Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 13th Nov 2024
 
 
UK Special
  Add your Comment comment
ഗുരുതര ഭീകരാക്രമണ ഭീഷണിയില്‍ യുകെ, ഇറാനും റഷ്യയും ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്
reporter

ലണ്ടന്‍: നാളിതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സങ്കീര്‍ണമായ ഭീകരാന്തരീക്ഷത്തെയാണ് ഇപ്പോള്‍ യുകെ അഭിമുഖീകരിക്കുന്നതെന്ന് യുകെയുടെ ആഭ്യന്തര സുരക്ഷാസേനാ തലവന്‍ ജനറല്‍ കെന്‍ മക്കല്ലം.യുകെയുടെ ഔദ്യോഗിക ആഭ്യന്തര സെക്യൂരിറ്റി സര്‍വീസ് ആന്‍ഡ് ഇന്റലിജന്‍സ് ഏജന്‍സിയാണ് മിലിറ്ററി ഇന്റലിജന്‍സ് സെക്ഷന്‍ 5 എന്ന എംഐ5. അത്യപൂര്‍വ സാഹചര്യങ്ങളില്‍ മാത്രമേ എംഐ 5 തലവന്‍ മുന്നറിയിപ്പുകള്‍ നല്‍കാറുള്ളു. അതിനാല്‍ എംഐ 5 തലവന്റെ വെളിപ്പെടുത്തലുകളെ വലിയ പ്രാധാന്യത്തോടെയാണ് ലോകം കാണുന്നത്. ലണ്ടനിലെ കൗണ്ടര്‍ ടെററിസം ഓപ്പറേഷന്‍സ് സെന്ററില്‍ (സിടിഒസി) ചൊവ്വാഴ്ച നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തല്‍ നടത്തിയത്.യുകെ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സങ്കീര്‍ണ്ണവും പരസ്പരബന്ധിതവുമായ ഭീകരാന്തന്തരീക്ഷത്തെ അഭിമുഖീകരിക്കുന്നുവെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്. യുകെയുടെ സുരക്ഷയെ തകര്‍ക്കാന്‍ സ്വേച്ഛാധിപത്യ രാഷ്ട്രങ്ങള്‍ നടത്തുന്ന ശ്രമങ്ങളും തീവ്രവാദത്തില്‍ നിന്നുള്ള നിലവിലുള്ള ഭീഷണികളും വര്‍ധിച്ചതായും അദ്ദേഹം വ്യക്തമാക്കി.

യുകെയില്‍ 2017 മാര്‍ച്ച് മുതല്‍ 43വന്‍ ആക്രമണ പദ്ധതികളാണ് അന്ത്യ ഘട്ടത്തില്‍ തടസപ്പെടുത്തി നിരവധി ജീവന്‍ രക്ഷിച്ചതെന്ന് എംഐ 5 മേധാവി പറഞ്ഞു.2022 ന്റെ തുടക്കം മുതല്‍ ബ്രിട്ടനില്‍ ഇറാന്‍ പിന്തുണയുള്ള 20 ഭീകരാക്രമണ പദ്ധതികള്‍ക്ക് എംഐ5 ഉം ബ്രിട്ടീഷ് പോലീസും തടയിട്ടതായി അദ്ദേഹം വ്യക്തമാക്കി. ഈ ഗൂഢാലോചനകളില്‍ 75 ശതമാനവും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ടിരിക്കുന്നു, 25 ശതമാനം തീവ്ര വലതുപക്ഷ ഭീകരതയുമായി ബന്ധപ്പെട്ടതാണ്. തീവ്രവാദ ഭീഷണികള്‍ കണ്ടെത്തുന്നതിനും നേരിടുന്നതിനും സി റ്റി ഒ സിയിലെ യുകെ ഏജന്‍സികളുമായി ചേര്‍ന്ന് ഫൈവ് ഐസ് രാഷ്ട്രങ്ങളുടെ തീവ്രവാദ വിരുദ്ധ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പ്രഖ്യാപിച്ചു, ഭീകരവാദ ഭീഷണിയെയും യുകെ സുരക്ഷയെ തകര്‍ക്കാന്‍ സ്വേച്ഛാധിപത്യ രാജ്യങ്ങള്‍ നടത്തുന്ന ശ്രമങ്ങളെയും ഏറ്റവും സങ്കീര്‍ണ്ണമായ ഭീഷണി പരിസ്ഥിതി' എന്നാണ് അദ്ദേഹം വിളിച്ചത്. ആഭ്യന്തര ഭീകരതയ്ക്കു പുറമേ റഷ്യ, ഇറാന്‍, ചൈന എന്നിവിടങ്ങളില്‍ നിന്നും കടുത്ത സുരക്ഷാഭീഷണി അഭിമുഖീകരിക്കുകയാണ് യുകെ. വഴി മാറിയൊഴുകുന്ന തീവ്രവാദം: കുട്ടികളിലേയ്ക്കും ഇന്റര്‍നെറ്റിലേയ്ക്കും മാറിയ സാഹചര്യത്തില്‍ കുട്ടികളെയും ഇന്റര്‍നെറ്റിനെയും ആശ്രയിച്ചാണ് തീവ്രവാദം അതിന്റെ ചിലന്തി വല നെയ്യുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി.നിലവില്‍ യുവാക്കള്‍ കൂടുതലായി തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളടക്കം തീവ്രവാദത്തിലേയ്ക്ക് ആകര്‍ഷിക്കപ്പെടുന്നു.

