ലണ്ടന്‍: കുറച്ചു നാളായി പലിശനിരക്ക് കുറച്ചതു മൂലം മോര്‍ട്ട്‌ഗേജ് പലിശയില്‍ ഇളവ് വന്നതു വഴി വീട് വില്‍പ്പന തകൃതിയായി നടക്കുകയായിരുന്നു. നിരവധി പേരാണ് പുതുതായി വീട് വാങ്ങാന്‍ രംഗത്ത് എത്തിയത്. എന്നാല്‍ ഈ മേഖലയ്ക്ക് ഉടന്‍ തിരിച്ചടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. കവന്ററി ബില്‍ഡിംഗ് സൊസൈറ്റി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചു. ഇതിനു പുറമെ കീസ്റ്റോണ്‍, ആല്‍ഡെര്‍മോര് എന്നീ ധനകാര്യ സ്ഥാപനങ്ങളും നിരക്ക് വര്‍ദ്ധനവ് പ്രഖ്യാപിച്ചു.
മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വീണ്ടും ഉയരുകയും വീടുകളുടെ വില കൂടുകയും വാടക ചിലവേറിയതും ആയാല്‍ ആദ്യമായി വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് കനത്ത പ്രഹരമായിരിക്കും എന്നാണ് വിലയിരുത്തുന്നത്. വരാനിരിക്കുന്ന ബഡ്ജറ്റിനെ കുറിച്ചുള്ള ആശങ്കയാണ് മൂലമാണ് മോര്‍ട്ട്‌ഗേജ് ഉയര്‍ത്താന്‍ കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. ഒക്ടോബര്‍ 30 ന് ചാന്‍സിലര്‍ ബഡ്ജറ്റ് അവതരിപ്പിക്കുമ്പോള്‍ ഉയര്‍ന്ന കടമെടുപ്പ് ചിലവുകളെ നേരിടണമെങ്കില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്തേണ്ടതായി വരുമെന്ന് ട്രിനിറ്റി ഫിനാന്‍ഷ്യലിന്റെ ബ്രോക്കര്‍ ആരോണ്‍ സ്ട്രട്ട് പറഞ്ഞു. വര്‍ഷാന്ത്യത്തില്‍ ഫിക്സഡ് റേറ്റ് ഡീലുകള്‍ അവസാനിക്കുന്ന ആയിരക്കണക്കിന് ഭവന ഉടമകള്‍ക്ക് ഇത് തിരിച്ചടിയാകും.