Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 16th Oct 2024
 
 
UK Special
  Add your Comment comment
യുകെയിലെങ്ങും ചെകുത്താന്റെ വിരലുകള്‍, ഭയപ്പെടേണ്ടതില്ലെന്ന് അധികൃതര്‍
reporter

ലണ്ടന്‍: ഹൊറര്‍ സിനിമകളില്‍ കണ്ടിട്ടുള്ളതുപോലുള്ള ഒരു സീന്‍ യഥാര്‍ത്ഥത്തില്‍ മുന്നില്‍ കണ്ടാല്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? ഉദാഹരണത്തിന് നിങ്ങള്‍ നടന്നുപോകുന്ന വഴിയില്‍ മണ്ണിനടിയില്‍നിന്ന് രക്തം പുരണ്ട, വികൃതമായ ശവത്തിന്റെ ദുര്‍ഗന്ധമുള്ള നീണ്ട വിരലുകള്‍ കണ്ടാല്‍, ഉറപ്പായും പേടിക്കും, അല്ലേ? പക്ഷെ അങ്ങനെ കണ്ടാലും പേടിക്കരുതെന്ന് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് യുകെ ഭരണകൂടം. യുകെയില്‍ അത്തരമൊരു കാഴ്ച കണ്ടാല്‍ പേടി വേണ്ട, അത് പ്രേതമോ പ്രേതത്തിന്റെ വിരലോ അല്ല, മറിച്ച് അപൂര്‍വ ഇനത്തില്‍പ്പെട്ട ഒരു കൂണ്‍ ആണ്. clathrus archeri (ക്ലാത്‌റസ് ആര്‍ച്ചറി) എന്ന് ശാസ്ത്രീയ നാമമുള്ള ഈ കൂണിന് വികൃതവും വിചിത്രവുമായ വിരലുകളുടെ ആകൃതിയായതിനാല്‍ ഡെവിള്‍സ് ഫിംഗേഴ്‌സ് അഥവാ ചെകുത്താന്റെ വിരലുകള്‍ എന്നാണ് പൊതുവില്‍ അറിയപ്പെടുന്നത്. ഏതാനും ദിവസങ്ങള്‍ക്കുമുമ്പാണ് ഡെവിള്‍സ് ഫിംഗര്‍ വീണ്ടും ചര്‍ച്ചയായി മാറിയത്. ജൂലിയ റോസര്‍ എന്ന 67 കാരി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രങ്ങളെ തുടര്‍ന്നായിരുന്നു ഇത്.

യുകെയിലെ ന്യൂ ഫോറസ്റ്റ് മേഖലയിലൂടെ നടന്നുപോകുന്നതിനിടെയാണ് ജൂലിയ ഈ കൂണുകള്‍ കാണുന്നത്. യുകെയില്‍ അത്ര സാധാരണമായി കാണപ്പെടുന്നവയല്ല ഡെവിള്‍സ് ഫിംഗര്‍ കൂണുകള്‍. പൊതുവെ ഒക്ടോബര്‍ അവസാനത്തോടെ പൊട്ടിമുളയ്ക്കാറുള്ള ഇവ കാലാവസ്ഥ വ്യതിയാനം കാരണമാകാം സെപ്റ്റംബറില്‍ത്തന്നെ ഉണ്ടായതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. മണ്ണിലെ ഈര്‍പ്പം സാധാരണയിലും കൂടുതല്‍ ഉള്ളതായിരിക്കാം ഡെവിള്‍സ് ഫിങ്കറുകള്‍ സെപ്റ്റംബറില്‍ തന്നെ ഉണ്ടാകാന്‍ കാരണം എന്നാണ് നിഗമനം.

ന്യൂസിലന്‍ഡും ഓസ്‌ട്രേലിയയുമാണ് ഈ കൂണുകളുടെ ജന്മദേശം. ഒന്നാംലോക മഹായുദ്ധകാലത്ത് സൈനിക സാമഗ്രികള്‍ക്കൊപ്പം എങ്ങനെയോ കടന്നുകൂടിയാണ് ഈ കൂണുകള്‍ ഫ്രാന്‍സില്‍ എത്തിപ്പെടുന്നത്. 1914 ലാണ് ബ്രിട്ടനില്‍ ഇവയുടെ സാന്നിധ്യം ആദ്യമായി കണ്ടെത്തുന്നത്. ചുവന്ന നിറത്തില്‍ വളഞ്ഞുനീണ്ട ഈ കൂണിന് അഴുകിയ ജഡത്തിന്റെ രൂക്ഷ ഗന്ധവും ഉണ്ട് എന്നതാണ് ആളുകള്‍ ഇതിനെ ഭയക്കാനും തെറ്റിദ്ധരിക്കാനുമുള്ള മുഖ്യ കാരണം. പരാഗണത്തിനുവേണ്ടി പ്രാണികളെ ആകര്‍ഷിക്കാനാണ് ഇവ ദുര്‍ഗന്ധം പുറപ്പെടുവിക്കുന്നത് എന്നാണ് ഗവേഷകര്‍ പറയുന്നത്.

നീരാളികളുടെ കൈകളോടും ഈ കൂണുകളുടെ ആകൃതി ഉപമിക്കപ്പെടാറുള്ളതിനാല്‍ ഒക്ടോപ്പസ് സ്റ്റിങ്ക്‌ഹോണ്‍, ഒക്ടോപ്പസ് ഫംഗസ് എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നുണ്ട്. ജലാറ്റിന്‍ പോലെ തോന്നിപ്പിക്കുന്ന, ഗോള്‍ഫ് പന്തിനോളം വലിപ്പമുള്ള ഒരു ഉരുണ്ട ഭാഗത്തില്‍നിന്നുമാണ് ഇവ മുളച്ച് പുറത്തേക്ക് വരുന്നത്. തണ്ട് ഭാഗത്തിന് അഞ്ച് സെന്റീമീറ്റര്‍ വരെയും വിരലുകള്‍ പോലുള്ള ഭാഗത്തിന് ഏഴ് സെന്റീമീറ്റര്‍ വരെയും നീളം ഉണ്ടാകാറുണ്ട്. നീണ്ട വിരലുകള്‍ പോലെ മിനിമം നാല് ഇതളുകളാണ് ഇവയിലുണ്ടാകുക. മരങ്ങള്‍ നിറഞ്ഞ മേഖലകളില്‍ കൊഴിഞ്ഞു കിടക്കുന്ന ഇലകള്‍ക്കടിയില്‍ നിന്നുമാണ് ഇവ മുളച്ചു പൊങ്ങി വരുന്നത്. ഏതായാലും ഇത്തരം വിരലുകള്‍ വഴിയില്‍ കണ്ടാല്‍ പേടിക്കേണ്ട കാര്യമില്ലെന്നും അവ കൂണുകളാണ് എന്നും ജനങ്ങളോട് യുകെ ഭരണകൂടം പറഞ്ഞിട്ടുണ്ട്.

 
Other News in this category

 
 




 
Close Window