ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ (ടോറി) ഋഷി സുനകിന് പിന്‍ഗാമിയാകാനുള്ള അവസാന മല്‍സരം റോബര്‍ട്ട് ജെനറിക്കും കെമി ബാഡ്‌നോക്കും തമ്മില്‍. സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കാന്‍ എംപിമാര്‍ക്കിടയില്‍ നടന്ന വോട്ടെടുപ്പിന്റെ അവസാന റൗണ്ടില്‍ ഇതുവരെ ഏറ്റവും മുന്നില്‍ നിന്നിരുന്ന ജെയിംസ് ക്ലവേര്‍ലി പുറത്തായി. എംപിമാര്‍ക്കിടയില്‍ നടന്ന അവസാന വോട്ടെടുപ്പില്‍ കെമി ബാഡ്‌നോക്കിനാണ് ഏറ്റവും അധികം പിന്തുണ ലഭിച്ചത്. 42 എംപിമാര്‍ അവരെ പിന്തുണച്ചു. റോബര്‍ട്ട് ജെനറിക്കിന് 41 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ജെയിംസ് ക്ലവേര്‍ലിക്ക് ലഭിച്ചത് കേവലം 37 വോട്ടുകള്‍ മാത്രമാണ്. ഇന്നലെ നടന്ന നാലാം റൗണ്ട് വോട്ടെടുപ്പില്‍ മല്‍സരരംഗത്തുണ്ടായിരുന്ന മുന്‍മന്ത്രി ടോം ട്വിക്കിന്‍ടാങ് പുറത്തായിരുന്നു. ഈ റൗണ്ടില്‍ ജെയിംസ് ക്ലവേര്‍ലിയാണ് 39 വോട്ടുകള്‍ നേടി മുന്നില്‍ നിന്നിരുന്നത്.
ഇന്ത്യന്‍ വംശജയായ പ്രീതി പട്ടേല്‍ ഉള്‍പ്പെടെ ആറുപേരാണ് ലീഡര്‍സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. ഇവരില്‍നിന്നും അവസാന രണ്ടുപേരെ തിരഞ്ഞെടുക്കാന്‍ എംപിമാര്‍ക്കിടയില്‍ പലവട്ടം വോട്ടെടുപ്പ് നടന്നു. ഓരോ റൗണ്ടിലും ഏറ്റവും കുറവ് വോട്ടു ലഭിക്കുന്നവര്‍ പുറത്താകുന്ന തരത്തിലായിരുന്നു വോട്ടെടുപ്പ്. ഇതിനിടെ എത്തിയ പാര്‍ട്ടി സമ്മേളനത്തില്‍ തങ്ങളുടെ നിലപാട് അറിയിക്കാനും പാര്‍ട്ടി അംഗങ്ങളെ അഭിസംബോധന ചെയ്യാനും അവസാന റൗണ്ടിലെത്തിയ നാല് സ്ഥാനാര്‍ഥികള്‍ക്ക് അവസരം ലഭിച്ചിരുന്നു. ഈ പ്രസംഗത്തിനു ശേഷം നടന്ന തിരിഞ്ഞെടുപ്പുകളിലാണ് ടോം ട്വിക്കിന്‍ടാങ്ങും ഇപ്പോള്‍ ജെയിംസ് ക്ലവേര്‍ലിയും പുറത്തായിരിക്കുന്നത്. അവസാന റൗണ്ടിലെത്തിയ സ്ഥാനാര്‍ഥികള്‍ക്ക് പാര്‍ട്ടി അംഗങ്ങള്‍ നേരിട്ട് വോട്ടുചെയ്ത് നേതാവിനെ തിരഞ്ഞെടുക്കും പോസ്റ്റല്‍ ബാലറ്റിലൂടെയാകും തിരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ രണ്ടിനാണ് ഫലപ്രഖ്യാപനം.
നാല്‍പത്തിരണ്ടുകാരനായ റോബര്‍ട്ട് ജെനറിക് നാല് പ്രധാനമന്ത്രിമാരോടൊപ്പം മന്ത്രിയായി പ്രവര്‍ത്തിച്ചിച്ചുണ്ട്. തെരേസ മേയ്, ബോറിസ് ജോണ്‍സണ്‍, ലിസ്സ് ട്രസ്സ്, ഋഷി സുനക് എന്നിവരുടെ മന്ത്രിസഭകളില്‍ അംഗമായിരുന്നു ഈ യുവനേതാവ്. 2014 മുതല്‍ തുടര്‍ച്ചയായി പാര്‍ലമെന്റ് അംഗമാണ്. നൈജീരിയന്‍ വംശജയായ കെമി ബാഡ്‌നോക്ക് 2017 മുതല്‍ ഈസ്റ്റ് സസെക്‌സില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ്. ഋഷി സുനക് മന്ത്രിസഭയില്‍ അംഗമായിരുന്നു. 44 വയസുകാരിയായ ഇവര്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ ടോറി പാര്‍ട്ടിയുടെ നേതൃത്വത്തിലെത്തുന്ന ആദ്യത്തെ ആഫ്രിക്കന്‍ വംശജയായ നേതാകും കെമി.