ഇതില്‍ വലതു പക്ഷ ഭീകരതയ്ക്കും ഇന്റര്‍നെറ്റില്‍കൂടിയുള്ള വഴി തെറ്റിക്കുന്ന പ്രചരണങ്ങള്‍ക്കും വലിയ പങ്കുണ്ട്. അദ്ദേഹം വെളിപ്പെടുത്തി. എംഐ5 ന്റെ 13 ശതമാനം തീവ്രവാദ അന്വേഷണങ്ങളും എത്തി നില്‍ക്കുന്നത് 18 വയസിനു താഴെയുള്ളവരിലാണ്. യുകെയിലെ വലതുപക്ഷ തീവ്രവാദം സൂക്ഷ്മമായ ഓണ്‍ലൈന്‍ പ്രചരണങ്ങളിലൂടെയാണ് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നത്. സമകാലിക ഭീഷണികളില്‍ ഇന്റര്‍നെറ്റും ഒരു പ്രധാന പങ്ക് വഹിക്കുന്നു.സിനഗോഗ് ആക്രമണ പദ്ധതികള്‍ മുതല്‍ പൊതു പരിപാടികളില്‍ കുത്തേറ്റത് വരെ ഇന്റര്‍നെറ്റ് പ്രചരണത്തിലൂടെ എളുപ്പത്തില്‍ നടപ്പാക്കിയ ആക്രമണ പദ്ധതികളായിരുന്നു.മിഡില്‍ ഈസ്റ്റിലെ സംഭവങ്ങള്‍, പ്രത്യേകിച്ച് ഇസ്രായേലിനെയും ഗാസയെയും ബാധിക്കുന്ന സമീപകാല സംഘര്‍ഷങ്ങള്‍ നിലവില്‍ യുകെയിലും വലിയ ഭീഷണി ഉയര്‍ത്തുന്നു. തിരിച്ചു വരവു നടത്തി അല്‍ഖ്വയ്ദയും ഐസിസും അല്‍-ഖ്വയ്ദയും ഇസ്ലാമിക് സ്റ്റേറ്റും നിലവില്‍ കാര്യമായ അപകടങ്ങള്‍ സൃഷ്ടിക്കുന്നത് തുടരുകയാണ്. രണ്ട് ഗ്രൂപ്പുകളും ഇപ്പോള്‍ തീവ്രവാദം കയറ്റുമതി ചെയ്യാനുള്ള ശ്രമങ്ങളെ പുനരുജ്ജീവിപ്പിക്കുന്നു.

മാര്‍ച്ചില്‍ മോസ്‌കോയിലെ ക്രോക്കസ് സിറ്റി ഹാളില്‍ ISKP (Islamic State - Khorasan Province) നടത്തിയ ആക്രമണം തന്നെ അതിന് ഉദാഹരണം.ഇറാഖിലും സിറിയയിലും ഉടനീളമുള്ള ഐഎസിന്റെ സ്വയം പ്രഖ്യാപിത ഖിലാഫത്തിന്റെ പതനത്തിനു ശേഷം, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, മധ്യേഷ്യ, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവയുള്‍പ്പെടെ ലോകമെമ്പാടും വ്യാപിച്ചിരിക്കുന്ന സെല്ലുകളുള്ള ഒരു ഭീകര ശൃംഖലയായി ഈ സംഘം രൂപാന്തരപ്പെട്ടു. അല്‍ ഖ്വയ്ദ നിലവില്‍ മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം മുതലെടുക്കാന്‍ ശ്രമിക്കുന്നു. അന്താരാഷ്ട്ര ഭീകരതയുമായി റഷ്യയും ഒരു പ്രധാന യൂറോപ്യന്‍ കരയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍, ഭരണകൂട പിന്തുണയുള്ള കൊലപാതകത്തിനും അട്ടിമറി പദ്ധതികള്‍ക്കും ഒപ്പമുള്ളവരെയാണ് തങ്ങള്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്നതെന്ന് റഷ്യയെ പരോക്ഷമായി മക്കല്ലം വിമര്‍ശിച്ചു.യുക്രെയ്‌നിയന്‍ യുദ്ധ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ്, യൂറോപ്യന്‍ തെരുവുകളില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള സുസ്ഥിരമായ ദൗത്യത്തിലാണ് റഷ്യയുടെ GRU രഹസ്യാന്വേഷണ ഏജന്‍സിയെന്നും തീവയ്പ്പും കൂട്ടക്കുരുതിയുമാണ് അവര്‍ ഉന്നം വയ്ക്കുന്നതെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

 
Other News in this category

 
 




 
Close Window