ലണ്ടന്‍: ടോറി പാര്‍ട്ടിയില്‍ കൂടുതല്‍ എംപിമാര്‍ പിന്തുണച്ച സ്ഥാനാര്‍ഥിക്ക് പാര്‍ട്ടി അംഗങ്ങളുടെ പിന്തുണ ലഭിക്കാതെ പോയ ചരിത്രം ആവര്‍ത്തിക്കുമോ? ഇക്കുറിയും ഇതിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ബോറിസ് ജോണ്‍സണ്‍ പാര്‍ട്ടി നേതൃസ്ഥാനം രാജിവച്ചപ്പോള്‍ നേതൃസ്ഥാനത്തേക്ക് മല്‍സരിക്കാനെത്തിയവരില്‍നിന്നും അവസാന റൗണ്ടിലെത്തിയത് ഋഷി സുനകും ലിസ് ട്രസ്സുമായിരുന്നു. ഇവരില്‍തന്നെ കൂടുതല്‍ എംപിമാരുടെ പിന്തുണ ലഭിച്ചത് ബോറിസ് മന്ത്രിസഭയില്‍ ചാന്‍സിലര്‍ കൂടിയായിരുന്ന ഇന്ത്യന്‍ വംശജനായ ഋഷി സുനകിനാണ്. രാജ്യത്തുടനീളം പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടന്ന പ്രചാരണത്തിലും അവസാന റൗണ്ടില്‍ വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന ഓപ്പണ്‍സ്റ്റേജ് ഡിബേറ്റിലും കൂടുതല്‍ പോയിന്റ് നേടി മുന്നിട്ടു നിന്നത് ഋഷി സുനകായിരുന്നു. പക്ഷേ, അംഗങ്ങള്‍ പോസ്റ്റല്‍ ബാലറ്റിലൂടെ രഹസ്യമായി വോട്ടുചെയ്തപ്പോള്‍ ഫലം മറിച്ചായി. ഇന്ത്യന്‍ വംശജനായ ഋഷിക്കു പകരം നേതാവായി തിരഞ്ഞെടുക്കപ്പെട്ടത് ലിസ് ട്രസ്സ്!
പ്രധാനമന്ത്രിയായ ലിസ്സ് കേവലം 47 ദിവസംകൊണ്ട് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തകിടം മറിച്ചതും തുടര്‍ച്ചയായ വിവാദങ്ങളില്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ മൂന്നു മന്ത്രിമാര്‍ രാജിവച്ച് ഒഴിഞ്ഞതും ഒടുവില്‍ ഏറ്റവും കുറച്ചുകാലം ബ്രിട്ടന്‍ ഭരിച്ച പ്രധാനമന്ത്രി എന്ന ഖ്യാതിയുമായി അവര്‍ രാജിവച്ചൊഴിഞ്ഞതും ചരിത്രം. പിന്നീട് എംപിമാര്‍ സാമ്പത്തിക വിദഗ്ധനായ ഋഷി സുനകിനെതന്നെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതരായി. ഇപ്പോള്‍ നേതൃസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ എംപിമാരുടെ പിന്തുല ലഭിച്ചിരിക്കുന്നത് നൈജീരിയന്‍ വംശജയായ കെമി ബാഡ്‌നോക്കിനാണ്. കെമിയേക്കള്‍ ഒരു വോട്ട് കുറവാണ് എതിര്‍ സ്ഥാനാര്‍ഥിയായ റോബര്‍ട്ട് ജെനറിക്കിന്. രഹസ്യബാലറ്റിലെത്തുമ്പോള്‍ കെമിയുടെ നേതൃത്വം അംഗീകരിക്കാന്‍ പാര്‍ട്ടി അംഗങ്ങള്‍ തയാറാകുമോ എന്നാണ് ഇനി അറിയാനുള്ളത്.