ന്യൂഡല്‍ഹി: വിട പറഞ്ഞ ഇന്ത്യന്‍ വ്യവസായി രത്തന്‍ ടാറ്റയ്ക്ക് രാജ്യത്തിന്റെ വിവിധ മേഖലയില്‍ നിന്നുള്ള വ്യവസായ പ്രമുഖര്‍ ആദരമര്‍പ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ കുറിച്ച് ഹിരാനന്ദനി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ നിരഞ്ജന്‍ ഹിരാനന്ദനി പങ്കുവെച്ച അനുഭവവും ശ്രദ്ധേയമാകുകയാണ്. സഹജീവികളോട് അദ്ദേഹം പുലര്‍ത്തുന്ന സഹാനുഭൂതിയാണ് ഇന്ത്യ ടുഡേയ്ക്ക് അദ്ദേഹം മുമ്പ് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയശേഷം അവസാന നിമിഷം രത്തന്‍ ടാറ്റ വേണ്ടെന്ന് വെച്ച ഒരു ലണ്ടന്‍ യാത്രയെ കുറിച്ചാണ് നിരഞ്ജന്‍ പറഞ്ഞത്.
ഒരു അവാര്‍ഡ് വാങ്ങുന്നതിനായാണ് അദ്ദേഹം ലണ്ടനിലേക്ക് പോകാന്‍ തയാറെടുത്തത്. ഏത് അവാര്‍ഡ് ആണെന്ന് ഓര്‍മയില്ല. എന്നാല്‍, എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയശേഷം അവസാന നിമിഷം അദ്ദേഹം ആ യാത്ര വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ഇതോടെ ഞാന്‍ അടക്കമുള്ള സുഹൃത്തുക്കള്‍ പരിഭ്രാന്തരായി, ഞങ്ങള്‍ എല്ലാവരും ആദ്യം ചിന്തിച്ചത് അദ്ദേഹത്തിന് സുഖമില്ലാതായോ എന്നായിരുന്നു. ഞങ്ങള്‍ അന്വേഷിച്ചതും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയായിരുന്നു.
പിന്നീടാണ് ഞങ്ങള്‍ അറിയുന്നത് വളര്‍ത്തുനായയ്ക്ക് സുഖമില്ലാത്തതിനാലാണ് യാത്ര ഉപേക്ഷിച്ചതെന്ന്. നായയെ അതിന്റെ കൂടെ നിന്ന് പരിചരിക്കുകയും തന്റെ കിടക്കയ്ക്ക് സമീപം തന്നെ കിടത്തിയുമാണ് അദ്ദേഹം പരിപാലിച്ചത്. സഹജീവികളോടുള്ള സഹാനുഭൂതിയുടെ ഉദാഹരണമായിരുന്നു അദ്ദേഹം. നമുക്ക് ഓരോരുത്തര്‍ക്കും മാതൃകയാക്കാന്‍ കഴിയുന്ന ലാളിത്യമാണ് അദ്ദേഹത്തിനുള്ളതെന്നും നിരഞ്ജന്‍ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ ഓര്‍മകള്‍ അനശ്വരമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രത്തന്‍ ടാറ്റ ഒരു തികഞ്ഞ നായ പ്രേമിയായിരുന്നു. അതുകൊണ്ടുതന്നെ നായകളെ പരിചരിക്കുന്നതിനായി നിരവധി ഉദ്യമങ്ങളാണ് ടാറ്റ ഗ്രൂപ്പ് നടപ്പാക്കിയിട്ടുള്ളത്. ബോംബെ ഹൗസിന് സമീപത്തുള്ള ടാറ്റ സണ്‍സ് ഗ്ലോബല്‍ ഹെഡ്ക്വാട്ടേഴ്സില്‍ നിരവധി തെരുവ് നായകളെ സംരക്ഷിക്കുന്നുമുണ്ട്. നായകളോടുള്ള സ്നേഹമാണ് രത്തന്‍ ടാറ്റയേയും അദ്ദേഹത്തിന്റെ സഹായിയായ ശാന്തനു നായിഡുവിനെയും അടുപ്പിച്ചത്. തെരുവ് നായകള്‍ക്ക് റിഫ്ളക്റ്റീവ് കോളര്‍ നല്‍കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇവര്‍ പരിചയപ്പെടുന്നത്.
മഹാനായ ഒരു മനുഷ്യന്‍ എന്നാണ് നിരഞ്ജന്‍ രത്തന്‍ ടാറ്റയെ വിശേഷിപ്പിച്ചത്. ഇരുവരും തമ്മിലുള്ള അവസാന കൂടിക്കാഴ്ചയില്‍ അദ്ദേഹം തന്നെ യാത്രയാക്കിയതും നിരഞ്ജന്‍ അനുസ്മരിച്ചു. വളരെ ക്ഷീണിച്ച അവസ്ഥയിലും കാറില്‍ കയറും വരെ അദ്ദേഹം എന്നെ അനുഗമിച്ചു. നിങ്ങള്‍ എന്റെ വളരെ നല്ലൊരു സുഹൃത്താണ്, കാറില്‍ കയറുന്നത് വരെ എനിക്ക് നിങ്ങളോടൊപ്പം സമയം ചിലവഴിക്കണമെന്ന് പറഞ്ഞാണ് രത്തന്‍ ടാറ്റ തന്നെ യാത്രയാക്കാന്‍ വന്നതെന്നും നിരഞ്ജന്‍ ഓര്‍ത്തെടുക്കുന്നു.