ലണ്ടന്‍: സൂയിസൈഡ് പോഡ് അംഗീകരിക്കപ്പെട്ടിട്ടുള്ള രാജ്യമാണ് സ്വിറ്റ്‌സര്‍ലാന്‍ഡ്. അതായത്, കൃത്യമായ കാരണങ്ങളുണ്ടെങ്കില്‍ മരിക്കാനുള്ള അനുമതി. വേദനകളൊന്നും ഇല്ലാത്ത മരണമാണ് ഈ സൂയിസൈഡ് പോഡുകള്‍ അഥവാ ആത്മഹത്യാപ്പെട്ടികള്‍ മുന്നിലേക്ക് വയ്ക്കുന്നത്. സൂയിസൈഡ് പോഡിന് അംഗീകാരം കിട്ടിയതിന് പിന്നാലെ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് ചര്‍ച്ചകള്‍ നടന്നിരുന്നു. ഇപ്പോഴിതാ യുകെയില്‍ നിന്നുള്ള വൃദ്ധ ദമ്പതികള്‍ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ സൂയിസൈഡ് പോഡുപയോഗിച്ചുള്ള മരണത്തിന് തയ്യാറെടുക്കുകയാണ്.
ഭാര്യയ്ക്ക് വാസ്‌കുലാര്‍ ഡിമെന്‍ഷ്യ സ്ഥിരീകരിച്ചതോടെയാണ് ദമ്പതികളുടെ തീരുമാനം. ഇംഗ്ലണ്ടിലെ സഫോക്ക് നിവാസികളായ പീറ്ററും ക്രിസ്റ്റിന്‍ സ്‌കോട്ടുമാണ് ജീവിതം ഒരുമിച്ച് അവസാനിപ്പിക്കുന്നതിന് വേണ്ടി സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക് പോകുന്നത്. 1942 മുതല്‍ അസിസ്റ്റഡ് സൂയിസൈഡ് നിയമവിധേയമായ രാജ്യമാണ് സ്വിറ്റ്‌സര്‍ലാന്‍ഡ്. ഓസ്ട്രേലിയന്‍ ഡോ. ഫിലിപ്പ് നിറ്റ്ഷ്‌കെയാണ് സാര്‍ക്കോ മെഷീന്‍ എന്ന ഉപകരണം കണ്ടുപിടിച്ചത്. വേദനാരഹിതമായ മരണമാണ് സൂയിസൈഡ് പോഡുകള്‍ വാഗ്ധാനം ചെയ്യുന്നത്. പീറ്ററും ക്രിസ്റ്റീനും പ്രത്യേകം തയ്യാറാക്കിയ രണ്ട് സൂയിസൈഡ് പോഡുകള്‍ ഒരുമിച്ചുള്ള സംവിധാനത്തിലായിരിക്കും മരണം സ്വീകരിക്കുക.
തങ്ങളിരുവരും വര്‍ഷങ്ങളോളം വളരെ സ്‌നേഹത്തിലും സന്തോഷത്തിലുമാണ് കഴിഞ്ഞത്. ഇനി ചികിത്സകള്‍ക്കും മറ്റുമായി തങ്ങളുടെ സമ്പാദ്യം മുഴുവനും കളയണം, അതിന്റെ വേദനകളും ബുദ്ധിമുട്ടുകളും അനുഭവിക്കണം. അത് വേണ്ട എന്ന തീരുമാനത്തെ തുടര്‍ന്നാണ് രണ്ടുപേരും സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ചെന്ന് സൂയിസൈഡ് പോഡിന്റെ സഹായത്തോടെ മരിക്കാന്‍ തീരുമാനിച്ചത് എന്നാണ് ദമ്പതികള്‍ പറയുന്നത്. മുന്‍ റോയല്‍ എയര്‍ഫോഴ്സ് പൈലറ്റായ പീറ്റര്‍ പറയുന്നത്, ഒരിക്കല്‍ ഡിമെന്‍ഷ്യ രോഗികളെ പരിചരിച്ചിരുന്ന ആളാണ് നഴ്‌സായിരുന്ന ക്രിസ്റ്റീന എന്നാണ്. അവര്‍ക്ക് സ്വയം ആ അവസ്ഥയിലൂടെ കടന്നു പോകുന്നത് താങ്ങാനാവില്ല എന്നും പീറ്റര്‍ പറയുന്നു. അവളില്ലാതെ ജീവിക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല. എന്നെ മറ്റാരെങ്കിലും പരിചരിക്കേണ്ടുന്ന അവസ്ഥയിലേക്ക് പോകാനും ആഗ്രഹമില്ല. അതിനെ ഞാന്‍ ഒരു ജീവിതം എന്നും വിളിക്കുന്നില്ല. അതിനാലാണ് ഈ തീരുമാനമെന്നും പീറ്റര്‍ പറഞ്ഞു.