേയ്മെന്റ് പിന്‍വലിക്കുന്നത് പ്രശ്നമാകില്ലെന്നുമാണ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ റീവ്സ് അറിയിച്ചത്. കൂടുതല്‍ ബുദ്ധിമുട്ടിപ്പിക്കുന്ന തീരുമാനങ്ങള്‍ വരുമെന്നാണ് ചാന്‍സലര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
ലേബര്‍ പാര്‍ട്ടിക്ക് മൃഗീയ ഭൂരിപക്ഷമുള്ളതിനാല്‍ സഭയില്‍ ചില ലേബര്‍ എംപിമാര്‍ ഉള്‍പ്പെടെ എതിര്‍പ്പ് രേഖപ്പെടുത്തിയാലും വന്‍ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ ബില്‍ പാസാകുമെന്ന് തന്നെയാണ് കരുതുന്നത്. ലേബര്‍ എംപിമാര്‍ വിമതനീക്കം നടത്തുമെന്നു കരുതുന്നുണ്ട്. എന്നാല്‍ പല ലേബര്‍ എംപിമാരും ഈ വിശദീകരണങ്ങളില്‍ തൃപ്തരല്ല. ഇവര്‍ ഇതിനെതിരെ വോട്ട് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. പെന്‍ഷന്‍കാരുടെ ഫ്യൂവല്‍ പേയ്മെന്റ് റദ്ദാക്കാനുള്ള നീക്കം തള്ളണമെന്ന് യൂണിയനുകളും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലേബര്‍ എംപിമാര്‍ ഉള്‍പ്പെടെ എതിര്‍പ്പ് രേഖപ്പെടുത്തിയാലും തന്റെ വലിയ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ റദ്ദാക്കല്‍ നടത്താമെന്നാണ് സ്റ്റാര്‍മര്‍ കരുതുന്നത്.